ഭാവനയിൽ വിരിയുന്നതും മുന്നിൽ കാണുന്നതുമായ ചിത്രങ്ങൾ പകർത്താൻ ആറ് വയസ്സ്കാരൻ അർജുൻ ബിനീഷിന് ഏറെ സമയം വേണ്ട. വരച്ചുതുടങ്ങിയ പെൻസിൽ ഉയർത്താതെ ഒറ്റയിരിപ്പിൽ ചിത്രം പൂർത്തിയാക്കും ഈ മിടുക്കൻ. മൂന്നര വയസ്സിൽ ക്രയോൺസുകൾകൊണ്ട് കളറിങ്ങ് ബുക്കിൽ കോറിവരച്ചാണ് അർജുൻ ചിത്രരചനയുടെ ലോകത്തേക്ക് പിച്ചവെച്ച് തുടങ്ങുന്നത്. യാതൊരു പരിശീലനങ്ങളുമില്ലാതെയാണ് മനോഹരമായ ചിത്രങ്ങൾ തന്റെ പെൻസിൽ തുമ്പിൽ നിന്ന് വിരിയിച്ചെടുക്കുന്നത് എന്നതാണതിശയം. യൂട്യൂബ് വീഡിയോകളാണ് ചിത്രരചനയിൽ അർജുന്റെ ഗുരു.
വീടും പൂച്ചയും കാറുമൊക്കെ വരച്ച് തുടങ്ങിയ അർജുന് പോട്രേയ്റ്റ് ചിത്രങ്ങൾ, ചുവർചിത്രങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയവ വരക്കാനാണ് ഇപ്പോൾ പ്രിയം.ദുബൈ ജെംസ് ലെഗസി കെ.ജി-2 വിദ്യാർഥിയായ അർജുൻ ഇതുവരെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ജംഗിൾ ഫിയസ്റ്റ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനവും, ദുബൈ ജെംസ് സ്കൂളിൽ നടന്ന സ്റ്റാർലെറ്റ് കാൻവാസ് പെയിന്റിങ് മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് മിടുക്കൻ.
ഒറ്റയടിക്ക് അർജുൻ മനസിൽ കണ്ട ചിത്രം വരച്ചു തീർക്കും എന്നത് അൽഭുതകരം തന്നെയാണ്. എറേസർ ഉപയോഗിക്കാറില്ല. റിയലിസ്റ്റിക് ചിത്രങ്ങൾ വരക്കുന്നതിൽ പ്രത്യേക കഴിവുണ്ട് ഈ ആറുവയസുകാരന്. ചിത്രരചന അർജുനൊരു പാഷനാണ്. 'അർജുൻസ് ഡ്രോയിങ്സ്' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. മൂന്നര വയസ്സ് മുതൽ ചിത്രങ്ങൾ വരച്ച് തുടങ്ങിയെങ്കിലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഒരുവർഷത്തിന് ശേഷമാണെന്ന് അമ്മ ആശ മുരളി പറയുന്നു. പഠനത്തിലും മുൻപിൽ തന്നെയാണ് അർജുൻ.
എല്ലാം നിരീക്ഷിക്കുന്ന പ്രകൃതമാണ് അർജുന്റേത്. ട്രാഫിക് സൈൻ ബോർഡുകൾ മുതൽ റോഡിൽ കാണുന്നതെല്ലാം പേപ്പറിൽ പകർത്തിയിട്ടുണ്ടാകും ഈ കൊച്ചുമിടുക്കൻ. അധ്യാപകരുടെയും പൂർണ്ണ പിന്തുണയും അർജുനുണ്ട്. നൂൺ ഇ-കൊമേഴ്സിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പിതാവ് ബിനീഷ് രാഘവന്റെയും മാതാവ് ആശ മുരളിയുടെയും മൂത്ത മകനാണ് അർജുൻ. 8 മാസം മാത്രം പ്രായമുള്ള അനിയൻ ആര്യനും അടങ്ങുന്നതാണ് കുടുംബം. എറണാംകുളം ജില്ലയിലെ കോതമംഗലം സ്വദേശിയാണ് ബിനീഷ് ബിനീഷ് രാഘവൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.