?????????? ???????? ???? ??????

തമിഴക രുചികള്‍ 

മറുനാട്ടുകാരുടെ തലസ്ഥാനമാണ് ചെന്നൈ. സ്വദേശീയരേക്കാള്‍ വിദേശികള്‍ താമസിക്കുന്ന നഗരം. പണ്ട് നാടുവിടുന്ന മലയാളി ചെറുപ്പക്കാരും സിനിമാ മോഹികളും വണ്ടികയറിയെത്തിയത് മദിരാശി പട്ടണത്തിലേക്കായിരുന്നു. പല ദേശക്കാര്‍, ജാതിക്കാര്‍, ഭാഷക്കാര്‍.  രുചികളിലും ഈ വൈവിധ്യം നിലനിര്‍ത്തുന്ന നഗരമാണ് ചെന്നൈ. 

തമിഴ്നാട്ടുകാരുടെ ഇഷ്ട ഭക്ഷണമാണ് ഇഡലി. കേരളീയരും ഒട്ടും പിറകിലല്ല. ഇഡലി പ്രേമികളുടെ മനം കവരുന്ന കടയാണ് മുരുഗന്‍ ഇഡലി. ചെന്നൈയിലെ ടി നഗര്‍, ജി.എന്‍. ചെട്ടി റോഡ് ടി നഗര്‍, നോര്‍ത് ഉസ്മാന്‍ റോഡ് ടി നഗര്‍, തിരുമൂര്‍ത്തി സ്ട്രീറ്റ് ടി നഗര്‍, ഉസ്മാന്‍ റോഡ് ബസന്ത് നഗര്‍, കില്‍പോക്ക്, ഓര്‍മസ് റോഡ് എന്നിവിടങ്ങളിലായി ആറ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേക ഇഡലിയും നാലുതരം ചട്നിയുമാണ് പ്രധാനം.  

കേരളീയ ഭക്ഷണം കഴിക്കണമെങ്കില്‍ കുമരകം റസ്റ്റാറന്‍റില്‍ പോകണം. നുങ്കമ്പാക്കം, കോടമ്പാക്കം ഹൈറോഡ്, അണ്ണാനഗര്‍, രാമപുരം, അഡയാര്‍, വേലഞ്ചേരി എന്നിങ്ങനെ നഗരം നിറഞ്ഞ് കുമരകം. മലയാളിയുടെ ദേശീയ ഭക്ഷണമായി അറിയപ്പെടുന്ന പുട്ടും കടലയും കപ്പയും മുളകിട്ട മീനും ഇവിടത്തെ പ്രധാന രുചിയാണ്. നുങ്കമ്പാക്കത്ത് വീറ്റ് ക്രാഫ്റ്റ് റോഡില്‍ സ്ഥിതിചെയ്യുന്ന ഹോട്ടല്‍ കേരളയാണ് മലയാളി ഊണിന് പ്രസിദ്ധം.  

വെജിറ്റേറിയന്‍ ഭക്ഷണ പ്രിയരുടെ പ്രധാന കേന്ദ്രമാണ് ശരവണ ഭവനും സംഗീത ഭവനും. ചെന്നൈയിലെ പഴക്കം ചെന്ന ഹോട്ടലുകളില്‍ ഒന്നാണ് ബുഹാരി. നോണ്‍വെജ് ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രം. ചിക്കന്‍ 65, 90 തുടങ്ങിയവയുടെ ജനനസ്ഥലം ബുഹാരിയാണെന്ന് അവകാശപ്പെടുന്ന ബോര്‍ഡ് ഈ ഹോട്ടലില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യും. അറേബ്യന്‍ രുചികള്‍ക്ക് പേരു കേട്ടതാണ് സെയ്ത്തൂന്‍.  

ജയലളിത സര്‍ക്കാര്‍ ആരംഭിച്ച ‘അമ ഉണവകം’ (അമ്മ റസ്റ്റാറന്‍റ്) പറയാതെ ചെന്നൈ രുചി പൂര്‍ണമാവില്ല. ഒരു രൂപക്ക് ഇഡലി, അഞ്ചു രൂപക്ക് തൈര്‍/സാമ്പാര്‍ സാദന്‍. നഗരത്തില്‍ 30ലേറെ അമ ഉണവകങ്ങളുണ്ട്. സാധാരണക്കാരുടെ ആശ്വാസകേന്ദ്രം. രുചിയുടെ പൂര്‍ണത. 

തയാറാക്കിയത്: ടി. ഇസ്മാഈല്‍
                                                                                    
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.