കുട്ടനാട്ടിലേക്ക് അനവധി വഴികളുണ്ട്. കരമാര്‍ഗവും ജലമാര്‍ഗവും. പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍ എന്നിങ്ങനെ നാല് നദികളും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ചെറു മണ്‍തുരുത്തുകളുടെ സംഘാതമാണ് കുട്ടനാട്. ചുട്ടനാട് എന്നായിരുന്നു ദേശനാമമെന്നും അത് കുട്ടനാടായി മാറിയതാണെന്നും സ്ഥലപുരാണം. ഒരു കാലത്ത് ഇവിടെ വനമായിരുന്നുവെന്നും കാട്ടുതീയില്‍ അതെല്ലാം കത്തിയമര്‍ന്ന് നാടായിമാറിയെന്നും അനുബന്ധം. അങ്ങനെയല്ല, കാട് വെട്ടിച്ചുട്ട് കൃഷിയിടവും വാസയിടവുമാക്കി മാറ്റിയതാണെന്ന് മറ്റൊരു വാദം. അങ്ങനെ വനം ചുട്ട് ജനവാസ കേന്ദ്രങ്ങളായി മാറിയ നാടാണ് കുട്ടനാടത്രേ. സമുദ്രം പിന്‍വാങ്ങി രൂപപ്പെട്ടതാണ് കുട്ടനാടെന്നും വാദമുണ്ട്.
ഇന്ത്യയില്‍തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ചതുരശ്ര കിലോമീറ്ററോളം പ്രദേശം സമുദ്ര നിരപ്പിനേക്കാള്‍ താഴെയാണ്. സമുദ്ര നിരപ്പില്‍നിന്നും 2.2 മീ. താഴെ മുതല്‍ 0.6. മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്‍റെ ഉയരവ്യത്യാസം. കുഴിഞ്ഞ നാടാണെന്നര്‍ഥം. കുട്ട പോലെ കുഴിഞ്ഞ പ്രദേശമായതിനാലാണ് കുട്ടനാടെന്ന് പേരു വന്നതെന്നും വാദമുണ്ട്. സമുദ്രനിരപ്പിനു താഴെയുള്ള പ്രദേശത്ത് കൃഷി ചെയ്യുന്ന ലോകത്തിലെ തന്നെ അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കുട്ടന്‍റെ നാടാണ് കുട്ടനാടായതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. കുട്ടന്‍ എന്നത് ശ്രീബുദ്ധന്‍റെ തദ്ദേശീയമായ വിളിപ്പേരാണ്. കരുമാടിയില്‍ കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹം ഈ കഥക്ക് ചരിത്ര സാധുത നല്‍കുന്നു.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കുട്ടനാട് വ്യാപിച്ചു കിടക്കുന്നു. കുട്ടനാടിന്‍റെ അതിരുകള്‍ കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും ഉള്‍പ്പെടുന്ന ഗ്രാമങ്ങളാണ് കുട്ടനാട്.
ജല ജൈവ വൈവിധ്യങ്ങളുടെ ഈ ദേശം ഒരു കാലത്ത് നെല്ലറയായിരുന്നു. ഇന്ന് കൃഷി കുറഞ്ഞിട്ടുണ്ട്. നികന്ന പാടങ്ങളില്‍ വാഴയും പച്ചക്കറികളും തെങ്ങും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും. ഇനിയും മണ്ണടിയാത്ത പാടശേഖരങ്ങള്‍ വിളഞ്ഞതും കൊയ്തൊഴിഞ്ഞതുമങ്ങനെ. വയലിടവഴികളിലൂടെ, കീറിയ ജലപാതയിലൂടെ ശീഘ്രം വീടണയാന്‍ വെമ്പുന്ന കൊതുമ്പുവള്ളവും ഒറ്റക്കു തുഴഞ്ഞേറുന്ന തൊഴിലാളി സ്ത്രീയും ഒരു പഴയ കുട്ടനാടന്‍ കാഴ്ചയാണ്. ഇന്ന് തലങ്ങും വിലങ്ങും പാതകളുണ്ട്. പുഴകള്‍ക്കും കനാലുകള്‍ക്കും കുറുകെ പാലങ്ങള്‍ വന്നു. ജലത്താല്‍ ബന്ധിതമായിരുന്ന കുട്ടനാടന്‍ തുരുത്തുകള്‍ ഇന്ന് ഏറക്കുറെ കരമാര്‍ഗം ബന്ധപ്പെട്ടുകിടക്കുന്നു. ആർബ്ലോക്ക് പോലെ മനോഹരമായ ചില തുരുത്തുകള്‍ മാത്രമാണ് ഇന്ന് പൂര്‍ണമായും ജലമാര്‍ഗത്തെ ആശ്രയിക്കുന്നത്.
കുട്ടനാട്ടിലൂടെയുള്ള യാത്രകള്‍ കര- ജല വിഭവങ്ങളുടെ സമൃദ്ധമായ രുചിഭേദങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ കൂടിയാണ്. ചങ്ങനാശ്ശേരിയില്‍നിന്ന് തിരുവല്ല വഴി എടത്വാ വഴി കുട്ടനാടിന്‍െറ അകം കാഴ്ചകളിലേക്ക് പോകാം. തിരുവല്ലയിൽ എത്തുന്നവര്‍ അപ്പവും ഇറച്ചി ഉലര്‍ത്തിയതും കഴിച്ചിരിക്കണം. വെള്ളപ്പം, പാലപ്പം എന്നിങ്ങനെ പ്രശസ്തമായ അപ്പത്തിന് കുട്ടനാട്ടിലെത്തുമ്പോള്‍ രുചി-രൂപഭേദങ്ങള്‍ വരും. അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുന്ന തൂവെള്ള അപ്പമല്ല ഇത്. ദോശക്കല്ലില്‍ ചെറുതായി പരത്തി തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുന്ന, കാഴ്ചയില്‍ ദോശ പോലിരിക്കുന്ന ഈ അപ്പത്തിന്‍റെ സ്വാദ് കഴിച്ചു തന്നെ അറിയണം. അപ്പവും പോത്ത് ഉലര്‍ത്തിയതുമാണ് പ്രധാന കോമ്പിനേഷന്‍. കടലക്കറിയും മുട്ട റോസ്റ്റും കേമം തന്നെ.
തയാറാക്കിയത്: കെ.പി. ജയകുമാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.