ലോകകപ്പിനായി തിരഞ്ഞെടുക്കപ്പെട്ട 20,000 വളന്റിയർമാരിൽ ഒരാളായിരുന്നു ഞാനും. അറബ് മണ്ണിലെത്തുന്ന ആദ്യ ലോകകപ്പിന്റെ സേവനത്തിൽ ഭാഗമാവുന്നതിന് ഒരുങ്ങുന്നതിനിടയിലാണ് ഉദ്ഘാടന ചടങ്ങിൽ കലാപ്രകടനം നടത്തുന്ന പെർഫോമേഴ്സ് ടീമിൽ അംഗമാവാൻ സന്നദ്ധനാണോ എന്ന് ചോദിച്ചുകൊണ്ട് മെയിൽ വരുന്നത്.
യെസ്.. എന്ന് മറുപടിയും നൽകി ഒക്ടോബറിൽ നടന്ന ഓഡിഷനിൽ പങ്കെടുത്തു. നവംബർ 20ന് അൽ ബെയ്ത് സ്റ്റേഡിയം വേദിയായ ഉദ്ഘാടന ചടങ്ങിൽ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർക്കുമുമ്പാകെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള സംഘത്തിൽ ഇടം പിടിച്ചതന്റെ ത്രില്ലിലായിരുന്നു ഞാൻ ഉൾപ്പെടെയുള്ള ടീം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പേരിൽ ഞങ്ങൾ ഒമ്പതുപേർ മലയാളികൾ. ഉദ്ഘാടന ചടങ്ങിൽ ബി.ടി.എസ് സംഘാംഗം ജങ്കൂകും ടീമും ഗാനവുമായെത്തുമ്പോൾ നൃത്തം അവതരിപ്പിക്കുന്ന ടീമിലായിരുന്നു ഞങ്ങൾ. ജീവിതത്തിൽ ഏറ്റവും സുപ്രധാന മുഹൂർത്തമായിരുന്നു അത്.
ആഴ്ചകൾക്കുമുമ്പേ ഒരുക്കം തുടങ്ങി. നവംബർ ആദ്യവാരം തന്നെ റിഹേഴ്സൽ ആരംഭിച്ചു. ദിവസവും ആറും ഏഴും മണിക്കൂർ നീണ്ട തയാറെടുപ്പിനൊടുവിലായിരുന്നു ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി ഒരുങ്ങിയത്. ബ്രസീലിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രഫഷനൽ സംഘമായിരുന്നു ഞങ്ങളുടെ ടീമിനെ നയിച്ചത്. അവരുടെ പരിശീലനം ലോകകപ്പ് ഉദ്ഘാടന ചടങ്ങിലെ സുപ്രധാന നിമിഷത്തിലേക്ക് ഞങ്ങളെയും സജ്ജമാക്കി. നവംബർ 20ന് രാവിലെയും പരിശീലനം കഴിഞ്ഞ ശേഷമാണ് വൈകീട്ട് അൽ ബെയ്തിലെ വേദിയിൽ പരിപാടി അവതരിപ്പിച്ചത്.
ജീവിതത്തിൽ ഒരിക്കൽപോലും സ്വപ്നം കാണാൻ കഴിയാത്ത അനുഭവമായി അത്. രാഷ്ട്ര നേതാക്കളും ഇതിഹാസ താരങ്ങളും ലോകമെങ്ങുമുള്ള ശതകോടി കാണികളും സാക്ഷിയായിനിൽക്കെ ഉദ്ഘാടന ചടങ്ങിൽ പെർഫോം ചെയ്ത ടീമിൽ ഞാനും ഭാഗമായിരുന്നുവെന്ന് പറയാൻ അഭിമാനം. വിജയകരമായ ഈ ദൗത്യത്തിനു പിന്നാലെ, ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിലും നൃത്തസംഘത്തിന്റെ ഭാഗമായിരുന്നു.
പത്തു ദിവസത്തോളം നീണ്ട പരിശീലനത്തിനു ശേഷമായിരുന്നു ഇതിൽ ഭാഗമായത്. ലോകകപ്പ് വളന്റിയർഷിപ്പിൽ സാധാരണ എട്ടു ദിവസമാണ് ഡ്യൂട്ടിയെങ്കിലും ഞങ്ങളുടെ ടീം റിഹേഴ്സലും മറ്റുമായി 23 ദിവസത്തോളം ഡ്യൂട്ടിയിലുണ്ടായിരുന്നു. ഒന്നര വർഷമായി ഖത്തറിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. അതിനിടയിലായിരുന്നു ലോകകപ്പിന്റെ ഭാഗമായത്.
നേരത്തെ നാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഡാൻസും മറ്റുമായി പരിപാടി അവതരിപ്പിച്ചതല്ലാതെ, ഒരു പ്രഫഷനൽ പരിചയവുമില്ലാതെയായിരുന്നു ലോകകപ്പ് പോലൊരു വമ്പൻ മേളയിൽ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയത്. കളി കഴിഞ്ഞ് എല്ലാവരും മടങ്ങുമ്പോൾ ഓർമയിൽ എന്നും സൂക്ഷിക്കാനുള്ള നിമിഷമായി ഈ അനുഭവങ്ങൾ. കൊച്ചി ചുള്ളിക്കലാണ് സ്വദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.