പത്തിരിപ്പാല: നിർമാണ പ്രവർത്തികൾക്കാവശ്യമായ കളിമൺ ആവശ്യത്തിന് ലഭിക്കാത്തതിനാൽ മൺചട്ടി നിർമാണ മേഖല പ്രതിസന്ധിയിൽ. ലക്കിടിപേരൂർ പഞ്ചായത്തിലെ അകലൂർ കോട്ടക്കാട് കുംഭാര തറയിലെ പതിനഞ്ചോളം വരുന്ന കുടുംബാംഗങ്ങളാണ് ഇതോടെ പ്രതിസന്ധികളെ നേരിടുന്നത്. ഉദ്യോഗരുടെ ഒട്ടേറെ നിബന്ധനകൾ തരണം ചെയ്ത് അമിതവില നൽകിയാണ് നിലവിൽ കളിമൺ ഇവിടെ എത്തിക്കുന്നത്.
ഒരു ടിപ്പർ കളി മൺപൊടി മണ്ണിന് 12,000 രൂപ വരെ നൽകണം. വർഷങ്ങൾക്ക് മുമ്പുവരെ സർക്കാറിന്റെ ഇത്തരം കർശന നിബന്ധനകളില്ലായിരുന്നു. അനാവശ്യ നിബന്ധനകൾ കാരണം ഈ മേഖല അന്യംനിന്ന് പോകുന്ന അവസ്ഥയിലാണ്.
തൊഴിലാളികളുടെ മക്കളൊന്നും ഈ മേഖല ഇഷ്ടപ്പെടുന്നില്ലെന്നും സർക്കാരിൽനിന്ന് ഒരു അനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്നും അകലൂർ കൊട്ടക്കാട് മൺചട്ടി തൊഴിലാളി കൂടിയായ ശിവരാമൻ പറയുന്നു.
മുൻ കാലങ്ങളിൽ വടിയിട്ട് കൈ കൊണ്ട് തിരിച്ചാണ് മൺചട്ടി രൂപപ്പെടുത്തിയെടുക്കുന്നത്. എന്നാൽ വൈദ്യുതി ഉപയോഗിച്ചുള്ള യന്ത്രങ്ങൾ കൊണ്ടാണിപ്പോൾ ചട്ടി തയ്യാറാക്കുന്നത്. ഇത്തരം ചട്ടികൾ ചൂടാക്കാവശ്യമായ വിറക്, ചകിരി, വയ്ക്കോൽ എന്നിവക്കും വില കൂടുതലാണ്.
50 മുതൽ 150 രൂപ വരെയുള്ള വിവിധ മൺചട്ടികൾ ഇവിടെയുണ്ട്. 70,000 രൂപക്കുള്ള മൺചട്ടികൾ തന്റെ വീട്ടിൽ തയ്യാറക്കി സൂക്ഷിച്ചുണ്ടെന്ന് ശിവരാമൻ പറയുന്നു. രോഗിയായതിനാൽ തനിക്ക് ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് തൊഴിൽ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഭാര്യ രാധയും കൂടെയുണ്ട്. ഓണത്തിന് മുമ്പ് തന്നെ തയ്യാറാക്കിയ ചട്ടിയെല്ലാം വിറ്റുപോയില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാകും. തൊഴിൽ മേഖല നിലനിർത്താൻ സർക്കാറും പഞ്ചായത്തുകളും അടിയന്തിരമായി ഇടപെട്ട് സഹായം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.