കയ്പമംഗലത്തിനടുത്ത് കുമ്പളപറമ്പ് സെന്ററിലുള്ള കരിമാലിക്കല്‍ സണ്ണിയുടെ ചായക്കടയില്‍ എത്ര വിവാദമായ കാര്യം ചര്‍ച്ചയില്‍ വന്നാലും വഴി വിട്ടു പോകില്ല. അത്രക്ക് ഇഴയടുപ്പമാണ് ഇവിടെ സൗഹൃദങ്ങള്‍ക്ക്...
‘‘പത്തു മിനിറ്റ് വൈകിയല്ലോ ശശീ?’’- എല്ലാ ദിവസവും ആദ്യം ചായ കുടിക്കാനെത്തുന്ന ടൗണിലെ പാറാവുകാരൻ ശിവനോട്, കട തുറക്കുന്നതിനിടയിൽ സണ്ണിച്ചേട്ടൻ പറഞ്ഞപ്പോഴേക്കും പത്രക്കാരന്റെ സൈക്കിൾ ശബ്ദം ദൂരെനിന്നു കേട്ടു. ‘‘നിങ്ങൾക്ക് കട സമയത്തിന് തുറക്കാൻ പറ്റില്ലെങ്കിൽ താക്കോലിങ്ങ് തന്നേക്ക്. ഇനിമുതൽ ഞാൻ തുറക്കാം. ഞങ്ങൾ വന്നാൽ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഈ ചായക്കട ശരിയാക്കാൻ വല്യ ബുദ്ധിമുട്ടുള്ള കാര്യമല്ല’’- തമാശയിലാണെങ്കിലും മധുരം കൂട്ടാതെ ശശി കടുപ്പത്തിലങ്ങ് പറഞ്ഞു.
തൃശൂർ ജില്ലയിൽ കയ്പമംഗലത്തിനടുത്ത് കുമ്പളപറമ്പ് സെൻററിലുള്ള കരിമാലിക്കൽ സണ്ണിയുടെ ചായക്കടയാണിത്. പിതാവിന് അസുഖമായതോടെ പന്ത്രണ്ടാം വയസ്സുമുതൽ നാട്ടുകാർക്ക് ചായ പകർന്നു കൊടുക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ വയസ്സ് അമ്പത്തിയാറ്. കെട്ടിടത്തിന് വാർധക്യം തെളിഞ്ഞു കാണാം. തേക്കാത്ത മൺകട്ടച്ചുമര്, ശ്വാസം നിലക്കാറായ ഫാൻ. നിറഞ്ഞുനിൽക്കുന്ന മാറാലയാണ് മേൽക്കൂരയെ താങ്ങിനിർത്തുന്നതെന്ന് തോന്നും. പഴമയുടെ പെരുങ്കളിയാട്ടത്തിനിടെ ചുമരിൽ തൂങ്ങിനിൽക്കുന്ന ഫോട്ടോയിലെ യേശുവിെൻറ ചിരിക്ക് മാത്രം കാഴ്ചയിൽ വലിയ പഴക്കമില്ല. എല്ലാറ്റിനും മൂകസാക്ഷിയായി ചുമരിൽചാരിനിൽക്കുന്നുണ്ട് തുരുമ്പുപിടിച്ച തപാൽപെട്ടി. ഇവിടെ എത്തിയാൽ അക്ഷരാർഥത്തിൽ കാലം പിറകിലേക്ക് നടക്കുന്നതായി തോന്നും.
സണ്ണിയും ശശിയും സംസാരിച്ചുനിൽക്കുന്നതിനിടെയാണ് തൊണ്ണൂറു പിന്നിട്ട സുബ്രഹ്മണ്യൻ ആശാരി വരുന്നത്. വാർധക്യം സുബ്രഹ്മണ്യനെക്കൊണ്ട് ഊന്നുവടി എടുപ്പിച്ചിരുന്നു. പുറമെ തണുപ്പിനെ അകറ്റാൻ സ്വെറ്ററും ഷാളും. ‘‘നാലു മാസത്തെ പെൻഷൻ ഉടൻ കിട്ടും കേട്ടോ’’ -ചെവി നന്നേ പതുക്കെയായ ആശാരിയോട് കക്ഷത്തിൽനിന്ന് പാർട്ടി പത്രമെടുത്ത് നിവർത്തിക്കാട്ടി ശശി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. കുമ്പളപ്പറമ്പ് സെൻററിലുള്ള മുഴുവൻ പേരും അത് കേട്ടുകാണും.
പൊടി അൽപം കൂട്ടിയിട്ടുള്ള ചായ ഇരുവർക്കും കൊടുത്ത ശേഷം സണ്ണി ധിറുതിയിൽ അകത്തേക്ക് പോയി. കണ്ണട ബെഞ്ചിൽ ഊരിവെച്ച് ചൂടുചായ കുടിക്കുന്നതിനിടെ സുബ്രഹ്മണ്യൻ, ശശിയോട് മറുപടി പറഞ്ഞു. ‘‘ഈ സർക്കാർ വന്നപ്പോൾ തുടക്കത്തിൽ പെൻഷൻ സമയത്തിന് കിട്ടിയിരുന്നു. പിന്നെ കണക്കാ... എപ്പോഴെങ്കിലും കിട്ട്യാലായി. പത്രത്തിൽ വാർത്തകൊടുത്തിട്ടെന്താ കാര്യം, കൈയിൽ പൈസ എത്തണ്ടേ...’’- നാട്ടിലെ തലമൂത്ത കോൺഗ്രസുകാരൻകൂടിയായ സുബ്രഹ്മണ്യന്റെ സർക്കാറിനെ കുറിച്ചുള്ള വിമർശനം ശശിക്ക് അത്ര ദഹിച്ചിെല്ലങ്കിലും മറുപടി പറഞ്ഞില്ല.
‘‘അപ്പച്ചന് എങ്ങനുണ്ട് കുറവുണ്ടോ?’’ തൂക്കുപാത്രവുമായി ചായവാങ്ങാനെത്തിയ പ്ലസ് വണ്ണിന് പഠിക്കുന്ന ആൽബിനോട് സണ്ണിച്ചേട്ടൻ ചോദിച്ചു. ‘‘ചെറിയ ആശ്വാസമുണ്ട്’’-ബഞ്ചിലിരുന്ന് പത്രത്തിലെ സ്പോർട്സ് പേജ് പരതുന്നതിനിടെ അവൻ മറുപടി പറഞ്ഞു. ചായയൊഴിച്ച് സണ്ണി തൂക്കുപാത്രം കൊടുത്ത ഉടൻ ആൽബിൻ വീട്ടിലേക്കോടി. ഇതിനിടയിലാണ്, പൊതുവെ മിതഭാഷിയും ശാന്തസ്വഭാവക്കാരനുമായ റിട്ട. അധ്യാപകൻ അജിതൻ കയറിവന്നത്. തൊട്ടുപിറകിൽ കൂലിപ്പണിക്കാരനായ ലിജീഷും ഉണ്ടായിരുന്നു.
ചായകുടിക്കാനായി ആളുകൾ എത്തിക്കൊണ്ടേയിരിക്കുന്നു. അടുക്കളയിൽനിന്ന് ചായക്കലം തിളക്കുന്ന ശബ്ദം പുറത്തേക്ക് കേൾക്കാൻ തുടങ്ങിപ്പോൾ പുറത്ത് ചർച്ചക്ക് തീപിടിച്ച ഘട്ടമായിരുന്നു. ‘‘ആറര വർഷം ഭരിച്ച് ഗാന്ധിയുടെ സ്വപ്നം പൂവണിയിപ്പിക്കാൻ നിങ്ങൾക്കായോ ’’ -സി.പി.എമ്മുകാരനായ 78കാരൻ ധർമന്റെ ആ ചോദ്യം കോൺഗ്രസിൽ അടിയുറച്ച് വിശ്വസിക്കുന്ന ഭാസി ഐനിക്കാടിന് ദഹിച്ചില്ല. ഗ്ലാസിലെ ചായ പകുതിയോളം ഒറ്റവലിക്ക് കുടിച്ച ഭാസി പഴകിത്തുടങ്ങിയ കുർത്തയുടെ കോളർ ഒന്നുശരിയാക്കി നെടുനീളൻ മറുപടി പറഞ്ഞുതുടങ്ങി.
‘‘രാജ്യത്ത് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ, ഇപ്പോൾ എന്താണ് അവസ്ഥ. ഗാന്ധി കണ്ട സ്വപ്നമാണോ ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ജനങ്ങളെ തമ്മിത്തല്ലിക്കല്ലേ. ഉപ്പുതൊട്ട് കർപ്പൂരം വരെ വിലകൂടി. സി.പി.എമ്മിെൻറ ദേശീയനേതാവിനെ വരെ പാർട്ടി ആപ്പീസിൽ കയറി ആക്രമിച്ചില്ലേ’’ -സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് ഇരുകൈകളുമുയർത്തി പ്രസംഗശൈലിയിൽ പറയുന്നതിനിടെ വലതുകൈയിലെ പഴംപൊരി ഉറക്കംവിട്ട് ആവേശത്തോടെ എണീറ്റുനിന്നു. അതിനിടയിലാണ് നോട്ട് നിരോധനവും ജി.എസ്.ടിയും ഭാസിയെ പിന്താങ്ങിക്കൊണ്ട് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാത്ത ഇപ്പൂട്ടിയും രംഗത്തുവന്നത്.
കുമ്പളപ്പറമ്പ് സെൻററിലെ ജനങ്ങൾ ഒരുമിച്ചിരുന്ന് കൂടുന്ന ചായക്കടയാണിത്. ഗ്രാമീണ നിഷ്കളങ്കത ഈ ചെറിയ കടയിൽ പ്രകടം. കേരളവും കേന്ദ്രവും കോൺഗ്രസും ബി.ജെ.പിയും ഇടതുപക്ഷവും ഇവിടെ വിചാരണ ചെയ്യപ്പെടും. സർക്കാറുകളുടെ നിലപാടുകൾ ഇഴകീറി പരിശോധിക്കും. ഓരോ ദിവസവും ഈ നാട്ടിൽ നടക്കുന്ന പരിപാടികൾ കടയിലെ ചുമരിലുള്ള നോട്ടീസ് ബോർഡിൽ എഴുതി ഒട്ടിക്കുമെന്ന് സണ്ണി പറയുന്നു. പുറത്തുനിന്ന് ആരെങ്കിലും വന്നാൽ അവർക്ക് പോകേണ്ട വീടിെൻറ അഡ്രസ് കൃത്യമായി പറഞ്ഞുകൊടുക്കും. ഇത്തരത്തിൽ ഈ നാട്ടിലെ ഒരു ഇൻഫർമേഷൻ സെന്റർകൂടിയാണ് തന്റെ കടയെന്ന് ചായഗ്ലാസ് ഓരോന്നായി കഴുകിവെക്കുന്നതിനിടെ സണ്ണി പറഞ്ഞു.
ചായകുടിച്ച് പലരും പണം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, ഒന്നും മിണ്ടാതെയുമാണ് ഇറങ്ങിപ്പോകുന്നത്. ഇതുകണ്ട് അത്ഭുതത്തോടെ ചോദിച്ചപ്പോൾ സണ്ണിയേട്ടന്റെ മറുപടി: ‘‘എനിക്കറിയാം ആരെല്ലാം ചായകുടിച്ചിട്ടുണ്ടെന്ന്. പിന്നെ ആരും പണം തരാതെ പറ്റിക്കുകയൊന്നുമില്ല. വൈകുന്നേരമാകുമ്പോൾ പലരും പണം തരും. അല്ലാത്തവരുടെ പേര് ബുക്കിൽ എഴുതിവെക്കും.’’
ഞങ്ങൾ മടങ്ങാനിരിക്കെയാണ് തൊണ്ണൂറിലേറെ വയസ്സ് തോന്നിക്കുന്ന ഒരു അമ്മൂമ്മ കടയിലേക്ക് കയറിവന്നത്. അവർ വന്നപാടെ െബഞ്ചിന്റെ മൂലയിൽ നിന്ന് ദേവദാസ് എഴുന്നേറ്റുകൊടുത്തു. അമ്മാമ്മയുടെ സീറ്റ് ഇതാണെന്ന് ദേവദാസ് ഞങ്ങളോട് പറഞ്ഞു. വർഷങ്ങളായി ഇവിടെ ചായകുടിക്കാൻ വരാറുണ്ട് ഇവരെന്നും പേര് അയ്യപ്പെണ്ണാണെന്നും സണ്ണിച്ചേട്ടൻ പറഞ്ഞപ്പോൾ ഞങ്ങളോട് ഒരു ചിരിക്കുക പോലും ചെയ്യാതെ മോണ കൊണ്ട് നെയ്യപ്പം കടിച്ചുപറിക്കുകയായിരുന്നു അവർ. മനുഷ്യരെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ജാതിമത പ്രായഭേദമന്യേ ജനങ്ങൾ ഒരു മേശക്കുചുറ്റും ഇരുന്ന് സംസാരിക്കുമ്പോഴുള്ള ജനാധിപത്യബോധവും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മനോഹാരിതയും വേണ്ടുവോളം ഈ ചായക്കടയിൽ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.