മുംബൈ: ഇന്നും മുറിവുണങ്ങാത്തൊരു പൂർവകാലമുണ്ട് ഇന്ത്യൻ സിനിമയിലെ ‘ഡിസ്കോ കിങ്’ ആയ മിഥുൻ ചക്രവർത്തിക്ക്. ഇന്ത്യൻ സിനിമ ലോകത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽകെ അവർഡ് നേടുമ്പോഴും ആ കാലമേൽപിച്ച നീറ്റലെരിയുന്നുണ്ട് അദ്ദേഹത്തിന്റെ ഉള്ളിൽ. 1950 ജൂൺ 16ന് കൽക്കത്തയിലായിരുന്നു ജനനം. രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥിയുമാണ്.
’80കളിൽ നായകനായി തകർത്താടി നേടിയ താരപരിവേഷത്തിൽ അഭിരമിക്കുന്നില്ല അദ്ദേഹം. ഓരോ നേട്ടങ്ങളും കൈയെത്തുമ്പോൾ പൂർവകാലം ഉള്ളിൽ ഇരമ്പിയാർക്കും. ഹിറ്റ് സിനിമകൾ കൊണ്ടല്ല താനൊരു ഇതിഹാസമാകുന്നത്, എല്ലാ വേദനകളെയും പ്രതിസന്ധികളെയും അതിജയിച്ചതിനാലാണെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതകഥ മറ്റൊരാളെ മാനസികമായി തകർക്കുകയല്ലാതെ പ്രചോദിപ്പിക്കുകയില്ല എന്നതിനാൽ ആത്മകഥ സിനിമയാക്കുന്നതിൽ താൽപര്യമില്ലെന്ന് മുമ്പേ പ്രഖ്യാപിച്ചു. തൊലി നിറം ഏറെ കരയിപ്പിച്ച ദിനങ്ങൾ പൂർവകാലത്തുണ്ട്. അനാദരവുകൾ നേരിട്ടു. അടുത്ത നേരത്തെ ഭക്ഷണത്തെ ചൊല്ലി ആശങ്കപ്പെട്ടും ഉറങ്ങാനിടമില്ലാതെ തെരുവിൽ കരഞ്ഞുറങ്ങിപ്പോയും ഒരു ഭൂതകാലം. പൊരുതിയാണ് ബോളിവുഡിൽ കഴിവു തെളിയിച്ചതെന്നും അദ്ദേഹം പറയുന്നു.
ഇടക്ക് നക്സൽ ജീവിതവുമുണ്ടായിരുന്നു മിഥുൻ ദാക്ക്. 1976ൽ മൃണാൾ സെന്നിന്റെ മൃഗയയിലൂടെയാണ് ഗൗരംഗ ചക്രവർത്തി എന്ന മിഥുൻ ചക്രവർത്തി വെള്ളിത്തിരയിൽ നായകനായി ജനഹൃദയം കവർന്നുതുടങ്ങിയത്. ആദ്യ സിനിമയിൽത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും തേടിയെത്തി. ഡിസ്കോ ഡാൻസറിലൂടെ താരമായി ആരാധക മനസ്സ് കവർന്നു. ഒരു വർഷം ഏറ്റവും കൂടുതൽ സിനിമകളിൽ നായക വേഷം ചെയ്ത റെക്കോഡ് ഇന്നും മിഥുൻദായുടെ പേരിലാണ്. 1989ൽ 19 സിനിമകളിൽ നായകനായാണ് ലിംക ബുക്കിൽ ഇടംപിടിച്ചത്. തൃണമൂൽ, ബി.ജെ.പി പാർട്ടികളിലൂടെ അദ്ദേഹം രാഷ്ട്രീയത്തിലും ഇറങ്ങി. തൃണമൂൽ ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്നു. പിന്നീടാണ് ബി.ജെ.പിയിലേക്ക് കളംമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.