കൊച്ചി മഴ പെയ്തു തോര്‍ന്ന് രാത്രിയിലേക്ക് മെല്ലെ മെല്ലെ കണ്ണു തുറക്കുകയായിരുന്നു. റോഡിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തില്‍ വെളിച്ചത്തിന്റെ പല നിറപ്പൊട്ടുകള്‍. പാലാരിവട്ടം ജനത ജങ്ഷനില്‍ നിന്ന് ഉള്ളിലോട്ടുള്ള ഇടുങ്ങിയ വഴിയില്‍ സമാധാനം കാത്തിരിക്കുന്നുവെന്ന് ഉള്ളില്‍ ആരോ പറഞ്ഞു. കലൂരില്‍ നിന്ന് വിളിച്ച ഒരോട്ടോയില് കുലുങ്ങിക്കുലുങ്ങി അവസാനം അവിടെയെത്തി.
‘‘ഞങ്ങള്‍ സിനിമമോഹികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടമാണ് ഇവിടം. ഇവിടത്തെ പഴംപൊരിയും ബീഫും ഞങ്ങളുടെ ഫേവറൈറ്റാണ്. ഭക്ഷണത്തോടൊപ്പം ഞങ്ങളുടെ ചര്‍ച്ചകളും നടക്കുന്നത് ഇവിടെത്തന്നെയാണ്. കൂട്ടുകാരുടെ പിറന്നാള്‍ ആഘോഷം ഒക്കെ ഇവിടെയാണ്. ഇവിടത്തെ മിനി സ്ക്രീനില്‍ ഞങ്ങളുടെ സിനിമകളും ചെറിയ ഡോക്യുമന്റെറികളും ഒക്കെ പ്രദര്‍ശിപ്പിക്കാറുമുണ്ട്’’ -സിനിമപ്രവര്ത്തകരായ റാഷിദ് പത്തറക്കലും ലിബിന് ചന്ദ്രനും പറയുന്നു.
പുസ്തകങ്ങളും പാട്ടും പിന്നെ കോഫിയും
കഫേ പപ്പായയിലേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ ഇടതു വശത്ത് ചെറിയൊരു ലൈബ്രറി കാണാം. ഫിക്ഷൻ മുതല്‍ ഫോട്ടോഗ്രഫി വരെയുള്ള പുസ്തകങ്ങള്‍. കാപ്പി കുടിച്ച് പുസ്തകമൊക്കെ വായിച്ച് സമാധാനമായിട്ടിരിക്കാം. ഇവിടെത്തന്നെ ഇരിക്കാന്‍ ബെഞ്ചും െഡസ്കും ഒക്കെയുണ്ട്. പുറത്ത് വിശാലമായ ഹാള്‍. നേര്‍ത്ത വെളിച്ചം. ഇടതു വശത്തായി മ്യൂസിക് പ്രോഗ്രാമുകള്‍ നടക്കുന്ന ചെറിയ സ്റ്റേജ്. വെളുത്ത ചുവരില്‍ കറുത്ത മഷി കൊണ്ട് എല്ലാവരുമൊന്നെന്ന് വരച്ചുെവച്ചിരിക്കുന്ന മരം.
ഹാളില്‍ നിന്ന് വലത്തോട്ട് പോകുമ്പോള്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ ചെറിയ ഇടമുണ്ട്. ഇവിടെയെത്തുന്നവരുടെ സ്മോക്കിങ് കോര്‍ണര്‍ കൂടിയാണ് ഇത്. ‘‘കൊച്ചിയില്‍ ക്രിയേറ്റിവ് ആയിട്ടുള്ളവര്‍ക്കു വേണ്ടിയുള്ള ഒരു സ്ഥലമാണിത്. ആഷിക് അബുവും കൂട്ടുകാരും ശരിക്കും അവരെപ്പോലെയുള്ള ആളുകള്‍ക്ക് ഇരിക്കാനുള്ള ഒരു സ്ഥലം ആയിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇതിനു മുേമ്പ കാശി എന്നൊരു ആര്‍ട്ട് ഗാലറി ഉണ്ടായിരുന്നു, ഫോര്‍ട്ട് കൊച്ചിയില്‍.
പെയിൻറിങ്സ് ഒക്കെ ഉണ്ടായിരുന്നു അവിടെ. ഇപ്പോഴില്ല. ക്രിയേറ്റിവ് ആയവര്‍ ശല്യപ്പെടാതിരിക്കുക എന്നതാണ് ഈ സ്പേസിന്റെ പ്രാധാന്യം. കഫേ കൂടാതെ ഇതിന്റെ പുറത്ത് വേറൊരു ലോകമുണ്ട്. എപ്പോഴും ആർട്ടുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളും ഇവിടെ നടക്കാറുണ്ട്. ഭക്ഷണത്തിനല്ല ഇവിടെ പ്രാധാന്യം. എങ്കിലും ഇവിടെ കിട്ടുന്ന സ്നാക്സും കൊള്ളാം’’ -എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ പറയുന്നു.
മുകളില്‍ സിനിമ പ്രേമികള്‍ക്കായി പ്രിവ്യൂ തിയറ്റര്‍ സൗകര്യവും ഉണ്ട് ഇവിടെ. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമായി ഷോര്‍ട്ട്ഫിലിമുകളും ഡോക്യുമെന്ററികളുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിക്കാം. കൊച്ചിയിലെ ഏറ്റവും മികച്ച കോഫി എന്നാണ് ഇവിടത്തെ കോഫിയെ പൊതുവെ വിശേഷിപ്പിക്കുന്നത്. കുടകിലെ പ്രസിദ്ധമായ സിദ്ധാപ്പൂര്‍ കോഫിയാണ് ഇവിടെ വരുന്നവരെ കാത്തിരിക്കുന്നത്. കഫേ പപ്പായയുടെ മികച്ച ഒരു സവിശേഷതയാണ് ഈ കോഫി.
വീണ്ടും വിളിച്ചു വരുത്തും കഫേ
‘‘ഉച്ചക്ക് ഒരു മണിയോടെയാണ് ഇവിടെ തുറക്കുന്നത്. രാത്രി 11 മണി വരെ തുറന്നിരിക്കും. വൈകുന്നേരമാവുന്നതോടെ മൊത്തം ലൈവാവും. ഇവിടെ സ്ഥിരം വന്നിരുന്നു കഥ പറയുന്ന നിരവധി പേരുണ്ട്. ദിനംപ്രതി ഒരുപാട് പുതിയ ആളുകളും എത്തുന്നുണ്ട്. കലാകാരന്മാര് ആണെങ്കില്‍ ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഇങ്ങോട്ട് വരാന്‍ തോന്നുമെന്ന് ഉറപ്പാണ്’’ -കഫേയില്‍ ജോലി ചെയ്യുന്ന അമല്‍ പറയുന്നു.
അങ്ങനെയാണത്. മനസ്സ് വിളിക്കുന്ന ഇടങ്ങളിൽ ചെന്നിരിക്കുമ്പോള്‍ ആ സമയത്ത് ഒന്നും തോന്നണമെന്നില്ല. പക്ഷേ, പിന്നീട് അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് ഉമ്മറത്തിരുന്ന് പുറത്തേക്ക് നോക്കി സുഗന്ധമുള്ള ഒരു കാപ്പി ഊതിയൂതി കുടിക്കുന്ന പോലെയുള്ള സുഖമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.