?????????? ????????

ഒരു കൊൽക്കത്ത ബിരിയാണിക്കഥ

‘‘വനജേ.... ഈ ബംഗാളിൽ തേങ്ങ കിട്ടാനുണ്ടോ?’’
ഏകമകൾ വിവാഹിതയായി താമസിയാതെ ബംഗാളിലേക്ക് കുടിയേറേണ്ടി വരുമെന്ന് അറിഞ്ഞപ്പോൾ തലശ്ശേരിക്കാരി നൂർജഹാ​​​​​​​​​​​​െൻറ സ്വാഭാവികമായ സംശയം! പണ്ടെപ്പോഴോ സർക്കസിൽ ജോലി ചെയ്തിരുന്ന വനജേച്ചി കുറച്ചു കാലം ബംഗാളിലായിരുന്നത്രെ. അതുകൊണ്ടായിരുന്നു അന്വേഷണം. മുറ്റത്തെ ചെടി നനച്ചുകൊണ്ടിരിക്കുകയായിരുന്നു വനജേച്ചി. ‘‘ഇത്താ, നമ്മുടെ നാടുപോലെത്തന്നെയാ...’’ ഉമ്മയുടെ സമ്മർദം നിറഞ്ഞ മുഖഭാവത്തിൽ അൽപം അയവുവന്നു.അങ്ങനെ കേരളവും ബംഗാളും ഏറക്കുറെ  ഒരുപോലെയാണെന്ന വനജേച്ചിയുടെ ഉറപ്പിന്മേൽ സംഭവിച്ച മംഗല്യത്തിനൊടുവിൽ കഥാനായിക ബംഗാളിലെത്തി.
*********************************************************************************
നോർത്ത് 24 പർഗാനാസിലെ ബരക്പുർ. കൊൽക്കത്തയിൽ നിന്ന്‌ ഏകദേശം ഒന്നര മണിക്കൂർ കാർയാത്ര. ഹൂഗ്ലി നദിയുടെ തീരത്ത് ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത ബംഗ്ലാവ്. ഒരേക്കറോളം വരും മൊത്തം  വിസ്തൃതി. തെങ്ങുകളൊക്കെ ധാരാളമുണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ ഒരു കാര്യം വ്യക്തമായി, തേങ്ങ അവർ പായസം ഉണ്ടാക്കാനും ചിങ്കിനിമാച്ച് (ചെമ്മീൻ) തേങ്ങാപ്പാൽ വറ്റിച്ച് വെക്കുന്ന ഒരു തരം കറിയും, പിന്നെ ചില (മിഷ്​ടി) മധുരം ഉണ്ടാക്കാനുമാണ് ഉപയോഗിക്കുന്നത്. എന്തിനും ഏതിനും അവർക്ക്  സർഷോതേൽ (കടുകെണ്ണ) ആണ്. ശീലമില്ലാത്തതിനാലാവാം രുചിയൊട്ടും പിടിച്ചതുമില്ല.

പാചകത്തിൽ അത്രമേൽ തഴക്കംവരാത്ത കഥാനായിക (ഞാൻ തന്നെയായിരുന്നു അത്) ബംഗ്ലാവിലെ പാചകവിദഗ്ധൻ ശുശാന്തി​​​​​​​​​​​​െൻറ വാചക നൈപുണ്യാനുസൃതം (വിളമ്പുന്ന സമയത്ത്‌ അവ​​​​​​​​​​​​െൻറ വിവരണം ഉണ്ടാകും) ത​​​​​​​​​​​​െൻറ രുചിഭേദങ്ങളെ ഇണക്കിയെടുത്തു. മെല്ലിച്ച പൊക്കം കുറഞ്ഞ് മുപ്പതിനടുത്ത് പ്രായം തോന്നിക്കും ശുശാന്തിന്. അൽപം നീളമുള്ള മുടി നെറ്റിയിലേക്കു വീഴുമ്പോൾ കൈകൊണ്ട് ഒതുക്കിവെക്കും.
ഒരു ഞായറാഴ്ച കൊൽക്കത്തയിൽ പോയി തിരിച്ചെത്തിയപ്പോ ആത്മവിശ്വാസം സ്‌ഫുരിക്കുന്ന മുഖഭാവത്തോടെ ശുശാന്ത് ചോദിക്കുന്നു: 
‘‘അപ്നി കി ഭാഹിരെത്തേക്കെ ഖേയെ എസിച്ചോ’’ (പുറത്തുനിന്ന് കഴിച്ചിട്ടാണോ വന്നേ?)
ഞാൻ ഇല്ലെന്നു തലകുലുക്കി.  
‘‘ഖാബാര് ദിയ ദിൻ...’’ നിലനിൽപിന് വേണ്ട ബംഗാളിയൊക്കെ ഞാൻ ഇതിനകം  സ്വായത്തമാക്കിയിരുന്നു. ശുശാന്തിന് ഹിന്ദിയും അറിയാം. എനിക്ക് മനസ്സിലാവുന്നില്ലെങ്കിൽ അവൻ ഹിന്ദി ചേർത്തുപിടിപ്പിക്കും.
‘‘അമി ആജ്‌കെ ബിരിയാണി ബാനിയെച്ചേ!’’ (ഞാനിന്ന് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്).
ബിരിയാണി എന്നു കേട്ടപ്പോൾ ഒരു സന്തോഷം. തലശ്ശേരിയിൽനിന്ന് വന്നിട്ട് രണ്ടു മാസമായി. പെ​െട്ടന്നുതന്നെ കൈ കഴുകി ബംഗ്ലാവി​​​​​​​​​​​​െൻറ പിൻവശത്തുള്ള വരാന്തയിലെ തീന്മേശക്കു മുന്നിലിരുന്നു.

വൈകുന്നേരങ്ങളിൽ അവിടെ ഇരിക്കാൻ ഇഷ്​ടമാണെനിക്ക്; പതിയെ ഒഴുകുന്ന ഹൂഗ്ലിയെ നോക്കി...
തണുപ്പുകാലമായതിനാൽ അസ്തമയം നാലര ആകുമ്പോൾതന്നെ ആരംഭിക്കും. നീലയിൽ ഇളംചുവപ്പു കലർന്ന ആകാശം. മനോഹരം!
ആവിപറക്കുന്ന ബിരിയാണിയുമായി ശുശാന്ത് മുന്നിലെത്തി. പനിനീരി​​​​​​​​​​െൻറയും കുങ്കുമപ്പൂവി​​​​​​​​​​െൻറയും സമ്മിശ്ര സുഗന്ധം. നാട്ടിലെപോലെ ചെറിയ അരി അല്ല. ബസ്മതി അരിയാണ്. കാഴ്ചക്ക് കൊള്ളാം. പതിവുള്ള വാചകമടിയോടെ ശുശാന്ത് വിളമ്പിത്തുടങ്ങി. മഞ്ഞ കലർന്ന ബിരിയാണിയോടൊപ്പം വലിയ മട്ടൻ പീസ്, കൂടെ അത്രതന്നെ വലുപ്പത്തിൽ ഉരുളക്കിഴങ്ങും ​േപ്ലറ്റിലേക്ക്​ വീണു.
അയ്യേ!  അറിയാതെ പറഞ്ഞുപോയി ഞാൻ.
കി ഹോലോ? (എന്തുപറ്റി?)
കിഴങ്ങാണോ പ്രശ്നം? അതില്ലാതെ കൊൽക്കത്ത ബിരിയാണി ഇല്ല!
‘‘അതിനു പിന്നിൽ ഒരു കഥയുണ്ട് ദീദി.’’
എന്തു കഥ എന്ന മട്ടിൽ ഞാൻ ശുശാന്തിനെ നോക്കി.
ഹിന്ദിയും ബംഗാളിയും കൂട്ടിക്കലർത്തി ശുശാന്ത് തുടങ്ങി, ഒരു പ്രസംഗക​​​​​​​​​​െൻറ ചാതുര്യത്തോടെ. അവാദി​​​​​​​​​​െൻറ അവസാന നവാബ്. കലയെ തീക്ഷ്​ണമായി പ്രണയിച്ച, കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന, ആർദ്രത കൈമുതലാക്കിയ, സമകാലികരിൽ നിന്ന്​ വ്യത്യസ്തനായിരുന്ന ഖാനേ ഔർ ഖിലാനേ കേ ഷൗകീൻ! വാജിദ് അലി ഷാ!
(ഇതൊക്കെ ഇവന് എവിടുന്നു കിട്ടി എന്ന എ​​​​​​​​​​െൻറ ഭാവം കണ്ടിട്ടാവാം, എവിടെയോ വായിച്ചതാണെന്ന് ശുശാന്ത്)

സൗഭാഗ്യ സമ്പൂർണമായ ഒരു രാജ്യത്തിൻെറ പിൻഗാമിയായിരുന്ന നവാബ് ഷാ 1856ൽ ബ്രിട്ടീഷുകാർ അവാദ് പിടിച്ചടക്കിയപ്പോൾ തൻെറ പ്രിയപ്പെട്ട ലഖ്നോവിൽ നിന്ന് പുറന്തള്ളപ്പെട്ടു. നവാബിനെ അവർ കൊൽക്കത്തയിലേക്ക് നാടുകടത്തി. പെ​െട്ടന്ന്, ദേഖോ നോധീർ ഒയിപാരെ (നദിയുടെ മറുകരയിലേക്ക്​ ചൂണ്ടിക്കൊണ്ട്) മെറ്റിയാബ്രൂജിലാണ് നവാബിന്  ബ്രിട്ടീഷ് സ്ഥലം നൽകിയത്. അറിയാതെ ഞാൻ ഹൂഗ്ലിയുടെ മറുകരയിലേക്ക് നോക്കി. ബ്രിട്ടീഷ് കമ്പനി നൽകുന്ന പണം കൊണ്ട് അവിടെ മറ്റൊരു ലഖ്‌നോ പണിതുയർത്താൻ അദ്ദേഹം ശ്രമം തുടങ്ങി. ത​​​​​​​​​​െൻറ പ്രിയപ്പെട്ട രാജ്യത്തിൻെറ ഒരു ചെറുപകർപ്പിനുള്ള അവസാന യത്നം കുറച്ചൊക്കെ വിജയം കണ്ടു.

പക്ഷേ, ഏറെ നാൾ കഴിയുംമുമ്പെ പണക്കിഴിയുടെ ചരട് മുറുകിത്തുടങ്ങി. പ്രൗഢഗംഭീരങ്ങളായ ശിൽപങ്ങളും കൊട്ടാരവും ഇപ്പോഴും രാജാവാണെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ മാത്രമായി. സാമ്പത്തിക പരാധീനതകൾ പ്രത്യക്ഷമായി. അനുചരസംഘത്തിൻെറ അന്നദാതാവിനു കൂടെയുള്ളവരെ ഊട്ടാൻ പ്രയാസം നേരിട്ട ഘട്ടത്തിൽ നവാബി​​​​​​​​​​​െൻറ പരിശ്രമശാലികളായ പാചകവിദഗ്ധർ പല വഴികളും ആലോചിച്ചു. ഖാനെ ഔർ ഖിലാനേ കെ ഷൗകീൻെറ (തിന്നാനും തീറ്റിക്കാനും അതീവ തൽപരൻ) പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് അവരുടെ കൂടി കടമയെന്ന പോലെ ആലോചന തകൃതിയായി.

അവാദ് നവാബ് വാജിദ് അലി ഷാ
 


പരിവാരങ്ങൾക്ക് തികയുന്ന രീതിയിൽ ഇറച്ചി കുറച്ച്​ എങ്ങനെ ബിരിയാണിയെ മാറ്റിയെടുക്കാം എന്ന ആലോചനയിൽ ഉരുത്തിരിഞ്ഞ വഴിയായിരുന്നു താരതമ്യേന വിലകുറഞ്ഞ ഉരുളക്കിഴങ്ങ് ബിരിയാണിയിൽ ഉപയോഗിക്കാം എന്നത്. അങ്ങനെ അവാദി ബിരിയാണിയിൽനിന്ന്​ വ്യത്യസ്തമായി കൊൽക്കത്ത ബിരിയാണി തയാറായി. ഖജനാവ് കാലിയായ രാജാവി​​​​​​​​​​​​െൻറ പ്രതിച്ഛായ തകരാതിരിക്കാനുള്ള മാർഗം. നിലനിൽപിനായുള്ള നയതന്ത്രം.

ശുശാന്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും  ആദ്യമായി ബിരിയാണി എ​​​​​​​​​​​​െൻറ പ്ലേറ്റിൽ ബാക്കിയായി.
‘‘നവാബി​​​​​​​​​​​​െൻറ ഇപ്പോഴത്തെ തലമുറ?’’
‘‘കൃത്യമായി അറിയില്ല. ഇടക്കു ടി.വിയിൽ ഉണ്ടായിരുന്നു. നാലാം തലമുറയിൽപെട്ട... -മൻസലത്ത് - വളരെ ലളിതജീവിതമാണ് അവരുടേത്.’’
‘‘ഉം...’’ 
(ബിരിയാണിയിൽ കിഴങ്ങിടുന്നതും ലാളിത്യമാണ്), ഞാൻ സ്വയം പറഞ്ഞു.

കഴിച്ചുതീരാത്ത പാത്രവും പറഞ്ഞുതീർക്കാത്ത കഥയുമായി ശുശാന്ത് തിരിഞ്ഞു നടന്നു.

ബാക്കി കഥ അവിടെ നിന്നാണ് തുടങ്ങേണ്ടത്. മറ്റിയാബ്രൂജിൽനിന്ന് -മൻസിലത്ത് ഫാത്തിമ -കഥാനായിക  ഇനി  ആ രാജകുമാരിയാണ്.
അസ്തമയ സൂര്യ​​​​​​​​​​​​െൻറ അരുണിമയുടെ പ്രഭയിൽ അവൾ ഈ കഥ തുടരട്ടെ!
safrasindo@gmail.com

Tags:    
News Summary - History of Kolkata Biryani -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.