കാലം അങ്ങനെയാണ്, നിനച്ചിരിക്കാതെ ചില ഉത്തരവാദിത്തങ്ങൾ അടിച്ചേൽപിക്കും. അറിയാതെ അതൊരു ലഹരിപോലെ ചിലർ കൊണ്ടുനടക്കും. അത്തരമൊരു വഴിയെ സഞ്ചരിക്കുന്ന മനുഷ്യനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ചരിത്രാന്വേഷണത്തിന്റെ വഴിയിൽ തളച്ചിടപ്പെട്ട ഒരാൾ. അതാണിപ്പോൾ പി. ഹരീന്ദ്രനാഥ്. വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസിൽ നിന്നും റിട്ടയർചെയ്ത അധ്യാപകൻ.
കഴിഞ്ഞ 14 വർഷമായി ചരിത്ര വായനയിലാണ്. വെറും വായനയല്ല. കൃത്യമായ പഠനം. ഒരുപക്ഷേ ചരിത്ര വായന, ഈ കെട്ടകാലത്ത് രാഷ്ട്രീയ പ്രവർത്തനമാണെന്ന ബോധ്യത്തോടെയുള്ള സഞ്ചാരം. 2009 മുതലുള്ള ചരിത്ര പഠനത്തിെൻറ സാക്ഷ്യപത്രമാണ് ‘ഇന്ത്യ ഇരുളും വെളിച്ചവും’ എന്ന ഗ്രന്ഥം. അത്, 2014ല്‍ പുറത്തിറക്കി. ഇതിനകം നിരവധി അംഗീകാരങ്ങള്‍ ആ പുസ്തകത്തെ തേടിയെത്തി.
ഈ പഠനത്തിനിടയിലാണ് ഗാന്ധിജിയെ കൂടുതൽ അറിയുന്നത്. അന്നേ മനസ്സിൽ കുറിച്ചു ഗാന്ധിയൻ വായന അനിവാര്യമാണെന്ന്. 2018 മുതല്‍, ഇക്കഴിഞ്ഞ അഞ്ചു വർഷം ഗാന്ധിജിയുടെ പിന്നാലെയായി. ഇപ്പോഴിതാ, അത് ഗാന്ധിജിയുടെ ജനനം മുതല്‍ 1915 വരെയുള്ള 46 വര്‍ഷത്തെ ഗാന്ധിജിയുടെ ജീവിതം പറയുന്ന ‘മഹാത്മാ ഗാന്ധി: കാലവും കർമപർവവും 1869-1915’ എന്ന 420 പേജുള്ള പുസ്തകരൂപം കൈവരിച്ചിരിക്കുകയാണ്. തെൻറ ചരിത്രാന്വേഷണത്തെ കുറിച്ച് പറയുേമ്പാൾ ആയിരം നാവാണ് ഹരീന്ദ്രനാഥിന്. തെൻറ അന്വേഷണ വഴികളെക്കുറിച്ച് മനസ്സ് തുറക്കുകയാണിവിടെ.
പുലര്‍ച്ച 3.30 മുതല്‍ തുടങ്ങും വായനയും എഴുത്തും. എഴുത്ത് ഏറെയും ചരിത്രരേഖകളിലൂന്നിയാണ്. ‘മഹാത്മാ ഗാന്ധി: കാലവും കർമപർവവും’ എന്ന പുതിയ പുസ്തകം ഗാന്ധിജിയുടെ നാലരപ്പതിറ്റാണ്ട് കാലത്തെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. ബാരിസ്റ്റർ എം.കെ. ഗാന്ധിയിൽനിന്ന് മഹാത്മാ ഗാന്ധിയിലേക്കുള്ള പരിണാമപ്രക്രിയയുടെ യഥാർഥ ഭൂമിക അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കൻ ജീവിതകാലമാണ്.
‘ഇന്ത്യ: ഇരുളും വെളിച്ചവും’ എന്ന പുസ്തകത്തിൽ സ്വാതന്ത്ര്യസമര ചരിത്രമാണുളളത്. ദേശീയ പ്രസ്ഥാനവും നവോത്ഥാനയത്നങ്ങളും നമ്മുടെ രാജ്യത്തെ മനുഷ്യവിമോചനത്തിന്റെ വലിയ ചുവടുവെപ്പുകളായിരുന്നു. ഇവ സാധ്യമാക്കിയ സമത്വബോധവും സംവാദാന്തരീക്ഷവും സർഗാത്മകതയും മാനവികതയും ഇന്ന് നമുക്ക് പതുക്കെ നഷ്ടപ്പെടുകയാണ്.
സ്വാതന്ത്ര്യസമര നന്മകളുടെയും നവോത്ഥാന മൂല്യങ്ങളുടെയും കനലുകളെ കെടാതെ സൂക്ഷിക്കുക എന്നതാണ് നമ്മുടെ കടമയും കർത്തവ്യവും. ഈ ബോധ്യത്തിൽനിന്നാണീ പ്രയത്നങ്ങളത്രയും.
ചരിത്രം ഭൂതകാലത്തിന്റെ നാൾ വിവരക്കണക്കല്ല; അനുഭവങ്ങളുടെ വ്യാഖ്യാനമാണ്. വ്യാഖ്യാനങ്ങളിലൂടെ ഊറിക്കൂടുന്ന പ്രതിസന്ധികൾ മറികടക്കാനും ജീവിതത്തെ പുതുക്കിപ്പണിയാനുമുള്ള ആയുധങ്ങൾക്കായുള്ള അന്വേഷണമാണ് ചരിത്രപഠനം. നിലനിൽപിനും അതിജീവനത്തിനുമുള്ള ഊർജസ്രോതസ്സ് കൂടിയാണെന്ന് ഞാൻ കരുതുന്നു.
ഇന്ന് ഏറ്റവുമധികം തമസ്കരണത്തിനും വളച്ചൊടിക്കലിനും ദുർവ്യാഖ്യാനങ്ങൾക്കും വിധേയമാകുന്നത് നമ്മുടെ ദേശീയപ്രസ്ഥാനവും ദേശീയത എന്ന സങ്കൽപവും ഒപ്പം, മഹാത്മാ ഗാന്ധിയെപ്പോലുള്ള നേതാക്കളുടെ സംഭാവനകളുമാണ്.
നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ മനസ്സിലേക്ക് വികലമായ ചരിത്രസങ്കൽപങ്ങൾ ബോധപൂർവം അടിച്ചേൽപിക്കപ്പെടുകയാണ്. യഥാർഥ ചരിത്രം കഥയായി, പുരാവൃത്തമായി, ഐതിഹ്യമായി തിരുത്തിയെഴുതപ്പെടുകയാണ്. ഇതിനെതിരെയുള്ള വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ ഇടപെടലുകളാണ് കാലം ആവശ്യപ്പെടുന്നത്.
വളരെ ആസൂത്രിതവും തന്ത്രപരവുമായ നീക്കങ്ങളിലൂടെ നമ്മുടെ രാജ്യത്തെ, ജനാധിപത്യത്തിന്റെ മറ ഉപയോഗിച്ച് ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തിപ്രാപിക്കുകയാണ്. സംവാദങ്ങൾക്ക് ഇടമില്ലാത്ത ഒരു അടഞ്ഞ ലോകത്തിലാണ് മതമൗലികവാദികളുടെ അതിജീവനം.
എല്ലാ മതവിശ്വാസികൾക്കും ഒരുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുള്ള ബഹുസ്വരസമൂഹമായിരുന്നു നമ്മുടേത്. ഗാന്ധിജിയെപ്പോലുള്ള നേതാക്കളുടെ സ്വപ്നവും അതായിരുന്നു. ജാതിവിരുദ്ധവും മതനിരപേക്ഷവുമാവുക എന്നതാണ് ഇന്ത്യയിലെ പൗരസമൂഹനിർമിതിയുടെ ആദ്യപാഠം. പക്ഷേ, നാമിന്ന് അപകടംപിടിച്ച ഒരിടത്താണ്. ഇവിടെയാണ് ചരിത്രത്തിന്റെ പുനർവായന അനിവാര്യമായിരിക്കുന്നത്.
ഗാന്ധിജി ഇന്ന് നാം നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും ഒറ്റമൂലിയല്ല. ഗാന്ധിജിയിൽ തെറ്റുകളുണ്ട്. വീഴ്ചകളുണ്ട്, പാളിച്ചകളുണ്ട്. അദ്ദേഹം ഒരു ദൈവമല്ല. സാധാരണ മനുഷ്യൻ മാത്രമാണ്. മഹാത്മാ ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവന ഇന്ത്യയെ ഒരു ആധുനിക മതനിരപേക്ഷ രാജ്യമാക്കി വളർത്തിയെടുത്തു എന്നതാണ്.
വംശം, ജാതി, മതം, ദേശം, ഭാഷ അവയെത്തന്നെ വിച്ഛേദിച്ചുനിൽക്കുന്ന നാട്ടുരാജ്യങ്ങൾ. നെടുകെയും കുറുകെയും നിരവധി സ്വത്വങ്ങളായി ചിതറിനിന്നിരുന്ന ഇന്ത്യയെ മതനിരപേക്ഷ ദേശീയതയുടെ ചരടിൽ കോർത്തെടുത്ത ഗാന്ധിയൻ മാജിക് ഇന്ന് എല്ലാ അർഥത്തിലും പ്രസക്തമായി മാറുകയാണ്. സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തെ അദ്ദേഹം ഉറങ്ങിക്കിടന്ന ഗ്രാമങ്ങളിലേക്കെത്തിച്ചു.
ദരിദ്രരെയും കൈവേലക്കാരെയും കർഷകത്തൊഴിലാളികളെയും സ്ത്രീകളെയും കുട്ടികളെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ജനകീയ സമരങ്ങളിൽ ഗാന്ധിജി സമർഥമായി സമന്വയിപ്പിച്ചു. അദ്ദേഹം എല്ലാ വിഭാഗീയതകൾക്കുമെതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.
ഗാന്ധിജിയുടെ അവസാനത്തെ ഉപവാസം 1948 ജനുവരി 18നാണ് അവസാനിപ്പിക്കുന്നത്. ഉപവാസം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളിവയാണ്, ‘ഇന്ത്യ ഹിന്ദുക്കളുടേതു മാത്രവും പാകിസ്താൻ മുസ്ലിംകളുടേത് മാത്രവുമാണെന്ന് ആരും കരുതരുത്’.
ഗാന്ധിജിയെ വിമർശിക്കുക എളുപ്പമാണ്, പഠിക്കുക ദുഷ്കരവും. അദ്ദേഹം ഏതെങ്കിലുമൊരു വ്യക്തിയുടെ പാരമ്പര്യമല്ല, മറിച്ച് മനുഷ്യ സംസ്കൃതിയുടെ പാരമ്പര്യമാണ് സ്വാംശീകരിച്ചതെന്ന് പറയേണ്ടിവരും. അദ്ദേഹം ആരെയും ഗുരുവായി അംഗീകരിച്ചില്ല.
ഗാന്ധിജിയുടെ വേരുകൾ കിടക്കുന്നത് സത്യത്തെയും അഹിംസയെയും ആധാരമാക്കിയാണ്. ശുദ്ധമായ ജനസേവനത്തിലാണ് രാഷ്ട്രീയം കുടികൊള്ളുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു. നേതാവിന്റെ കഷ്ട സഹനത്തിലൂടെയാണ് സമൂഹത്തിന്റെ ആത്മാവ് ജാഗ്രത്താകുന്നത്.
ഗാന്ധിജി ജീവിച്ചതും പ്രവർത്തിച്ചതും എഴുതിയതും പറഞ്ഞതും ബുദ്ധിജീവികൾക്കു വേണ്ടിയായിരുന്നില്ല. ജനങ്ങളുടെ ദുഃഖങ്ങളെയും ദുരിതങ്ങളെയും തിരിച്ചറിഞ്ഞ് അവരെ സേവിക്കലായിരുന്നു ഗാന്ധിജിക്ക് മോക്ഷവും ദൈവദർശനവും. ഗാന്ധിജിയുടെ അർധനഗ്നമായ ഉടൽ ഇല്ലാത്തവരുടെയും നിരാലംബരുടെയും പ്രതീക്ഷയുടെ പ്രതീകമാണ്. കുപ്പായമിടാത്ത ഗാന്ധി ഇന്ത്യയിലെ ദാരിദ്ര്യത്തെ പ്രതീകവത്കരിക്കുകയായിരുന്നു.
ഈ ഗ്രന്ഥത്തിന് ‘സത്യാന്വേഷിയുടെ പരീക്ഷണഭൂമികൾ’ എന്നപേരിൽ കെ. അരവിന്ദാക്ഷൻ അവതാരികയിൽ ഇങ്ങനെ എഴുതുന്നു. ‘ഹിന്ദുത്വ വർഗീയവിഷം ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന ഭീകരകാലത്താണ് എന്റെ ആത്മമിത്രമായ പി. ഹരീന്ദ്രനാഥിന്റെ ‘മഹാത്മാ ഗാന്ധി: കാലവും കർമപർവവും 1869-1915’ എന്നപുസ്തകം പുറത്തിറങ്ങുന്നത്.
ഇത് ആകസ്മികമല്ല. നമ്മുടെ കാലം ആവശ്യപ്പെടുന്ന ഒരു പ്രതിരോധധാരയാണ്. ഇത്രയും സൂക്ഷ്മവും ആഴമേറിയതും ചരിത്രരേഖകളിലൂന്നിയിട്ടുള്ളതുമായ ഗാന്ധിയുടെ ജീവചരിത്രം മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ല’. ഹരീന്ദ്രനാഥിന്റെ ചരിത്രാന്വേഷണത്തിനുള്ള അംഗീകാരം ഇവിടെ തുടങ്ങുകയാണ്.
പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഹരീന്ദ്രനാഥിന്റെ പിതാവ് വടക്കൻ പാട്ടുകളുടെ സമ്പാദകനും കേരള സംഗീതനാടക അക്കാദമി വൈസ് ചെയർമാനുമായിരുന്ന എം.സി. അപ്പുണ്ണി നമ്പ്യാരുടെ പേരിലുള്ള ട്രസ്റ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.