ജിദ്ദ: നിറക്കൂട്ടുകളിൽ മുക്കിയ വിരലുകൾകൊണ്ട് 20,000 മുദ്ര ചാർത്തിയൊരുക്കിയ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഛായാചിത്രം വിസ്മയമാകുന്നു. ജിദ്ദയിലെ സൂപ്പർ ഡോമിൽ നടന്ന ഹജ്ജ് എക്സ്പോ നഗരിയിൽ മുഹമ്മദ് ബാ ജുബൈർ എന്ന സൗദി ചിത്രകാരൻ വരച്ചതാണ് ചിത്രം. പ്രമുഖ സൗദി ഗായകൻ റാഷിദ് അൽമജീദ് ആലപിച്ച ദേശഭക്തിഗാനം ‘ആഷ്കീനക്കി’ന്റെ ഈരടികളും ഹജ്ജ് എക്സ്പോയിലെ സന്ദർശകരുടെ 20,000 വിരലടയാളങ്ങളും സമന്വയിപ്പിച്ചാണ് കിരീടാവകാശിയുടെ ഛായാചിത്രം മുഹമ്മദ് ബാ ജുബൈർ വരച്ചത്.
10 മണിക്കൂർകൊണ്ടാണ് തനിക്ക് ഈ ചിത്രം വരക്കാൻ സാധിച്ചതെന്ന് ബാ ജുബൈർ ‘അൽഅറബിയ’ചാനലിനോട് പറഞ്ഞു. ലളിതമാതൃകയും കിരീടാവകാശിയോടുള്ള സൗദികളുടെ സ്നേഹത്തിന്റെ സാക്ഷ്യവുമാകാനാണ് ഈ രീതി അവലംബിച്ചത്. രണ്ടു വർഷത്തിലേറെയായി മനസ്സിൽ ഇങ്ങനെയൊരു പെയിൻറിങ് ആശയം മുളപൊട്ടിയിട്ട്. ഹജ്ജ് എക്സ്പോയിൽതന്നെ ഇത് ചെയ്യണമെന്ന ആഗ്രഹവുമുണ്ടായി. ചിത്രം പൂർത്തിയാക്കി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് സമ്മാനിക്കണമെന്നും ആഗ്രഹിച്ചു. അത് സഫലമായെന്ന് ബാ ജുബൈർ പറഞ്ഞു.
ചിത്രകലയെയും അറബി കാലിഗ്രഫിയെയും ബന്ധിപ്പിച്ച് ആഴത്തിലുള്ള സന്ദേശം ഉൾക്കൊള്ളുന്ന പുതിയൊരു കലാപരമായ ആശയം സൃഷ്ടിക്കാനുള്ള താൽപര്യം ബാ ജുബൈർ സൂചിപ്പിച്ചു. ഹജ്ജ്, ഉംറ സേവന സമ്മേളനത്തിന്റെയും എക്സ്പോയുടെയും സമാപനത്തിൽ ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത് വിരലടയാളം പതിച്ച് കിരീടാവകാശിയുടെ ചിത്രം വരക്കുന്നതിൽ പങ്കാളിയായി. പ്രദർശനം കാണാനെത്തിയ നിരവധി സന്ദർശകർ ചിത്രത്തിലെ വിരലടയാളത്തിലൂടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടുള്ള സ്നേഹവും മതിപ്പും അഭിനന്ദനവും പ്രകടിപ്പിച്ചുവെന്നും ബാ ജുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.