തൈരും കപ്പയും പുളിശ്ശേരിയും അച്ചാറും ചേർത്ത പഴങ്കഞ്ഞി. കാന്താരിയോ നാടൻ പച്ചമുളകോ ഉടച്ചുചേർത്ത്, നാടൻ മീൻകറിയും ചമ്മന്തിയും കൂട്ടി ഒറ്റപ്പിടിത്തം. പുഴയിൽ മുങ്ങിക്കുളിച്ച സുഖം; ശരീരത്തിനും മനസ്സിനും. കൊല്ലം ചടയമംഗലം കുരിയോട് ജങ്ഷനിലെ ജനാർദന ഹോട്ടലിലാണ്, ഒരുപക്ഷേ അവിടെ മാത്രമാണ് ഗൃഹാതുരമായ ഈ നാട്ടുരുചി നിങ്ങളെ കാത്തിരിക്കുന്നത്. 65കാരനായ ജനാർദനൻ ചേട്ടനും ഭാര്യ ശശികലയുമാണ് ഈ ഹോട്ടലിെൻറ ഉടമസ്ഥരും പാചകക്കാരും നടത്തിപ്പുകാരുമെല്ലാം. ഹോട്ടൽ തുടങ്ങിയിട്ട് 20 വർഷമാവുന്നു.
10 വർഷം മുമ്പാണ് പഴങ്കഞ്ഞി ആരംഭിച്ചത്. പിന്നിലെ രസകരമായ സംഭവം ഇവർ ഓർക്കുന്നു: ‘കട തുടങ്ങിയ സമയത്ത് മറ്റെല്ലാ ഹോട്ടലുകളിലെയും പോലെ ദോശയും അപ്പവും പുട്ടും കടലക്കറിയും ഇവിടെയുമുണ്ടായിരുന്നു. ഒരു ദിവസം രാവിലെ പതിനൊന്നരയോടെ കുറച്ചുപേർ ഹോട്ടലിൽ കാപ്പി കുടിക്കാനെത്തി. അടുത്ത് പണിയെടുക്കുന്നവരാണ്. അന്ന് തിരക്കായതിനാൽ ഉണ്ടാക്കിവെച്ച പലഹാരങ്ങളെല്ലാം തീർന്നു. ഒന്നുമില്ലെന്ന് പറഞ്ഞതോടെ വന്നവർക്ക് നിരാശ. അടുത്തൊന്നും വേറെ കടയില്ല. ഇനി എന്തുചെയ്യും.
തങ്ങൾക്ക് കഴിക്കാനായി മാറ്റിവെച്ച പഴങ്കഞ്ഞി മാത്രമേ ഉള്ളൂവെന്നും അത് വേണമെങ്കിൽ തരാമെന്നും പറഞ്ഞു. വന്നവർക്ക് സമ്മതം. അങ്ങനെ പഴങ്കഞ്ഞിയും കപ്പയും അച്ചാറും ഒപ്പം കുറച്ച് പച്ചമുളകും. വന്നവർ സന്തോഷത്തോടെ കഴിച്ചു. കാശും തന്നു. പിറ്റേ ദിവസവും അവർ പഴങ്കഞ്ഞി അന്വേഷിച്ച് വന്നു. ഇല്ലാതിരുന്നതിനാൽ അടുത്ത ദിവസം വരാൻ പറഞ്ഞു. അൽപം പഴങ്കഞ്ഞി അധികമായി തയാറാക്കിവെക്കുകയും ചെയ്തു.
പിന്നീട് എല്ലാ ദിവസവും ഇത് തുടർന്നു. ക്രമേണ പഴങ്കഞ്ഞിക്ക് നാട്ടിൽ നല്ല പ്രചാരം കിട്ടി. എല്ലാവരും അറിഞ്ഞു. പഴങ്കഞ്ഞി കുടിക്കാനെത്തുന്നവരുടെ എണ്ണം കൂടി. അങ്ങനെ പഴങ്കഞ്ഞി ഹോട്ടലിലെ പ്രധാന വിഭവവുമായി...’ ഇപ്പോൾ ഉദ്യോഗസ്ഥരും തൊഴിലാളികളും സാധാരണക്കാരുമടക്കം ദിവസവും നൂറിലധികമാളുകൾ പഴങ്കഞ്ഞി കഴിക്കാനെത്തുന്നുണ്ട്.
തയാറാക്കിയത്: എം. ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.