മഞ്ചേശ്വരവും ഉപ്പളയും കുമ്പളയും ഹൊസങ്കടിയും പിന്നിട്ട് കാസര്‍കോട്ടേക്കുള്ള യാത്ര പല ഭാഷകളിലൂടെ, സംസ്കാരങ്ങളിലൂടെ, നാനാതരം രുചിഭേദങ്ങളിലൂടെ നടത്തുന്ന സഞ്ചാരമാണ്. മലയാളവും കന്നടയും തുളുവും ഉര്‍ദുവും ഹിന്ദിയും മറാത്തിയും തെലുങ്കും ബ്യാരിയും തീര്‍ക്കുന്ന സ്വരഭേദങ്ങളില്‍ അലിഞ്ഞു നില്‍ക്കുന്ന രുചി വൈവിധ്യങ്ങളും ചേരുന്നതാണ് കാസര്‍കോട്. ഒരു നാടിനെ അറിയാന്‍ ആ നാടിന്‍െറ രുചിയനുഭവങ്ങളിലൂടെ കടന്നുപോകണം.
കാസര്‍കോടിന്‍െറ മധുരമാണ് കാശി ഹല്‍വ. നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള വസന്തവിഹാറില്‍ കാശി ഹല്‍വ ലഭിക്കും. കാസര്‍കോട്ടെ തുളു, കന്നട സമൂഹത്തിനിടയിലുള്ള പരമ്പരാഗത ഭക്ഷണമാണ് കാശി ഹല്‍വ. ഇവരുടെ വീടുകളില്‍ ദീപാവലി, വിനായക ചതുര്‍ഥി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ കാശി ഹല്‍വയുണ്ടാക്കും. കാസര്‍കോട്ട് ഇങ്ങനെ പലതരം വിശിഷ്ട ഭക്ഷണങ്ങളുണ്ട്.
ഹോളിഗ (പായസത്തില്‍ ചേര്‍ത്ത് കഴിക്കാം), ചിക്കന്‍ സുക്ക (തേങ്ങയരച്ചിട്ട കോഴിയിറച്ചി), കടല ഗഫി, തുവര ഗഫി, കൊട്ടിക (മൂന്നു പ്ലാവിലകള്‍ ചേര്‍ത്തുണ്ടാക്കുന്ന ത്രികോണ സ്തൂപത്തിനകത്ത് അരിയരച്ചിട്ടുണ്ടാക്കുന്ന അപ്പം. ഇതില്‍ എണ്ണയോ പഞ്ചസാരയോ ചേര്‍ക്കില്ല. വിനായക ചതുര്‍ഥിദിനത്തില്‍ ഇവയെല്ലാം വീട്ടിലുണ്ടാക്കും), എരിയപ്പം (നെയ്യപ്പം മാതൃക), എരിയപ്പം അക്കിറൊട്ടി, നീരുദോശ (കുത്തരി അരച്ച് ചോറു ചേര്‍ത്തുണ്ടാക്കുന്ന ദോശ), ഓട്ടുപൊള്ള (കഞ്ഞിക്കലം പൊളിഞ്ഞാല്‍ നടുഭാഗം കുഴിഞ്ഞ അടിഭാഗം ഉപയോഗിച്ചുണ്ടാക്കുന്ന അപ്പം.
എണ്ണ ചേര്‍ക്കാതെയുണ്ടാക്കുന്നതാണ് ഈ അപ്പം. (കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് അത്യുത്തമം), ഗോളി ബജ എന്നിങ്ങനെ കാസര്‍കോടന്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ പട്ടിക നീളുന്നു. കാസര്‍കോടിനെ അറിയാന്‍ ഈ നാടിന്‍െറ രുചിവൈവിധ്യങ്ങള്‍ അറിയണം.
തയാറാക്കിയത്: രവീന്ദ്രന്‍ രാവണേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.