ക​താ​റ ട്വി​ൻ ട​വ​ർ, ലു​സൈ​ൽ സ്റ്റേ​ഡി​യം, സി​ഗ്സാ​ഗ് ട​വ​ർ

ഖത്തറിന്‍റെ അടയാളങ്ങൾ ചിത്രങ്ങളാക്കി ഹെൻസാബിന്‍റെ കാൻവാസ്

ദോഹ: രാജ്യത്തെ ജനപ്രിയ മേഖലകളെയും അതിശയിപ്പിക്കുന്ന കെട്ടിടങ്ങളെയും രസകരമായ കലാസൃഷ്ടികൾക്കുള്ളിലാക്കി പുനർ നിർമിച്ചിരിക്കുകയാണ് ഖത്തരി കലാകാരനായ ജാബിർ അൽ ഹെൻസാബ്. ജാബിർ അൽ ഹൻസാബിന് മുന്നിൽ ഖത്തറിലെ കെട്ടിടങ്ങളെല്ലാം കലാസൃഷ്ടികളായി കീഴടങ്ങും. ഹൻസാബിന് വഴങ്ങാത്ത ഒരു കെട്ടിടവും ഖത്തറിലില്ലെന്ന് പറയാം. സിഗ്സാഗ് ടവർ മുതൽ ലുസൈലിലെ പ്രസിദ്ധമായ ക്രസൻറ് ടവർ വരെ എത്തി നിൽക്കുന്നു.

സിഗ്സാഗ് ടവർ ഒരു ഭീമൻ സൂപ്പർമാൻ ലോഗോ ആയി രൂപാന്തരപ്പെട്ടപ്പോൾ, ആരാധകരുടെ പ്രിയപ്പെട്ട ലുസൈൽ സ്റ്റേഡിയത്തെ കാപ്പിപൊടിക്കുന്ന ഉരലായി ചിത്രീകരിച്ചിരിക്കുന്നു. സ്പൈഡർമാന്റെ കണ്ണാടിക്കായി 5/6 ഇൻറർചെയ്ഞ്ചിലെ കൂറ്റൻ കമാനം തലതിരിഞ്ഞപ്പോൾ ഈ വർഷത്തെ ബാലൺ ഡിഓർ ജേതാവായ കരീം ബെൻസേമക്കായി വഴിമാറിയത് ലുസൈലിലെ ക്രസൻറ് ടവർ. തന്റെ കലാസൃഷ്ടികളിൽ ഭൂരിഭാഗവും ഖത്തറിലെ ആളുകൾ നിത്യേനയെത്തുന്ന ലാൻഡ്മാർക്കുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടവയാണെന്ന് ഹെൻസാബ് പറഞ്ഞു.

വിവിധ കോണുകളിൽനിന്നും പകർത്തിയ ഫോട്ടോയിൽനിന്നാണ് അദ്ദേഹത്തിന്റെ കലാവിരുത് ആരംഭിക്കുന്നത്. ദിനേന കടന്നുപോകുന്ന ലാൻഡ്മാർക്കുകളാണ് എന്റെ സൃഷ്ടികളിലധികമെന്നും ക്രിയേറ്റിവ് ടച്ച് ഉപയോഗിച്ച് ആ കെട്ടിടത്തിന് പുതിയ കഥയും കാഴ്ചപ്പാടും സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അത് ആളുകൾക്ക് തങ്ങളുടെ ചുറ്റുമുള്ള ലോകത്തേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ േപ്രാത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ഐ​ക്ക​ണി​ക് കെ​ട്ടി​ടം

പെൻസിൽ, അക്രിലിക്, സ്േപ്ര പെയിൻറ് തുടങ്ങി വിവിധ ഉപകരണങ്ങളിൽ 35കാരനായ ഹെൻസാബ് പ്രാവീണ്യം നേടിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ തുടക്കത്തിലാണ് ഡിജിറ്റൽ കലാരംഗത്തേക്ക് അദ്ദേഹം രംഗപ്രവേശംചെയ്തത്. ഇതിലൂടെ ഒറ്റക്ലിക്കിൽ സൃഷ്ടികൾ കൂടുതൽ േപ്രക്ഷകരുമായി പങ്കുവെക്കാൻ സാധിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ചും ഇൻസ്റ്റഗ്രാമിലാണ് സൃഷ്ടികൾ അധികവും ഈ കലാകാരൻ പങ്കുവെക്കുന്നത്. കെട്ടിടത്തിന്റെയോ ലാൻഡ്മാർക്കുകളുടെയോ ആദ്യ രൂപവും പിന്നീടുള്ള രൂപവും അദ്ദേഹം പങ്കുവെക്കും. നിലവിൽ 11,000ത്തിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഇൻസ്റ്റയിലുള്ളത്.

നേരത്തേ ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തിനെതിരെ ഡിജിറ്റൽ പെയിൻറിങ് നടത്തി ശ്രദ്ധനേടിയ വ്യക്തികൂടിയാണ് ഹെൻസാബ്. അൽ അഖ്സ പള്ളിയെ മാറോടണച്ചുപിടിക്കുന്ന ചെറിയ പെൺകുട്ടിയുടെ ചിത്രവും ബോംബിങ്ങിൽ ഉയർന്നു പൊങ്ങുന്ന പുകച്ചുരുളിൽ പ്രിയപ്പെട്ട കളിപ്പാട്ടം അണച്ചു പിടിച്ച പെൺകുട്ടിയുടെ ചിത്രവും അന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. 

Tags:    
News Summary - Henzab's canvas of Qatar's symbols

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.