പാലക്കാട്: ഇരട്ട ഗിന്നസ് റെക്കോഡുകളുടെ തിളക്കത്തിൽ വിഷ്ണു. ഒരു മിനിറ്റിൽ ഏറ്റവും കൂടതൽ ചിൻ അപ്, പുഷ് അപ് കോമ്പോസ് എന്ന വിഭാഗത്തിൽ മികവ് തെളിയിച്ചതോടെയാണ് കാഞ്ഞിരപ്പുഴ സ്വദേശി വിഷ്ണുവിന് (22) രണ്ടാമത്തെ ഗിന്നസ് റെക്കോഡിലേക്കുള്ള വഴി തുറന്നത്.
അമേരിക്കക്കാരനായ ഗയ്സ്കോട്ടിന്റെ പേരിൽ ഉണ്ടായിരുന്ന ഒരു മിനിറ്റിൽ 17 ചിൻ അപ്, പുഷ് അപ് റെക്കോഡാണ് മണ്ണാർക്കാട് സ്വദേശി വിഷ്ണു തിരുത്തിയത്. 2022 ആഗസ്റ്റ് 14ന് പൊറ്റശ്ശേരി സ്കൂൾ മൈതാനത്തായിരുന്നു ഗിന്നസ് പ്രകടനം.
ആദ്യം ചിൻ അപ് അടിച്ചശേഷം ഒരു പുഷ് അപ് ചെയ്യുമ്പോഴാണ് ഒരു കോംബോ ആകുന്നത്. അതുപോലത്തെ 21 സെറ്റുകൾ ചെയ്താണ് റെക്കോഡ് സ്വന്തമാക്കിയത്. 2020 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ഡയമണ്ട് പുഷ് അപ് ചെയ്താണ് ചൈനക്കാരനായ ഹോങ് സോങ്ടോയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തകർത്ത് വിഷ്ണു ആദ്യ ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. യൂണിഫോം ഫോഴ്സിന്റെ ഭാഗമാവാനാണ് ഈ മിടുക്കന്റെ ആഗ്രഹം. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരം കല്ലംകുലം ജയചന്ദ്രൻ-ശശികല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബബിത, ജിഷ്ണു.
പാലക്കാട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഓൾ ഗിന്നസ് റെക്കോഡ്സ് ഹോൾഡേഴ്സ് കേരളയുടെ (ആഗ്രഹ്) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, വിഷ്ണുവിന് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ആഗ്രഹ് സംസ്ഥാന വൈസ് പ്രസിഡന്റ് ഗിന്നസ് തോമസ് ജോർജ്, സാമൂഹികപ്രവർത്തകൻ രണദേവ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.