വീട്ടമ്മമാരുടെ കൂട്ടുകാരിയാണ് ഫ്രിഡ്ജ്. എളുപ്പം നശിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കേടാവാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് ചെയ്യുന്ന സഹായം ചില്ലറയല്ല. എന്നാല്‍, ശരിയായ വിധത്തില്‍ പരിപാലിച്ചില്ലെങ്കില്‍ ഈ സഹായി വലിയ അപകടകാരിയായി മാറും. അപ്പോള്‍ ഭക്ഷണം എളുപ്പത്തില്‍ കേടാവും. ഗുരുതരമായ ഭക്ഷ്യവിഷബാധയുണ്ടാകും. ഫ്രിഡ്ജ് ഫലപ്രദമായി ഉപയോഗപ്പെടുത്താനും അത് ബാക്ടീരിയയുടെ കൂടാവാതെ സൂക്ഷിക്കാനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ...
- ഫ്രിഡ്ജിലെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി സൂക്ഷിക്കണം, ഫ്രീസറിലേത് പൂജ്യം ഡിഗ്രിയിലും
- വെള്ളവും മറ്റും ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ ചില്ലുപാത്രത്തില്‍ വെക്കുക. കുപ്പി വെള്ളം വാങ്ങുന്ന കുപ്പിയില്‍ വെക്കരുത്. അവ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്.
- ഫ്രിഡ്ജ് കൂടെക്കൂടെ തുറക്കരുത്. അത് വൈദ്യുതി പാഴാക്കുമെന്ന് മാത്രമല്ല, ധാരാളം ബാക്ടീരിയകള്‍ ഉള്ളില്‍ കടക്കാനും ഇടയാകും. ഉള്ളില്‍ വേണ്ടത്ര തണുപ്പില്ലെങ്കില്‍ ബാക്ടീരിയകള്‍ പെരുകി ഭക്ഷ്യവിഷബാധക്ക് ഇടവരുത്തും. കൂടെക്കൂടെ കറന്‍റ് പോവുകയും കൂടെക്കൂടെ തുറക്കുകയും ചെയ്യുമ്പോള്‍ അതിനുള്ള സാധ്യത കൂടും. കറന്‍റില്ലാത്ത സമയങ്ങളില്‍ ഫ്രിഡ്ജ് തുറക്കുന്നത് പരമാവധി കുറക്കുക.
- വേവിച്ചതും വേവിക്കാത്തതും പ്രത്യേകം അടച്ച് സൂക്ഷിക്കണം. വേവിക്കാത്ത ഇറച്ചി, മീന്‍ എന്നിവയില്‍ ധാരാളം സൂക്ഷ്മാണുക്കളുണ്ടാവും. അവ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ചില്ലെങ്കില്‍ അണുക്കള്‍ മറ്റു ഭക്ഷ്യവസ്തുക്കളിലേക്ക് കടക്കാന്‍ ഇടയാകും.
- വേവിക്കാതെ ഉപയോഗിക്കുന്നവ, റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍, പഴങ്ങള്‍, ജാമുകള്‍, സോസുകള്‍ തുടങ്ങിയവയൊക്കെ ഫ്രിഡ്ജിലെ മുകള്‍ ഭാഗത്തോ വാതിലിലോ സൂക്ഷിക്കുന്നതാണ് നല്ലത്.
- വേവിച്ച് ഉപയോഗിക്കുന്ന ഇറച്ചി, മീന്‍, മാവുകള്‍ തുടങ്ങിയവയൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടി വരുമ്പോള്‍ അവ താഴെയുള്ള റാക്കുകളില്‍ വെക്കുക. ഒരിക്കലും റെഡി ടു ഈറ്റ് വിഭവങ്ങളുടെ മുകളില്‍ വെക്കരുത്.
- പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകി, കീടനാശിനികളും അണുക്കളും ഇല്ലാതാക്കി നനവു തുടച്ച് വേണം ഫ്രിഡ്ജില്‍ വെക്കാന്‍. വെള്ളത്തുള്ളികള്‍ പറ്റിയിരിക്കുന്നത് വേഗം കേടാകാന്‍ ഇടയാക്കും.
- ഫ്രിഡ്ജില്‍ വെക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ക്ലീന്‍ഫിലിമിലും ഫ്രീസറില്‍ വെക്കുന്നവ ബുച്ചറി ബാഗിലും പൊതിഞ്ഞ് വേണം സൂക്ഷിക്കാന്‍. കടയില്‍നിന്ന് വാങ്ങിവരുന്ന അതേ പ്ലാസ്റ്റിക് കവറില്‍ പച്ചക്കറി ഫ്രിഡ്ജില്‍ വെക്കരുത്.
- ഫ്രിഡ്ജില്‍ പാത്രങ്ങള്‍ തിക്കിഞെരുക്കി വെക്കരുത്. പാത്രങ്ങള്‍ പരസ്പരം മുട്ടാതെ വെച്ചാലേ അവക്കിടയിലൂടെ വായു സഞ്ചാരമുണ്ടാവൂ.
- ഒരു പാത്രത്തില്‍ തന്നെ പലതരം വസ്തുക്കള്‍ വെക്കരുത്. ബാക്കി വന്ന ഭക്ഷ്യവസ്തുക്കള്‍ പാത്രത്തിലാക്കി അടച്ച്, പാചകം ചെയ്ത തീയതി രേഖപ്പെടുത്തി വേണം ഫ്രിഡ്ജില്‍ വെക്കാന്‍.
- പാകംചെയ്ത വിഭവങ്ങള്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കരുത്.
- പാചകം ചെയ്ത വിഭവങ്ങള്‍ ഒട്ടേറെ നേരം പുറത്ത് വെച്ച ശേഷമല്ല ഫ്രിഡ്ജില്‍ വെക്കേണ്ടത്. ഫ്രിഡ്ജില്‍ സൂക്ഷിക്കാനുദ്ദേശിക്കുന്നവ പാചകം കഴിഞ്ഞ ഉടന്‍ ഐസ് ബാത്തിലോ മറ്റോ വെച്ച് 20-15 ഡിഗ്രി വരെ തണുപ്പിച്ച ശേഷം ഉടന്‍ ഫ്രിഡ്ജില്‍ വെക്കുക. ഫ്രീസറില്‍ -18 ഡിഗ്രിയും ഫ്രിഡ്ജില്‍ 2-5 ഡിഗ്രിയും താപനില നിലനിര്‍ത്താന്‍ ശ്രദ്ധവെക്കണം. അഞ്ച് ഡിഗ്രിക്കും 63 ഡിഗ്രിക്കും ഇടയിലുള്ള താപനിലയിലാണ് ഭക്ഷണം കേടാവാന്‍ ഏറ്റവും സാധ്യത. ഇത് അപകടമേഖലയാണ്. ഈ താപനിലയിലാണ് ഏറ്റവുമധികം ബാക്ടീരിയ വളര്‍ച്ചയുണ്ടാകുന്നത്.
- ഫ്രിഡ്ജിനുള്ളില്‍ ജ്യൂസുകള്‍, കറിയുടെ ചാറുകള്‍ തുടങ്ങിയവ തുളുമ്പി വീഴാന്‍ ഇടയാക്കരുത്.
- മൂന്ന് ദിവസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ ഫ്രിഡ്ജ് ഡീഫ്രോസ്റ്റ്് ചെയ്യുകയും വൃത്തിയാക്കുകയും വേണം.
- ആഴ്ചയിലൊരിക്കലെങ്കിലും ഫ്രിഡ്ജ് പരിശോധിച്ച് പഴയ ഭക്ഷ്യവസ്തുക്കളും കേടായ പഴങ്ങളും ഉപയോഗിച്ച് ബാക്കിയായതുമൊക്കെ എടുത്ത് കളയണം.
- രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഫ്രിഡ്ജില്‍ നിന്ന് എല്ലാം എടുത്തുമാറ്റി വൃത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.