ഓരോ രീതിയുണ്ട് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാൻ

ശരിയായി സൂക്ഷിക്കാത്തതു കൊണ്ടാണ് പലപ്പോഴും ഭക്ഷ്യവസ്തുക്കള്‍ നശിക്കുന്നത്. ഇതൊഴിവാക്കാന്‍ ഓരോ തരം ഭക്ഷ്യവസ്തുവും ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള വഴികള്‍ അറിഞ്ഞിരിക്കണം. കേടാവാത്തതും ഫ്രഷ് ആയതും നോക്കി വേണം വാങ്ങാന്‍. അപ്പോള്‍ ഭക്ഷ്യവസ്തുവിന് മികച്ച ഗുണനിലവാരമുണ്ടാകുമെന്ന് മാത്രമല്ല, കൂടുതല്‍ നാള്‍ കേടാകാതെ സൂക്ഷിക്കാനുമാവും. ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ...

പച്ചക്കറി: കൃഷിസ്ഥലത്തു നിന്ന് ഒട്ടേറെ യാത്ര ചെയ്താണ് ഒട്ടുമിക്ക പച്ചക്കറികളും നമ്മുടെ പക്കലത്തെുന്നത്. അതു കൊണ്ടുതന്നെ അതില്‍ ഒട്ടേറെ ബാക്ടീരിയകളുണ്ടാകും. കൂടാതെ കീടനാശിനിയും. അതുകൊണ്ട് വാങ്ങിക്കൊണ്ടുവന്ന പച്ചക്കറി അതേവഴി ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. തണുത്ത വെള്ളത്തിലിട്ട് നന്നായി കഴുകിത്തുടച്ച് നനവ് നീക്കി വേണം ഫ്രിഡ്ജില്‍ വെക്കാന്‍. കഴുകാന്‍ വേണമെങ്കില്‍ അണുനാശകങ്ങള്‍ ഉപയോഗിക്കാം. ഏറ്റവും ഫ്രഷായത് നോക്കി വാങ്ങിയാല്‍ കൂടുതല്‍കാലം കേടുകൂടാതെ സൂക്ഷിക്കാനാവും. സവാള, ഉരുളക്കിഴങ്ങ്, ഉള്ളി പോലുള്ളവ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. നല്ല വായുസഞ്ചാരമുള്ള കൊട്ടകളില്‍ അവ സൂക്ഷിക്കാം. ഇത്തരത്തില്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ പച്ചക്കറികള്‍ ഒരാഴ്ചയോളം കേടുകൂടാതിരിക്കും.

പഴങ്ങള്‍: ഏറ്റവും പുതിയതും കേടുകൂടാത്തതും നോക്കി വാങ്ങുക. നന്നായി കഴുകി, നനവ് നീക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരാഴ്ച വരെ കേടുകൂടാതിരിക്കും. 

ഇറച്ചി: വാങ്ങുമ്പോള്‍ ഏറ്റവും ഫ്രഷായത് വാങ്ങുക. അപ്പോള്‍ രുചികൂടും എന്ന് മാത്രമല്ല, കൂടുതല്‍കാലം കേടാവാതെ സൂക്ഷിക്കാനുമാവും. മാട്ടിറച്ചി ചുവന്നിരിക്കും. ആട്ടിറച്ചിയില്‍ അല്‍പം കൊഴുപ്പുണ്ടായിരിക്കണം. ശരിയായി പരിചരണം ലഭിച്ച ആടിെന്‍റ ഇറച്ചിയാണെന്ന് ഇങ്ങനെ ഉറപ്പിക്കാനാവും. ഇറച്ചിയുടെ നിറം കടുത്ത ചുവപ്പോ പിങ്കോ ആണെങ്കില്‍ അത് ഗുണനിലവാരം കുറവാണെന്നതിെന്‍റ സൂചനയാണ്. പ്രായക്കൂടുതലുള്ള മൃഗത്തിെന്‍റ ഇറച്ചിയായിരിക്കും അത്. പെണ്ണാടിെന്‍റ ഇറച്ചി മിക്കവാറും പിങ്ക് നിറമായിരിക്കും. പ്രായക്കൂടുതലുള്ള ഇത്തരം ഇറച്ചി വേവാന്‍ ഏറെ സമയമെടുക്കും. എപ്പോഴും വിശ്വസ്തനായ, സ്ഥിരം വാങ്ങുന്നയാളുടെ അടുത്ത് നിന്നും ഇറച്ചി വാങ്ങുന്നതാണ് നല്ലത്. സൂപ്പര്‍മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍നിന്ന് വാങ്ങുമ്പോള്‍ ഗന്ധം, നിറം എന്നിവ നോക്കി പഴക്കമില്ലാത്തത് വാങ്ങുക. 

ഇറച്ചി ബുച്ചറി ബാഗില്‍ നന്നായി പൊതിഞ്ഞ് വേണം ഫ്രീസറില്‍ സൂക്ഷിക്കാന്‍. ഫ്രീസറിലെ താപനില മൈനസ് 18 ഡിഗ്രിയെങ്കിലുമായിരിക്കണം. ഓരോ നേരത്തേക്കും ആവശ്യമുള്ള ഭാഗങ്ങളായി വേര്‍തിരിച്ച് പ്രത്യേകം ബാഗില്‍ വേണം സൂക്ഷിക്കാന്‍. ഒരിക്കല്‍ ഫ്രീസറില്‍ നിന്നെടുത്ത് സാധാരണ താപനിലയിലെത്തിച്ച് കുറച്ചെടുത്ത ശേഷം ബാക്കി തിരികെ ഫ്രീസറില്‍ വെക്കരുത്. ഇത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടും. രുചിയും നഷ്ടമാവും. ഫ്രീസറില്‍ വെച്ച ഇറച്ചി ഉപയോഗിക്കാനായി എടുക്കുമ്പോള്‍ ഐസ് ഉരുകാന്‍ പുറത്തെടുത്ത് വെക്കുകയോ വെള്ളത്തിലിടുകയോ അല്ല ചെയ്യേണ്ടത്. പാചകത്തിന് മുമ്പേ ഫ്രീസറില്‍ നിന്നെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് വേണ്ടത്. 

മത്സ്യം: പുതിയ മത്സ്യം നോക്കി വാങ്ങുക. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മത്സ്യം പുതിയതാണോ എന്ന് ഉറപ്പിക്കാനാവും. പച്ച മത്സ്യത്തിന്‍റെ കണ്ണിന് നല്ല തിളക്കമുണ്ടായിരിക്കും. തൊട്ടുനോക്കിയാല്‍ ഉടല്‍ ഉറച്ചിരിക്കും. വാലിന് നല്ല ബലമുണ്ടാവും. ദുര്‍ഗന്ധമുണ്ടാവില്ല. ചെകിള തുറന്ന് നോക്കിയാല്‍ നല്ല ചുവന്ന നിറത്തിലായിരിക്കും. മീന്‍ വാങ്ങിയ ശേഷം വൃത്തിയാക്കി, മുറിച്ച്, ഓരോ നേരത്തേക്കും ആവശ്യമായ അളവില്‍ പ്രത്യേകം പ്രത്യേകം ബാഗിലാക്കി വേണം ഫ്രീസറില്‍ സൂക്ഷിക്കാന്‍. 

മുട്ട: പുതിയത് നോക്കി വാങ്ങുക. വാങ്ങിയ മുട്ടയുടെ പുറം നന്നായി കഴുകാതെ ഉപയോഗിക്കുകയോ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയോ ചെയ്യരുത്. അത്തരം സാഹചര്യത്തില്‍ ബാക്ടീരിയല്‍ അണുബാധക്ക് സാധ്യതയുണ്ട്. 

പാല്‍: പാല്‍പാക്കറ്റുകള്‍ ഫ്രിഡ്ജില്‍ വേണം സൂക്ഷിക്കാന്‍. ആവശ്യത്തിന് എടുത്ത ശേഷം ബാക്കിയുണ്ടെങ്കില്‍ പാത്രത്തിലൊഴിച്ച് അടച്ച് വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. 

ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍: നല്ലത് നോക്കിവാങ്ങുക. നല്ല സംഭരണികളില്‍ വായുസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളില്‍ സൂക്ഷിക്കുക. 

റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍: എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. ബാക്കിയായത് അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഫ്രൈഡ് റൈസ്, ചൈനീസ് വിഭവങ്ങള്‍ തുടങ്ങിയവ പാകം ചെയ്യുകയോ വാങ്ങുകയോ ചെയ്താല്‍ ഉടന്‍ ഉപയോഗിക്കുക. കൂടുതല്‍ സമയം സൂക്ഷിച്ചുവെക്കരുത്. 

തയാറാക്കിയത്: സി.ജി. സോജന്‍,
എക്സിക്യൂട്ടിവ് ഷെഫ്, രാവിസ് കടവ് റിസോര്‍ട്ട്, കോഴിക്കോട് 

Tags:    
News Summary - Precautions for Food Items in House Safely -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.