'വെള്ളപ്പം' ഒരു നാടിന്റെ ചരിത്രമാണ്

അതിരാവിലെ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെത്തിയാൽ കാണാം, റോഡരികിലായി നിരത്തിവെച്ച വെള്ളേപ്പ മണ്ണടുപ്പുകൾ. അതിൽ ആളുന്ന ചിരട്ടക്കരി. മേലെ മൺചട്ടി. നിരന്നിരിക്കുന്ന സ്​ത്രീകൾ. സംശയിക്കേണ്ട, വെള്ളേപ്പ അങ്ങാടി തന്നെ. പുലർച്ചെ ഒരു മണിക്കോ മൂന്നുമണിക്കോ തുടങ്ങുന്നതാണിവരുടെ ജോലി. ഓർഡറുകളനുസരിച്ച് രാത്രി വരെ ഈ ഇരിപ്പ് നീളും.

തൃശൂരിന്‍റെ സ്വന്തം വിഭവമാണോ വെള്ളേപ്പം എന്ന് ചോദിച്ചാൽ, അതെ. തൃശൂരിലെ ക്രിസ്​ത്യാനികളുടെ സ്വന്തം വിഭവം തന്നെയാണ്  വെള്ളേപ്പം. തൃശൂരിന്‍റെ രുചി ചരിത്രത്തിൽ പ്രഥമ സ്​ഥാനം. പാലപ്പം എന്നറിയപ്പെടുന്നതും ഇതുതന്നെ. തൃശൂർ നഗരത്തിലേക്ക് ക്രിസ്​ത്യാനികളുടെ കുടിയേറ്റം മുതലുള്ള ചരിത്രമാണിതിന്. ജൂത വിഭവമാണെന്നും പറയുന്നുണ്ട്. പുത്തൻപള്ളിയോട് ചേർന്ന എരിഞ്ഞേരി അങ്ങാടിയിൽ ഉപജീവനത്തിനായി ചില കുടുംബക്കാർ വിറ്റുപോന്ന വെള്ളേപ്പം നാടിന്‍റെ രുചിയുടെയും ചരിത്രത്തിന്‍റെയും ഭാഗമാണ്.

തലമുറകളായി ഒരേ കുടുംബക്കാർ തന്നെയാണിവിടെ വിറ്റുപോകുന്നത്. ഈയടുത്ത കാലത്ത് മറ്റുചിലരും സ്​ഥലത്ത് കുടിയേറിയിട്ടുണ്ട്. കൂടാതെ, ജോലിക്കാരുടെ സ്​ഥാനം അന്യസംസ്​ഥാനക്കാർ കൈയടക്കി. ക്രിസ്​ത്യാനികളുടെ സ്വന്തം വിഭവമാണെങ്കിലും വെള്ളേപ്പത്തിന് പഠാണി സ്വാധീനമുണ്ട്. പണ്ടിതിന് പട്ടാണിച്ചി അപ്പം എന്ന് പേരുണ്ടായിരുന്നതായും ഇവിടത്തുകാർ പറയുന്നു. ടിപ്പുവിന്‍റെ പടയോട്ടകാലത്ത് കൂടെയെത്തിയ പഠാണി സ്​ത്രീകൾ ഉണ്ടാക്കിയിരുന്നതിനാലാകണം ഈ പേര് വരാൻ കാരണമത്രെ.

കല്യാണം കഴിഞ്ഞ് എരിഞ്ഞേരിയിലെത്തി മേരിച്ചേച്ചിയുടെ ഭർത്താവിന്‍റെ അമ്മ കത്രീനയാണ് വെള്ളേപ്പം ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ചു കൊടുത്തത്. എരിഞ്ഞേരി അങ്ങാടിയിൽ തലമുറകളായി വെള്ളേപ്പക്കച്ചവടം നടത്തി വരുകയായിരുന്നു അവർ. അന്ന് തെരുവിൽ മൂന്ന് കുടുംബങ്ങളാണ് വെള്ളേപ്പം വിറ്റിരുന്നത്. പ്ലമേന, കൊച്ചമ്മ പിന്നെ മേരിച്ചേച്ചിയുടെ അമ്മായിയമ്മ കത്രീനയും. മേരിയും പിന്നെ മക്കളുമൊക്കെ കാലങ്ങൾ കഴിഞ്ഞപ്പോൾ ബിസിനസിന്‍റെ ഭാഗഭാക്കായി. എല്ലാവർക്കും വേറെ വീടുണ്ടെങ്കിലും പുലർച്ചെ അങ്ങാടിയിലെത്തി പണിതുടങ്ങും. പുലർച്ചെതന്നെ റോഡരികിലേക്കിറക്കിയ  മണ്ണടപ്പുകൾ വീടുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും. നിരനിരയായി മണ്ണടുപ്പുകൾ, അതിൽ വെള്ളേപ്പത്തിന്‍റെ ആവി. വർഷങ്ങളുടെ കൈവഴക്കത്തിൽ തങ്ങളുടെ വെള്ളേപ്പത്തിന്‍റെ രുചി തേടിയെത്തുന്നവർ വർഷം കഴിയും തോറും കൂടി വരുന്നതായി മേരിച്ചേച്ചി പറയുന്നു. 

തയാറാക്കിയത്: പി.പി. പ്രശാന്ത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.