ആരോഗ്യ സംരക്ഷണത്തിന്‍റെ കഥ പറയുന്ന മണ്ണാണ് കടത്തനാടിന്‍റേത്. കളരി, ആയുര്‍വേദം, നാട്ടുവൈദ്യം എന്നിങ്ങനെ വൈവിധ്യങ്ങളുടെ തട്ടകമായിരുന്നു ഈ നാട്. കാലം മാറി. പഴയ കടത്തനാട്, ഇന്നത്തെ വടകര പുതിയ കഥ പറയുകയാണ്. പുതിയ കാലത്തിന്‍െറ ഫാസ്റ്റ് ഫുഡ് തിളക്കങ്ങള്‍ക്കിടയിലും ഭക്ഷണം മരുന്നാക്കിയ പഴയ തലമുറയുടെ ശേഷിപ്പുകളുണ്ട്. ഇവിടെയാണ് വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ‘സാത്വിക ഭക്ഷണശാല’ ഹോട്ടലിന്‍റെ പ്രസക്തി. ഇവിടത്തെ ഭക്ഷണരീതി ഇതിന്‍റെ തെളിവാണ്.
പ്രഭാതം മുതല്‍ ചായക്കുപകരം ജാപ്പിയാണ് ലഭിക്കുക. ഒപ്പം മുത്താറിപ്പുട്ട്, മുത്താറി ദോശ, ചോളപ്പുട്ട്, ചീരപ്പുട്ട്, ബീറ്റ്റൂട്ട് പുട്ട്, നാടന്‍പുട്ട്, കൊയക്കട്ട (കൊഴക്കട്ട), ദോശ, ചപ്പാത്തി എന്നിവക്കൊപ്പം മുളപ്പിച്ച കടല, ചെറുപയര്‍, ഗ്രീന്‍ ബീന്‍സ് എന്നിവയുടെ കറിയാണുള്ളത്. ഉച്ചയൂണിന് ഉണങ്ങലരി ചോറ്, സാമ്പാര്‍, നാടന്‍ മോരുകറി, രസം, മോര് കാച്ചിയത്, അവിയല്‍, നെല്ലിക്കാച്ചമ്മന്തി ഒപ്പം മുത്താറി, കൂവ, ഗോതമ്പ് എന്നിവയുടെ പായസം എന്നിവയും ഉണ്ടാകും.
ഇതിനുപുറമെ നെയ്ച്ചോറിനെ ഓര്‍മപ്പെടുത്തുന്ന വെളിച്ചെണ്ണച്ചോറ് ഇവിടത്തെ പ്രത്യേകതയാണ്. ജൈവ കാര്‍ഷിക വിളകള്‍ ഉപയോഗിച്ചാണ് ഇവിടെ കറികള്‍ ഒരുക്കുന്നത്. ജാപ്പിക്കൊപ്പം ചെറുകടിയായി ഇലയപ്പം, ഉഴുന്നുവട, മരക്കിഴങ്ങ് പുഴുക്ക്, കടലഫ്രൈ, ഗോതമ്പിന്‍റെ ഉണ്ട, നാടന്‍ പുഴുക്ക് എന്നിവയും ഒരുക്കുന്നുണ്ട്. പാരമ്പര്യത്തിന്‍റെ നന്മകള്‍ കാത്തുസൂക്ഷിക്കുന്ന ഭക്ഷണ സംസ്കാരം സൃഷ്ടിക്കുകയെന്നത് ഏറക്കാലത്തെ മോഹമായിരുന്നെന്നും ഇതിന് നല്ല രീതിയിലുള്ള പ്രതികരണം ലഭിക്കുമ്പോള്‍ ഏറെ സന്തോഷമാണുള്ളതെന്നും ഭക്ഷണശാല നടത്തിപ്പിന് നേതൃത്വം കൊടുക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ മേപ്പയില്‍ ഭാസ്കരന്‍ മാസ്റ്റര്‍ പറയുന്നു.
ഇതിനുപുറമെ അടക്കാതെരു ദേശീയപാത യോരത്തെ കോഫി ഹൗസ്, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സസ്യ ഹോട്ടല്‍, ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്‍െറ വഴിയില്‍ എം.ആര്‍.എ, എം.ആര്‍, ഒപാല്‍ എന്നീ ഹോട്ടലുകളും വടകരയിലുണ്ട്.
തയാറാക്കിയത്: അനൂപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.