‘‘ഗ്യാസിന്റെ സബ്സിഡി എടുത്തുകളഞ്ഞാലെന്താ, നിങ്ങളെ പീടിയേല് ബെറിന്റെ കൊള്ളിയോണ്ടല്ലേ ചായ തിളപ്പിക്കുന്നേ? പിന്നെന്തായാന്താല്ലേ...’’ ഏഴരയോടെ ജാനു ഏട്ടിരെ പീടികയിലെത്തിയ മുൻ നക്സൽ പ്രവർത്തകൻകൂടിയായ ദേവദാസിന്റെ സംസാരത്തോടെയാണ് മണക്കടവിൽ പുഴയരികിലെ ചായപ്പീടികയിലെ സംസാരങ്ങൾക്ക് തുടക്കമായത്. ‘‘അപ്പോ, വീട്ടിലോ ദാസാ... നീ മേണിച്ചോരോ ഗ്യാസുംകുറ്റി’’ -ജാനു ഏട്ടിരെ മറുപടിയും പെെട്ടന്നായിരുന്നു. കാസർകോട് ജില്ലയിലെ മടിക്കൈ ഗ്രാമത്തിലെ മണക്കടവ് ദേശത്തെ പുഴയോട് ചേർന്നുള്ള ജാനു ഏട്ടിരെ ചായപ്പീടികയിൽ ആകാശത്തിന് താഴെവരുന്ന എല്ലാ വിഷയങ്ങളും ചർച്ചയാകുന്നുണ്ടെന്ന ഞങ്ങളുടെ തോന്നൽ വെറുതെയായിരുന്നില്ല. അവിടെ തുടങ്ങിയ സംസാരം ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ അറസ്റ്റിലേക്ക് വഴിമാറിയത് കൃഷ്ണേട്ടന്റെ ചിരിപടർന്ന സംസാരത്തിലൂടെയായിരുന്നു. ‘‘അപ്പുണ്ണിന്നെല്ലം കേട്ടപ്പോ ഞാൻ വിചാരിച്ചിന് തൊണ്ടനാറ്റായിരിക്കൂന്ന്’’ -കൃഷ്ണേട്ടൻ ഇത് പറഞ്ഞതും രാഘവേട്ടൻ ഏറ്റെടുത്തു. ‘‘അതേതായാലും പാങ്ങായിന്, എല്ലാരീം പിടിക്കുന്ന് അനക്ക് അന്നേ തോന്നീന്’’ എന്നായിരുന്നു രാഘവേട്ടന്റെ മറുപടി. ‘‘പിടിച്ചിട്ട് എന്തുകാര്യം, ഇതെല്ലാം അവസാനമ്പം ഒന്നൂല്ലാതാവും’’ -കൃഷ്ണേട്ടന്റെ ആത്മഗതം.
‘‘അതെല്ലും പോട്ട്, എന്തായാലും മുഖ്യമന്ത്രി അങ്ങനെയൊന്നും പറയണ്ടായിരുന്നു. പത്രക്കാറ് പോയിറ്റേങ്കില് ആട നടന്നതെല്ലാം അപ്യ മാത്രം അറിഞ്ഞാ മതിയോ...’’ മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ ആക്രോശത്തിനെതിരായിരുന്നു പീടികയിലുണ്ടായിരുന്നവരുടെ സംസാരമെല്ലാം. ‘‘പാർട്ടിഗ്രാമം കൂടിയായ മടിക്കൈയിൽനിന്ന് ഇങ്ങനെങ്കീല് പിണറായിടെ വർത്താനത്തിന് ഏട പിന്തുണ കിട്ടാൻപ്പ’’ -പ്രഭാകരേട്ടനും ആ അഭിപ്രായത്തെ പിന്താങ്ങി. ആകെയുള്ള 15 വാർഡിൽ 13ൽ സി.പി.എം അംഗങ്ങളും ഒാരോ വാർഡിൽ സി.പി.െഎയും ബി.ജെ.പിയും പ്രതിനിധാനം ചെയ്യുന്നതാണ് മടിെക്കെ പഞ്ചായത്ത് ഭരണസമിതി. ജാനു ഏട്ടിരെ ഭർത്താവും കേണമംഗലം കഴകത്തിലെ കാരണവരുമായ കുഞ്ഞിക്കണ്ണേട്ടനെ ആശുപത്രി കൊണ്ടാവാനുള്ള തിരക്കില്‍ ജാനു ഏട്ടിരെ മോനും പീടിയല് ഒന്ന് വന്നുപോയി. വർഷങ്ങൾക്കുമുമ്പ് കണ്ണേട്ടൻ തുടങ്ങിയ കട ഇന്ന് ജാനു ഏട്ടി തന്നെയാണ് നോക്കിനടത്തുന്നത്. ‘‘കുഞ്ഞിക്കണ്ണേട്ടൻ രാവിലെത്തന്നെ ഒരുങ്ങിറ്റ് വന്നീന്, ആശുപത്രിയില്‍ പോവാൻ’’ -ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനത്തെക്കുറിച്ച് മോശമായിരുന്നില്ല കുഞ്ഞിക്കണ്ണേട്ടന്റെ അഭിപ്രായം. പിന്നെ വയസ്സ് പത്തെൺപതായില്ലേ, ഇെത്രന്നായത് പറഞ്ഞാമതി -കണ്ണേട്ടൻ പറഞ്ഞു നിർത്തി. ചായ കുടിക്കാൻ വന്ന ചെറുപ്പക്കാരനായ സതീശേട്ടനും മുതിർന്നവരുടെ സംസാരം കേട്ട് ബെഞ്ചിന്റെ സൈഡിൽ ഇടംപിടിച്ചു. സ്കൂളിലേക്കുള്ള ബസും കാത്ത് പീടികയരികിൽ എത്തിയ കുഞ്ഞുമക്കളോട് ‘‘ചായ വേണോ മക്കളേ’’ എന്ന ജാനു ഏട്ടീരെ ചോദ്യംകേട്ട് കണ്ണേട്ടനും പറഞ്ഞു: ‘‘വേണോങ്കി കുടിച്ചോ കുഞ്ഞ്ളെ...’’
അത്രേം പറയുേമ്പാഴേക്കും ഭാഗ്യക്കുറിയുമായി നാരാണേട്ടൻ പീടിയേലേെക്കത്തി. പിന്നെ വർത്താനം ഭാഗ്യാന്വേഷികളെക്കുറിച്ചും കഴിഞ്ഞദിവസം നാരാണേട്ടൻ വിറ്റ ലോട്ടറിയിൽ നിന്ന് 65 ലക്ഷം സമ്മാനം സ്വന്തമാക്കിയ ഇതര സംസ്ഥാന െതാഴിലാളിയെയും കുറിച്ചായി. കഴിഞ്ഞദിവസം നാരാണേട്ടൻ വിറ്റ ടിക്കറ്റിലായിരുന്നു ഒന്നാം സമ്മാനം. കർണാടകയിൽനിന്ന് മടിക്കൈ ഗ്രാമത്തിലേക്ക് നിർമാണമേഖലയിൽ തൊഴിലിനായെത്തിയ യുവാവിനായിരുന്നു സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചപ്പോൾ രണ്ട് കർണാടകക്കാർക്കിടയിലുണ്ടായ തർക്കം പരിഹരിച്ചതും മടിക്കൈക്കാരായിരുന്നു. ഒരാളെടുത്ത ടിക്കറ്റിൽനിന്ന് സുഹൃത്തായ മറ്റൊരാൾ വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ആ ബേജാറ് തീർക്കാൻ പത്ത് ലക്ഷമെങ്കിലും കർണാടകയിൽ നിന്നു തന്നെയുള്ള സുഹൃത്തിന് കൊടുക്കണമെന്ന നിബന്ധനവെച്ചതും അവരത് അംഗീകരിച്ച കാര്യവും പ്രഭാകരേട്ടനാണ് ഞങ്ങളോട് പറഞ്ഞത്. ടിക്കറ്റ് കാഞ്ഞങ്ങാെട്ട ബാങ്കിൽ ഏൽപിച്ചതും പിന്നെല്ലാം അവര്‍ തമ്മിലാക്കിക്കോെട്ടന്ന് തീരുമാനിച്ചതായും ഭാഗ്യക്കുറി ഏജൻറ് നാരായണേട്ടനും പറഞ്ഞു. എല്ലാ മേഖലയിലും ഇതര സംസ്ഥാനക്കാർ കടന്നുവന്ന സാഹചര്യമുണ്ടാക്കിയത് നാട്ടിലെ ചെറുപ്പക്കാർ മുഴുവൻ ഗൾഫിലേക്ക് പോയതിനാലാണെന്ന് രാഘവേട്ടന്റെ പക്ഷം. ‘‘പിന്നല്ല, ഇൗട്ന്ന് കിട്ട്ന്ന പൈസക്ക് ആർക്ക് ജീവിക്കാനാവൂപ്പ, ഗൾഫെന്ന ആശ്രയം’’ -പ്രവാസി കൂടിയായ ദേവദാസിന്റെ മറുപടി. ‘‘ഉം... ഇനി അധികകാലൊന്നുണ്ടാവില്ല ആടത്തെ പണി. എല്ലാം അപ്പന്നെ എടുക്കാൻ തൊടങ്ങീറ്റ്ണ്ട്.’’
പീടികയുടെ മുന്നിലെ പുഴയിലുള്ള കലക്കവെള്ളം കണ്ടിട്ട് സതീശേട്ടൻ പറഞ്ഞു: ‘‘കുറച്ച് തെളിഞ്ഞ് കിട്ടിനെങ്കില് ചൂണ്ട ഇടായിരുന്നു’’. ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കാര്യത്തിൽ സതീശന കയിഞ്ഞെറ്റേ ഇൗ മണക്കടവില്‍ വേറെ ആളില്ലൂ’’ -ജാനു ഏട്ടി പറഞ്ഞു. ‘‘കിട്ടിയ മീനിൽ കൊറച്ച് എപ്പളും ജാനു ഏട്ടിക്കും കൊടക്കല്ണ്ട്, അയിന്റെ സ്നേഹാ’’ -സതീശേട്ടൻ പറഞ്ഞു. ഇതൊക്കെ നടക്കുന്നതിനിടയിൽ രണ്ട് ഇതര സംസ്ഥാനക്കാർ ചായക്കടേലെത്തി ചാേയം കടീം തിന്നശേഷം പൈസ കടം പറഞ്ഞുംപോയി. ശനിയാഴ്ച കൃത്യം കൂലി കിട്ടിയാൽ ഉടനെ അവർ കടം തന്നുതീർക്കും. പറ്റിക്കുന്ന ഏർപ്പാട് ഇതുവരെയായിട്ട് ഉണ്ടായിട്ടില്ലെന്നായിരുന്നു കുഞ്ഞിക്കണ്ണേട്ടൻ പറഞ്ഞത്. സമയം എട്ടരയോടടുത്തതോടെ നാടൻപണിക്കുള്ള കൈക്കോട്ടും ഉൾക്കോട്ടുമായി ദാമോദരേട്ടൻ പീടിയേൽ നിന്നിറങ്ങി. ‘‘ന്നാപ്പിന്നെ ഞാനും അടുത്ത ബസിന് ചെമ്മട്ടംവയലിലേക്ക് പോലായിേട്ടാ കുഞ്ഞോളേ’’ -കുഞ്ഞിക്കണ്ണേട്ടനും ബസ്സ്റ്റോപ്പിലേക്ക് നീങ്ങി. ഇനി ആളും അനക്കും ആവണോങ്കി ബൈന്നേരാവുന്ന് പറഞ്ഞ് ചെറുകടി എന്തെങ്കിലുണ്ടാക്കി ബെക്കാനായി ജാനു ഏട്ടീം അടുക്കളേലേക്ക് കേറിപ്പോയി. ഗ്രാമീണത നിറഞ്ഞ ആ അന്തരീക്ഷത്തിൽ അൽപനേരം നിന്ന് അവരുടെ വാക്കുകൾ കേട്ടറിഞ്ഞ് ഞങ്ങളും ജാനു ഏട്ടിയോട് യാത്രപറഞ്ഞ് അവിടന്നിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.