ദമ്മാം: കാൽപന്തിൻ കളിയഴകിന്റെ മനോഹര മുഹൂർത്തങ്ങൾക്ക് സാക്ഷിയായവരുടെ മനസ്സുകളിൽനിന്ന് മാഞ്ഞാലും മറവിയിലാഴ്ത്താൻ അനുവദിക്കാതെ പത്രവാർത്തകളും ചിത്രങ്ങളും വെട്ടിയെടുത്ത് ആൽബമാക്കി സൂക്ഷിക്കുന്നൊരു പ്രവാസി സൗദി അറേബ്യയിലുണ്ട്.
മലപ്പുറം യൂനിവേഴ്സിറ്റി സ്വദേശിയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനുമായ യൂസുഫ് കാക്കഞ്ചേരി. ഫുട്ബാളിനോടുള്ള അടങ്ങാത്ത പ്രണയവും ചരിത്രത്തോടുള്ള കൗതുകവും ഒത്തുകൂടിയപ്പോൾ യൂസുഫ് ശേഖരിച്ചുവെച്ചതെല്ലാം അപൂർവ രേഖകളായി മാറുകയാണ്. കഴിഞ്ഞ വർഷം ഒടുവിൽ ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ലോകകപ്പ് ഫുട്ബാളിൽ കാണികളുടെ കണ്ണും കരളും കവർന്ന മനോഹര നിമിഷങ്ങളെ അതേ ഭംഗിയോടെ ആൽബത്തിൽ അടുക്കിവെച്ചിരിക്കുകയാണ് ഇദ്ദേഹം. കാൽപന്തുകളിയഴകിനെ ചാരുത ചോരാതെ അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ചേർത്തുവെച്ച ‘ഗൾഫ് മാധ്യമ’ത്തിന്റെ വാർത്താശകലങ്ങളും ചിത്രങ്ങളുമാണ് യൂസുഫ് ശേഖരിച്ചിരിക്കുന്നത്.
29 കളിദിവസങ്ങൾ, എട്ടു സ്റ്റേഡിയങ്ങൾ, ലോകരാജ്യങ്ങളെ പ്രതിനിധാനം ചെയ്ത 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ, 12 ലക്ഷം കാണികളും ചേർന്ന ലോക മഹോത്സവത്തിന്റെ ഓരോ മുഹൂർത്തത്തിന്റെയും വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മാധ്യമത്തിന്റെ കളിയെഴുത്തുകാർ വരഞ്ഞിട്ട് വായനക്കാരെ പുളകം കൊള്ളിച്ച കാവ്യസുന്ദരമായ എഴുത്തുകളും ചിത്രങ്ങളുമാണ് യൂസുഫിന്റെ ശേഖരത്തിലുള്ളത്.
ആളുകൾ ഒറ്റദിവസത്തെ വായനകൊണ്ട് അവസാനിപ്പിച്ചവ യൂസുഫ് ഏറെ താൽപര്യപൂർവം വെട്ടിയെടുത്തു സൂക്ഷിച്ച് ഒരു ആൽബം നിർമിക്കുകയായിരുന്നു.
2022 നവംബർ 20ന് ലോകകപ്പ് തുടങ്ങുന്നതിനും 10 ദിവസം മുമ്പ് തന്നെ ‘ഗൾഫ് മാധ്യമ’ത്തിൽ പ്രത്യേക പംക്തി ആരംഭിച്ചിരുന്നു. എൻ.എസ്. നിസാറിന്റെ ‘ദോഹ മജ്ലിസും’ കെ. ഹുബൈബിന്റെ ‘ഖൽബിലത്തറും’ മറ്റു വായനക്കാർക്കെന്നപോലെ യൂസുഫിനും ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു. ഇതെല്ലാം ഒന്നൊഴിയാതെ യൂസുഫിന്റെ ആൽബത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
മനോഹരമായ ഗോൾ പിറന്ന മുഹൂർത്തങ്ങൾ മാധ്യമത്തിന്റെ ഫോട്ടോഗ്രാഫർമാർ കണ്ണിമ ചിമ്മാതെ പകർത്തിയ ചിത്രങ്ങളും ഇതിലുണ്ട്. ‘‘വാർത്തകൾ പലപ്പോഴും നമ്മൾ വായിച്ചു മറക്കും. പക്ഷേ, പലതും സൂക്ഷിച്ചുവെച്ചാൽ അത് അപൂർവ രേഖകളാകും’’ -യൂസുഫ് പറഞ്ഞു. ചെറുപ്പം മുതലേ എഴുത്തിനോടും ഇത്തരം ചരിത്രങ്ങളോടും വല്ലാത്ത കമ്പമായിരുന്നു. 2018ൽ മോസ്കോയിൽ നടന്ന ലോകകപ്പിന്റെ വാർത്തകൾ ശേഖരിച്ചിരുന്നത് അന്ന് മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു.
അന്ന് കിട്ടിയ പ്രോത്സാഹന വാക്കുകൾ വലിയ പ്രചോദനമായി. കാൽപന്തുകളിയോടുള്ള സ്നേഹം അതുമായി ബന്ധപ്പെട്ട വാർത്തകൾ തേടിയെടുത്ത് കാത്തുവെക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.യൂസുഫിന്റെ ശേഖരണത്തിൽ ഫുട്ബാൾ മാത്രമല്ല ലോകത്തിലെ അത്യപൂർവ സംഭവങ്ങളുടെ പേപ്പർ കട്ടിങ്ങുകളും ഉണ്ട്. ഇന്ദിര ഗാന്ധിയുടെ മരണവും സദ്ദാം ഹുസൈന്റെ തൂക്കിക്കൊലയും കേണൽ ഗദ്ദാഫിയുടെ അന്ത്യരംഗവും ഹുസ്നി മുബാറക്കിന്റെ അധികാര നഷ്ടവുമെല്ലാം അതിൽ ചിലത് മാത്രം.
എഴുത്തിനെയും വായനയെയും ഏറെ സ്നേഹിക്കുന്ന യൂസുഫ് ഇന്ത്യൻ എംബസിയിലെ വെൽഫയർ വിങ്ങിൽ കാൽനൂറ്റാണ്ടായി സേവനമനുഷ്ഠിക്കുന്നു. ജോലിയുടെ ഭാഗമായാണെങ്കിലും ഇദ്ദേഹത്തിന്റെ ഇടപെടലുകൾ ആയിരങ്ങളുടെ ജീവിതത്തിലാണ് വെളിച്ചം പകർന്നത്. പി.എസ്.എം.ഒ കോളജിലെ ബിരുദ പഠനത്തിനുശേഷം സൗദിയിലെത്തി ഒരു യൂനിവേഴ്സിറ്റിയിൽ മൂന്നു കൊല്ലം പഠിച്ച് അറബി ഭാഷയിലും ബിരുദം നേടി.
കാൽനൂറ്റാണ്ട് നീളുന്ന പ്രവാസ അനുഭവങ്ങളെ കോർത്തെടുത്ത് ‘പ്രവാസം: ചരിത്രം, വർത്തമാനം’ എന്ന പേരിൽ ഹരിതം ബുക്സ് പ്രസിദ്ധീകരിക്കുന്ന പ്രഥമ പുസ്തകം ഉടൻ പുറത്തിറങ്ങും. ഭാര്യ ഖൗലത്തും മക്കളായ സഹദ്, ഷമീർ, ഫർഹാൻ എന്നിവരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.