ജിദ്ദ: മാനവികതയുടെയും സൗഹൃദത്തിന്റെയും മഹോന്നത സന്ദേശവുമായി ജിദ്ദയിൽ വെള്ളിയാഴ്ച അരങ്ങേറുന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഷോയിൽ പുതുതലമുറ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവഗായകൻ ജാസിം ജമാലുമെത്തുന്നു. എ.ആർ. റഹ്മാനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സംഗീതലോകത്തേക്കെത്തിയ ഗായകനാണ് കൊടുങ്ങല്ലൂരിനടുത്ത വിലങ്ങിൽ സ്വദേശി ജാസിം ജമാൽ.
കുട്ടിക്കാലത്ത് പാടാനുള്ള കഴിവു കണ്ടെത്തിയ മാതാവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് സംഗീതം പഠിക്കാനാരംഭിച്ചതെന്ന് ജാസിം പറയുന്നു. തുടക്കത്തിൽ വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പത്താം ക്ലാസിൽ എത്തിയപ്പോഴാണ് സംഗീതം വളരെ ഗൗരവത്തിൽ പഠിക്കാനും പാടാനും തുടങ്ങുന്നത്. അത് പിന്നീട് മെല്ലെ വളരുകയും ഡിഗ്രിക്ക് പഠിക്കുമ്പോൾ സംഗീതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ചിന്ത വളരുകയും ചെയ്തു.
നിരന്തര ശ്രമത്തിനൊടുവിൽ സീ ടി.വി സംഘടിപ്പിച്ച ‘സരിഗമപ’ സംഗീത റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തിയതോടെയാണ് ജാസിം സംഗീതലോകത്തെ ശ്രദ്ധേയ ഗായകനായത്. സരിഗമ മലയാള റിയാലിറ്റി ഷോ ആദ്യ എഡിഷനിലെ ഫൈനല്‍ റൗണ്ടിൽ വരെ എത്താൻ ജാസിമിന് സാധിച്ചു.
മലയാള സിനിമയിലും പാട്ട് പാടാൻ ഇതിനകം ഈ യുവഗായകന് അവസരം കിട്ടി. ഗൾഫ് നാടുകളിലും മറ്റും നടക്കുന്ന സംഗീത ഷോകളിൽ പ്രമുഖ ഗായകർക്കൊപ്പം സ്ഥിരം സാന്നിധ്യമാണ് ജാസിം ജമാലിപ്പോൾ. ‘ഗൾഫ് മാധ്യമം’ ഒമാനിൽ സംഘടിപ്പിച്ച ഹാർമോണിയസ് കേരള ഷോയിലെ ജാസിം ജമാലിന്റെ പ്രകടനം സദസ്സിൽ ഏറെ ആവേശമുണ്ടാക്കിയിരുന്നു. ഒരുപിടി നല്ലഗാനങ്ങളുമായി ജാസിം ജമാൽ ജിദ്ദയിലെ സംഗീതപ്രേമികളുടെ മനംകവരുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.