ബംഗളൂരു: െഎ.എസ്.ആർ.ഒയുടെ ചരിത്രദൗത്യമായ ഗഗൻയാനിൽ ഇന്ത്യക്കാരായ മൂന്നുപേർക്കൊപ്പം ഇഡ്ഡലിയും സാമ്പാറും ബഹിരാകാശത്തെത്തുമോ? 2022ൽ ബഹിരാകാശത്തേക്ക് കുതിക്കുന്ന ഗഗൻയാനിലെ യാത്രക്കാരാവുന്ന ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ പരീക്ഷണം മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിൽ (ഡി.എഫ്.ആർ.എൽ) നടക്കുകയാണ്. ദൗത്യത്തിൽ പങ്കാളികളാവേണ്ട ശാസ്ത്രജ്ഞരെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും അവർക്കുള്ള ഭക്ഷണ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ത്യയുടെ തനത് വിഭവങ്ങൾ ഇക്കൂട്ടത്തിലുണ്ടാവുമെന്നാണ് ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻറ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അധികൃതർ വ്യക്തമാക്കുന്നത്. റൊട്ടി, ഗോതമ്പ് റോൾ, ഇഡ്ഡലിയും സാമ്പാറും, കിച്ചടി, അവൽ, മാങ്ങയുടെയും പൈനാപ്പിളിെൻറയും ജ്യൂസ് തുടങ്ങി പൊട്ടറ്റോ ചിപ്സ് വരെയുള്ള വിവിധ ഭക്ഷണങ്ങളാണ് ബഹിരാകാശത്തേക്ക് പറക്കാൻ സർക്കാറിൽനിന്ന് അനുമതി കാത്തിരിക്കുന്നത്.
ബഹിരാകാശ യാത്രികർക്കായി റെഡി ടു ഇൗറ്റ്, ഇൗസി ടു മേക്ക് ഭക്ഷണങ്ങളാണ് ഒരുക്കുക. മാവുകൊണ്ട് നിർമിക്കുന്നതും തിന്നാൻ കഴിയുന്നതുമായ പാത്രവും ഗ്ലാസും സ്പൂണും വരെ ബഹിരാകാശ യാത്രികർക്കായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ബഹിരാകാശ യാത്രക്കിടെ പലവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് അവരുടെ ഭക്ഷണം ആവശ്യമായ ഉൗർജം ഉറപ്പാക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കുന്നതുമായിരിക്കണം. ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കാനാകണം.
ഗുരുത്വാകർഷണമില്ലാത്തയിടങ്ങളിൽ ഉപയോഗിക്കാനാവുംവിധം പ്രത്യേകമായാണ് ബഹിരാകാശയാത്രികർക്കായി ഒരുക്കുക. ഇതിനാവശ്യമായ എല്ലാ സാേങ്കതികവിദ്യയും സ്ഥാപനത്തിലുണ്ടെന്നും തുടർനടപടികൾക്ക് സർക്കാറിെൻറ അനുമതി കാത്തിരിക്കുകയാണെന്നും ഡി.എഫ്.ആർ.എൽ അസോസിയേറ്റ് ഡയറക്ടർ എ.ഡി. സെംവാൽ പറഞ്ഞു. സൈനിക ഭക്ഷ്യ സാേങ്കതികവിദ്യ സംബന്ധിച്ച് കഴിഞ്ഞദിവസം മൈസൂരുവിൽ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹം ബഹിരാകാശ യാത്രികർക്കുള്ള തനത് ഇന്ത്യൻ വിഭവങ്ങളുടെ വിശേഷം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.