കോവളം: പഴയ സാരിയും പ്ലാസ്റ്റിക് ചാക്കും മുതൽ സാമ്പ്രാണിത്തിരി വരുന്ന പ്ലാസ്റ്റിക് കവർവരെ ഉപയോഗിച്ച് ബലമുള്ള കയറുകൾ നിർമിച്ച് ശ്രദ്ധനേടുകയാണ് ഈ വയോദമ്പതികൾ. തിരുവല്ലം പുഞ്ചക്കരി കല്ലടി മേലേകളത്തിൽ വീട്ടിൽ ഗോപിനാഥനും (74) ഭാര്യ ശാന്തയുമാണ് (69) വാർധക്യത്തിലും കയറുൽപാദനത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്.
തങ്ങൾ പിരിച്ചുണ്ടാക്കുന്ന കയറിന്റെ ഉറപ്പിനെക്കുറിച്ച് ആരെങ്കിലും സംശയം ഉന്നയിച്ചാൽ ചൂണ്ടിക്കാണിക്കുന്നത് 15 വർഷം മുമ്പ് കിണറിൽനിന്ന് വെള്ളം കോരാൻ സാരിയിൽ നിർമിച്ച കയറാണ്. സംശയം പിന്നെയും അവശേഷിച്ചാൽ ആ കയർ പൊട്ടിക്കുന്നവർക്ക് 500 രൂപ നൽകാമെന്ന വാഗ്ദാനവുമുണ്ട്.
വീട്ടിലേക്ക് ആവശ്യമായ കയർ ഇവർ 15 വർഷമായി പുറത്തുനിന്ന് വാങ്ങാറില്ല. കൂലിവേല ചെയ്ത് കുടുംബം നോക്കിയിരുന്ന ഗോപിനാഥൻ രോഗബാധയെതുടർന്ന് 15 വർഷമായി വീട്ടിൽതന്നെ കഴിച്ചുകൂട്ടുകയാണ്.
വീടിന്റെ മച്ച് മറച്ചിരുന്ന പഴയ സാരിയുടെ അവശേഷിക്കുന്ന ഭാഗം വെറുതെ ഇരിക്കുന്ന സമയം ഗോപിനാഥൻ മുറുക്കി നോക്കിയപ്പോൾ കയറിനോട് സാമ്യം തോന്നി. വെള്ളം കോരാൻ 11 മാർ നീളം കയർ ആവശ്യമുള്ള വീട്ടിലെ കിണറിലും സാരി കൊണ്ടുള്ള കയറാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് ചാക്കിലെ നൂലുകളെടുത്ത് അതുകൊണ്ടും ഗോപിനാഥൻ കയർ ഉണ്ടാക്കുന്നു. പുറത്തുനിന്ന് ആരെങ്കിലും രണ്ടു സാരികൾ കൊണ്ടുവന്നാൽ ഒരു കയർ നിർമിച്ച് നൽകും. ഒന്നിൽ കൂടുതൽ വേണമെങ്കിൽ അതിന് പണം വാങ്ങും. കാരണം അത്രത്തോളം പ്രയത്നിച്ചാണ് ഇത് നിർമിക്കുന്നത്. ഇവർ താമസിക്കുന്ന മൂന്നുമുറി വീടിന്റെ പുനർനിർമാണ പ്രവർത്തനങ്ങളും ദമ്പതികൾ തനിച്ചാണ് നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.