?????????? ???????? ????? ????? ????????????

ശിവമയം രുചിമയം

ഒരിക്കൽ ഒരു യാത്രക്കിടെ മമ്മൂട്ടിയും സംവിധായകൻ സിദ്ദീഖും ഇടുക്കി കുളമാവിലെ ഒരു കൊച്ചു ചായക്കടയിലെത്തി. ഇരുവരും കട്ടൻ കാപ്പിയും വടയും കഴിച്ചു. രുചി പിടിച്ച മമ്മൂട്ടി പറഞ്ഞു. കട കുറച്ച് വിപുലീകരിക്കണം കേട്ടോ. രുചി കൊള്ളാം. ഞാൻ ഇനിയും വരാം. അദ്ദേഹം വാക്ക് തെറ്റിച്ചില്ല. പിന്നെയും വന്നു. ഒന്നല്ല മൂന്നു തവണ കൂടി. ഇനി വരുമ്പോൾ ഈണ് കഴിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്. അതാണ് ശിവമയത്തിന്‍റെ രുചി. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ തോന്നും.

ഇടുക്കിയിലെ കോടമഞ്ഞിറങ്ങുന്ന കുളമാവ് താഴ്വരയിലെ നാടൻ ഭക്ഷണ ശാലയാണ് ശിവമയം. തൊടുപുഴ–പുളിയന്മല സംസ്​ഥാന പാതയിൽ കുളമാവ് ഡാമിനടുത്ത് വീടിനോട് ചേർന്ന് എട്ട് വർഷം മുമ്പാണ് മുത്തിയിരുണ്ടയിൽ പിള്ളച്ചേട്ടനും ഭാര്യ രമയും ഒരു കൊച്ചു ഭക്ഷണ പീടിക തുറക്കുന്നത്. ഇടുക്കി ഡാം കാണാനെത്തുന്ന സഞ്ചാരികളിലായിരുന്നു  പ്രതീക്ഷ. ചൂട് പറക്കുന്ന കാപ്പിയും വടയുമായി ഇവർ കാത്തിരുന്നു. പ്രതീക്ഷ തെറ്റിയില്ല. മലയിറങ്ങിയ പലരും രുചിപിടിച്ച് വീണ്ടും  മല കയറി. കട്ടൻ കാപ്പിയിൽനിന്ന് കപ്പ പുഴുക്കിലേക്കും മീനച്ചാറിലേക്കും രുചി വൈവിധ്യം വളർന്നു. അങ്ങനെ ഇന്ന് കാണുന്ന ശിവമയം രുചിമയമായി നാടറിഞ്ഞു.

കാന്താരി മുളകും തേങ്ങയും ചേർത്തരച്ച് കുഴമ്പ് രൂപത്തിലാക്കിയ നാടൻ കപ്പപ്പുഴുക്ക്... നാവിനെ രുചിയിലാറാടിക്കുന്ന മീൻ അച്ചാർ... ചേമ്പുപുഴുക്കും കാന്താരിയും, യാത്രാ ക്ഷീണമകറ്റാൻ പ്രകൃതിദത്തമായ കടുംകാപ്പി... ഇവിടെ രുചി തേടി എത്തുന്നവരിൽ ചലച്ചിത്ര താരങ്ങൾ മുതൽ വിദേശികൾ വരെയുണ്ട്. എന്താണ് രുചിയുടെ രഹസ്യം എന്ന് ചോദിച്ചാൽ കടയുടെ ഉടമയായ നാട്ടുകാർ സ്​നേഹത്തോടെ വിളിക്കുന്ന പിള്ളേച്ചൻ ചേട്ടൻ എന്ന സോമൻപിള്ള പറയും... ‘ഒക്കെ ഒരു പ്രത്യേക കൂട്ടാ...’ പിള്ളേച്ചൻ ചേട്ടനും ഭാര്യ രമച്ചേച്ചിയുമാണ് കടയുടെ ജീവാത്മാവും പരമാത്മാവും.

കട തുടങ്ങി ആദ്യ സമയത്തുണ്ടായിരുന്ന അമ്മായിപ്പുഴുക്ക് ഇപ്പോൾ ലഭ്യമല്ലാത്ത സങ്കടത്തിലാണ് പലരും... കപ്പയും ചേമ്പും ചേനയും കാച്ചിലും തുടങ്ങി എട്ടോളം കിഴങ്ങുകൾ ചേർത്തായിരുന്നു ഇവ പാകം ചെയ്തിരുന്നത്. എന്നാൽ, ഇവയുടെ ലഭ്യതക്കുറവ് ഈ രുചിക്കൂട്ടിനെ ശിവമയത്തിൽ നിന്ന് അന്യമാക്കി. ഇപ്പോഴും അമ്മായിപ്പുഴുക്ക് തേടി പലരും എത്താറുണ്ടെന്ന് പിള്ളേച്ചൻ ചേട്ടൻ പറയുന്നു. മീനച്ചാർ പാഴ്സൽ വാങ്ങിപ്പോകുന്നവരുടെ എണ്ണവും കുറവല്ല.

തയാറാക്കിയത്: അഫ്സൽ ഇബ്രാഹീം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.