ചെറുതോണി: ചക്കകൊണ്ടുണ്ടാക്കുന്ന വിവിധയിനം കൊതിയൂറും വിഭവങ്ങൾ ഇനിമുതൽ ഇടുക്കിയിൽ നിന്നെത്തും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പൈനാവ് താന്നിക്കണ്ടത്ത് ആരംഭിച്ച ചക്ക സംസ്കരണ യൂനിറ്റിൽനിന്നാണ് ചക്കവിഭവങ്ങൾ വിപണിയിലെത്തിക്കുന്നത്. പ്രധാനമായും വനിതകൾക്ക് തൊഴിലും ഉപതൊഴിലും ലക്ഷ്യമിട്ടുള്ളതാണ് ചക്ക സംസ്കരണ യൂനിറ്റ്.
പാചക രംഗത്ത് പരിശീലനം സിദ്ധിച്ച വീട്ടമ്മമാർ തയാറാക്കുന്ന ചക്കയപ്പം, ചക്കവരട്ടി, ചക്കപ്പായസം, ചക്ക ഉണ്ണിയപ്പം, ചക്കയലുവ, ചക്കയട, ചക്ക ബജി തുടങ്ങി ഒരുഡസൻ വിഭവങ്ങളാണ് പാക്കറ്റുകളിലാക്കി വിപണികളിലെത്തിക്കുന്നത്. ത്രിതല പഞ്ചായത്തുകൾ അനുവദിച്ച തുകയുടെ കൂടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപകൂടി ചേർത്ത് 30 ലക്ഷം രൂപ മുതൽമുടക്കിലാണ് യൂനിറ്റ് ആരംഭിച്ചത്.
പൊതുപ്രവർത്തകനായ പാറത്തോട് ആൻറണി സംഭാവന നൽകിയ ഒരേക്കർ സ്ഥലത്ത് പ്രകൃതിരമണീയമായ കുന്നുംപുറത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചുനൽകി. കാർഷിക വ്യവസായ സഹകരണസംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച യൂനിറ്റിെൻറ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിച്ചു. ഷാജി തുണ്ടത്തിൽ പ്രസിഡൻറും അനില സെക്രട്ടറിയും ടിൻറു സുഭാഷ് വൈസ് പ്രസിഡൻറുമായ സംഘത്തിെൻറ പ്രവർത്തനം പൂർണമായും ജനപങ്കാളിത്തത്തോടെയാണ്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇടംനേടിയ വയനാട് കൽപറ്റ ആസ്ഥാനമായുള്ള ചക്ക സംസ്കരണ യൂനിറ്റ് ഡയറക്ടർ പത്മിനി ശിവദാസിെൻറ മേൽനോട്ടത്തിൽ 23 തൊഴിലാളികൾക്ക് ഉദ്ഘാടനത്തിനുമുമ്പ് വിദഗ്ധ പരിശീലനം നൽകിയിരുന്നു. ജില്ല വ്യവസായ കേന്ദ്രത്തിൽനിന്നും ജില്ല കലക്ടറേറ്റിൽനിന്നും കഴിഞ്ഞമാസം വിരമിച്ച പ്ലാനിങ് ഓഫിസർ ഷീലയുടെയും സഹായവും മാർഗനിർദേശവും സംഘത്തിന് ഗുണകരമായി. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി കുറഞ്ഞ വില ഈടാക്കിയാണ് വിഭവങ്ങൾ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.