ജുബൈൽ: ജുബൈലിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തനരംഗത്ത് നിറഞ്ഞുനിന്ന ഷാജഹാൻ മനേക്കലും ഭാര്യ ഫൗസിയ ഷാജഹാനും നാട്ടിലേക്ക് തിരിച്ചു. 34 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട ഷാജഹാൻ ഇനി ഗുരുവായൂർ പാവറട്ടി പാങ്ങിലെ മനക്കൽ പ്രവർത്തനതട്ടകമാക്കും. ജുബൈൽ തനിമ സാംസ്കാരിക വേദിയുടെ തുടക്കം മുതൽ പ്രവർത്തിക്കുകയും നാലുവർഷത്തോളം സോണൽ പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്ത ശേഷമാണ് നാട്ടിലേക്ക് പോകുന്നത്.
1987ൽ റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ ജീവനക്കാരനായാണ് പ്രവാസത്തിന് തുടക്കം. പിന്നീട് റിയാദിലെതന്നെ ഉഹ്ദ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറി. 1997ൽ ജുബൈൽ ഫാനാതീറിലെ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. 2008ൽ മറാഫിക് പവർ പ്ലാന്റിൽ ജനറൽ മാനേജറുടെ അസിസ്റ്റന്റായും അഡ്മിൻ വിഭാഗം ജീവനക്കാരനായും ജോലി ചെയ്തു.
തനിമ ജുബൈൽ സോണിന്റെ കീഴിലാണ് സാമൂഹിക പ്രവർത്തനരംഗത്തിറങ്ങിയത്. ദീർഘകാലം 'മലർവാടി' ബാലസംഘത്തിന്റെ ചുമതല വഹിച്ചിരുന്നു. പിന്നീട് തനിമയുടെ ജുബൈൽ സോണൽ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ജുബൈൽ വെൽഫെയർ അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്.
ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിലും കോവിഡ് കാലത്തെ ജനസേവന പ്രവർത്തനങ്ങളിലും ഉൾപ്പെടെ നിരവധി സാമൂഹിക പ്രക്രിയകളിൽ നേതൃപരമായ പങ്കുവഹിച്ചു. ജുബൈലിലെ രാഷ്ട്രീയ രംഗത്തെയടക്കം വലിയൊരു സുഹൃത്ത് വലയം ഷാജഹാനുണ്ട്. തനിമയുടെ വനിത വിഭാഗം സോണൽ പ്രസിഡന്റ് ആയിരുന്നു ഫൗസിയ ഷാജഹാൻ. ജനസേവന മേഖലയിലടക്കം തനിമയുടെ നിരവധി ഘടകങ്ങളിൽ നേതൃപദവി വഹിച്ചിട്ടുണ്ട്. മക്കൾ: ഷഹനാസ്, അബ്ദുറഹ്മാൻ, ഫഹ്മിയ. മരുമകൻ: നിഷാം (അബൂദബി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.