ആലുവ: അധ്യാപനത്തിനിടയിൽ വിദ്യാർഥികൾക്കടക്കം ഉന്നത വിദ്യാഭ്യാസത്തിന് കൃത്യമായ മാർഗങ്ങൾ തെളിച്ചു നൽകി ശ്രദ്ധേയനായി കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂൾ അധ്യാപകൻ അമീർ ഫൈസൽ. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് സെൽ റിസോഴ്സ് പേഴ്സനും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഫാക്കൽറ്റിയുമാണ്. വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച ദിശാബോധം നൽകാൻ 2003ൽ ഹയർ സെക്കൻഡറി വകുപ്പ് ആദ്യമായി 50 അധ്യാപകർക്ക് പരിശീലനം നൽകിയപ്പോൾ അക്കൂട്ടത്തിൽ ഉൾപ്പെട്ടതാണ് കരിയർ ഗൈഡൻസ് മേഖലയിലേക്ക് തിരിയാൻ വഴിയൊരുക്കിയത്.
എൻജിനീയറും ഡോക്ടറും മാത്രമല്ല ഇവിടെ വേണ്ടത്, മറ്റ് നിരവധി മേഖലകളും തൊഴിലവസരങ്ങളുമുണ്ട് എന്ന സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കലായിരുന്നു ആദ്യ ദൗത്യം. വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അധ്യാപകരെ ഉപയോഗിച്ച് മൂന്ന് തവണ പ്രസിദ്ധീകരിച്ച കരിയർ ഡയറക്ടറി നിർമാണത്തിൽ മൂന്ന് തവണ പങ്കാളിയാകാനും വിവിധ വിഷയങ്ങൾ ചർച്ചയാക്കാനും സാധിച്ചു. അധ്യാപകരുടെ പങ്കാളിത്തത്തോടെ 2017 ൽ തയാറാക്കിയ കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ സ്കൂൾ തല നോഡൽ ഓഫിസറായി പ്രവർത്തിക്കുന്നു.
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി ) നടത്തിയ കരിയർ ഗൈഡൻസ് ഡിപ്ലോമ കോഴ്സ് അതിനിടെ പൂർത്തിയാക്കിയത് മുതൽക്കൂട്ടായി. 2014ൽ ശ്രീ പെരുമ്പത്തൂർ രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂത്ത് െഡവലപ്മെന്റിൽ ഒരു പരിശീലനത്തിന് പോയതിനെ തുടർന്നാണ് കരിയർ ഗൈഡൻസ് ക്ലാസിലേക്ക് കടന്നത്. ഏകദേശം 250 കരിയർ ഗൈഡൻസ് ക്ലാസുകളാണ് എടുത്തത്. അധ്യാപകൻ എന്ന നിലയിൽ ജോലി ആരംഭിച്ചിട്ട് 25 വർഷത്തിലേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.