????????? ???? ?? ?????????

കോവളം രുചിയുടെ തിരയിളക്കം

വിനോദ സഞ്ചാരികളുടെ പറുദീസയായ കോവളത്ത് വിദേശികളെ കാത്തിരിക്കുന്നത് ലോകരുചിയുടെ കൗതുക ലോകമാണ്. വിദേശീയര്‍ക്കായി ഹോട്ടലുകളില്‍ യൂറോപ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ ശൈലിയിലുള്ളതും വ്യത്യസ്ത രുചിയൂറുന്നതുമായ നൂറുകണക്കിന് വിഭവങ്ങളാണുള്ളത്. മെക്സിക്കന്‍ വിഭവങ്ങള്‍ എന്നറിയപ്പെടുന്ന മെക്സിക്കന്‍ ഫജിത്താസ്, കാജൂന്‍, ചിമിചാങ്, ബുറിറ്റോസ് എന്നിവ എല്ലാ വിദേശികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ്. ഫജിത്താസ്, കാജൂന്‍ എന്നീ പേരുകളിലുള്ള പ്രത്യേകം തയാറാക്കിയ ചേരുവകള്‍ വിദേശത്തു നിന്നും എത്തിച്ചാണ് പാചകം എന്നതാണ് പ്രത്യേകത. മൈദാ മാവില്‍ തയാറാക്കിയെടുക്കുന്ന റോളിനുള്ളില്‍ ചിക്കന്‍, ബീഫ്, കൊഞ്ച്, മറ്റു മത്സ്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി തയാറാക്കുന്ന ഫജിത്താസ് പ്രധാന ഇനമാണ്.

കാജൂന്‍ സ്പൈസസുകള്‍ ചേര്‍ത്ത് തയാറാക്കുന്ന  മറ്റൊരു പ്രധാന വിഭവമാണ്. ചിക്കന്‍, ബീഫ്, കൊഞ്ച്, ഫിഷ് എന്നിവ ഉള്‍പ്പെടുത്തി കാജൂന്‍ തയാറാക്കാനാകും. പച്ചക്കറികള്‍, ഉരുളക്കിഴങ്ങ് എന്നിവ പ്രത്യേകം ഫ്രൈ ചെയ്ത് ഇവക്കൊപ്പം വിളമ്പുന്നതാണ് ഇതിന്‍െറ പ്രത്യേകത. ബീഫില്‍ തയാറാക്കുന്ന മറ്റൊരു ഭക്ഷണമാണ് ചിമിചാങ്. മൈദ, ചില്ലി, ചീസ് എന്നിവയാണ് ഉപയോഗിക്കുന്നത്. മെക്സിക്കന്‍ റീഫ്രൈഡ് ബീന്‍സ്, തക്കാളി, ചീസ്, പ്രത്യേക ക്രീമുകള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കുന്നതാണ്  ബുറിറ്റോസ്. എല്ലാ മെക്സിക്കന്‍ വിഭവങ്ങള്‍ക്കൊപ്പവും ചോറ്, ഫ്രെഷ് ക്രീമുകള്‍, സോസുകള്‍, ചീസുകള്‍ എന്നിവയും ലഭിക്കും.

വിദേശ ഭാഷകളില്‍ മെനു എഴുതിയ കോവളത്തെ ഒരു ബോര്‍ഡ്
 


മെക്സിക്കന്‍ വിഭവങ്ങള്‍ ലഭിക്കുന്ന കോവളത്തെ ഏക ഹോട്ടലാണ് സമുദ്ര ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന മോളീസ് റിട്രീറ്റ് ആന്‍ഡ് റസ്റ്റാറന്‍റ്. പാസ്റ്റ എന്ന പേരിലുള്ള ഇറ്റാലിയന്‍ വിഭവങ്ങള്‍, പ്രധാന ഇന്ത്യന്‍ വിഭവങ്ങളും കേരള സ്റ്റൈല്‍ മസാല, കേരള ചില്ലിചിക്കന്‍, ബീഫ് റെന്‍ഡാങ് എന്നിവയും സ്പെഷല്‍  വിഭവങ്ങളാണ്. എല്ലാ സൗകര്യങ്ങളോടെയും പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടല്‍ 2013ല്‍ ട്രിപ് അഡൈ്വസര്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

അതിഥി ദേവോഭവ

സഞ്ചാരികളുടെ ഇഷ്ട സങ്കേതമായ കോവളത്ത് ആദ്യമായി വിദേശികള്‍ക്ക് ആതിഥ്യമരുളിയത് പഞ്ചായത്ത് പ്രസിഡന്‍റും പൊതുപ്രവര്‍ത്തകനുമായിരുന്ന നീലകണ്ഠ പണിക്കരാണ്. അദ്ദേഹത്തിന്‍െറ വസതിയായിരുന്ന ബഹുനില കെട്ടിടമാണ് പിന്നീട് ഹോട്ടലായി മാറിയത്. കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലെ ആദ്യ ഹോട്ടല്‍ എന്ന ബഹുമതി ഈ ബ്ലൂ സീ ഹോട്ടലിനാണ്. 1984ല്‍ അദ്ദേഹം തന്നെയായിരുന്നു ഹോട്ടലിന് തുടക്കമിട്ടത്. പോര്‍ചുഗീസ്-കേരള മാതൃകയില്‍ മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.

കോവളം ബീച്ച്
 


താമസ സൗകര്യത്തിനു പുറമെ കെട്ടിടത്തിന്‍റെ ശില്‍പഭംഗിയും നിരവധി വിദേശ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. പണിക്കരുടെ ചെറുമകന്‍ സാബുവാണ് ഇപ്പോള്‍ ഉടമ. റസ്റ്റാറന്‍റ് പ്രവര്‍ത്തനം ഇല്ലെങ്കിലും താമസത്തിനെത്തുന്ന  വിദേശികള്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കുന്നുണ്ട്. വന്‍ ഹോട്ടലുകളുള്ള കോവളത്ത് പഴയ തനിമ നിലനിര്‍ത്തി സംരക്ഷിക്കുന്നു എന്നതാണ് ഈ ഹോട്ടലിന്‍െറ പ്രത്യേകത.

ചൂണ്ടിക്കൊടുത്താല്‍ കറി

കോവളത്തെത്തുന്ന വിദേശ സഞ്ചാരികളുടെ ഏറ്റവും ഇഷ്ടവിഭവം എന്നതിലുപരി ആകര്‍ഷകവുമാണ് സീ ഫുഡ്.  മത്സ്യത്തിന് പ്രാധാന്യം നല്‍കിയുള്ള വ്യത്യസ്ത ഇനം വിഭവങ്ങള്‍ ഇവിടെയുണ്ട്. ഇത്തരം വിഭവങ്ങള്‍ ഭൂരിപക്ഷം ഹോട്ടലുകളിലും ലഭിക്കുമെങ്കിലും സീ ഷോര്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് വേറിട്ട വിഭവങ്ങളൊരുക്കി വിദേശികളെ ആകര്‍ഷിക്കുന്നതില്‍ മുന്നിലാണ്. യൂറോപ്യന്‍ സലാഡ്, ഗ്രില്‍ഡ് ഫിഷ്, മൗള്‍ മെറിനിയര്‍, മാരിനിയര്‍, സീ ഫുഡ് ബാസ്കറ്റ്  എന്നീ ഇനങ്ങള്‍ക്കൊപ്പം ചില പ്രത്യേക വിഭവങ്ങളും ഇവിടെ തയാറാക്കി നല്‍കുന്നു.

ട്യൂണ സലാഡ്
 


സലാഡ് യൂറോപ്യന്‍ ഇവിടത്തെ മാത്രം വിഭവമാണ്. ട്യൂണ സലാഡ് ഇതില്‍ പ്രധാന ആകര്‍ഷണമാണ്. കുക്കുംബര്‍, അവാക്കാഡോ, ഗ്രീന്‍ പെപ്പര്‍, ചെറി റ്റൊമാറ്റോ, അസ്പരാഗസ്, ലെറ്റ്യൂസ് എന്നിവ ഒലിവെണ്ണയില്‍ തയാറാക്കുന്നതാണ് ഈ വിഭവം. ഇതില്‍ കൊഞ്ച് സലാഡും വ്യത്യസ്ത  ഇനമാണ്. ലെറ്റ്യൂസ്, ചെറി റ്റൊമാറ്റോ, കുക്കുംബര്‍, ചീസ്, ബ്ലാക്ക് ഒലിവ് ഓയില്‍ എന്നിവ ഉപയോഗിച്ചാണ് തയാറാക്കുന്നത്.  സീസര്‍, വോള്‍ഡോഫ്, നീസ്വാ എന്നിവ ഫ്രഞ്ച് സലാഡുകളാണ്. എല്ലാ യൂറോപ്യന്‍ രാജ്യക്കാരും ഇഷ്ടപ്പെടുന്ന സീ ഫുഡ് ഇനമാണ് ഗ്രില്‍ഡ് ഫുഡ്. വിവിധ തരം മത്സ്യങ്ങളും ബീച്ചിനോട് ചേര്‍ന്ന് റസ്റ്റാറന്‍റിന്  മുന്നിലായി പ്രദര്‍ശിപ്പിക്കും.

പ്രോൺ ഡിഷെസ്
 


വിദേശികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട മത്സ്യങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കാം. അതുപയോഗിച്ചുള്ള ഇഷ്ടവിഭവങ്ങള്‍ ഉടന്‍ തയാറാക്കി നല്‍കുന്നതാണ് രീതി. സീസണ്‍ കാലങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമണിയോടെയാണ്  പ്രദര്‍ശനം. മാര്‍ലിന്‍ എന്നറിയപ്പെടുന്ന ഓലത്തള മീനിനാണ് ആവശ്യക്കാരേറെ. ചുണ്ട് നീണ്ട ഈ മീനിന് ആറ് അടിയോളം നീളം വരും. പൊട്ടാറ്റോ ചിപ്സും സലാഡുമാണ് ഇതോടൊപ്പം നല്‍കുന്നത്. ബട്ടര്‍ ഫിഷ്, സീസല്‍മോന്‍, ബ്ലൂ മര്‍ലിന്‍, വൈറ്റ്സ്നാപ്പര്‍, ബാരാക്കുഡ എന്നിവ ഇത്തരത്തില്‍ ഉപയോഗിക്കുന്ന മത്സ്യങ്ങളാണ്. ലേലത്തില്‍ കൂടാതെ മൊത്ത വ്യാപാരികളിൽ നിന്നുമാണ് മത്സ്യം വാങ്ങുന്നത്. ചിപ്പി കൊണ്ടുള്ള വിഭവമാണ് മൗള്‍ മെറിനിയര്‍. റഷ്യക്കാര്‍ക്കാണ് ഇത് ഏറെ ഇഷ്ടം. കൊഞ്ച്, ഞണ്ട്, കണവ, ചിപ്പി എന്നീ മത്സ്യങ്ങള്‍  ഉള്‍പ്പെടുത്തി തയാറാക്കുന്നതാണ് സീ ഫുഡ് ബാസ്കറ്റ്.

കോണ്ടിനെന്‍റല്‍, കേരള രീതിയിലും ഇവ തയാറാക്കും. തേങ്ങ ഉപയോഗിച്ച് കേരള രീതിയില്‍ തയാറാക്കുന്ന കണവതോരന്‍, ചെട്ടിനാട് കൊഞ്ച്,  കരിമീന്‍ ഫ്രൈ, ചിപ്പിതോരന്‍ എന്നിവക്കും പ്രിയമാണ്. എരിവ് കുറച്ച്  തയാറാക്കുന്ന ഫിഷ് മോളി വിത്ത് റൈസ്എല്ലാ രാജ്യക്കാര്‍ക്കും ഇഷ്ടവിഭവമാണ്. ബസുമതി അരിയാണ് ഉപയോഗിക്കുന്നത്. വെള്ളനാട് സ്വദേശി അജിത്കുമാര്‍ ആണ് സീ ഷോര്‍ ഹോട്ടലിന്‍റെ ഉടമ.

തയാറാക്കിയത്: അനിൽ സംസ്കാര

Tags:    
News Summary - kovalam sea foods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.