കല്യാണക്കുറി അടിക്കണം, വിളിക്കണം, പന്തൽ ഒരുക്കണം, പാചകക്കാരെൻറ കുറിപ്പടിപ്രകാരം അളവും തൂക്കവും കുറയാതെ ഉപ്പു മുതൽ കർപ്പൂരം വരെയുള്ളത് വാങ്ങണം. മുല്ലപ്പൂവും കല്യാണക്കാറും ഒരുക്കണം. മകളുടെയോ മകെൻറയോ കല്യാണക്കാര്യം ആലോചിച്ചാൽ കാര്യങ്ങൾ പലതാണ്. പലയിടത്തും ഒാടിയെത്താൻ പറ്റുമോ എന്ന ആശങ്കയും കൂടിയാകുേമ്പാൾ ബി.പിയും കുത്തനെ കൂടും. ബി.പിയും കൊളസ്ട്രോളും കൂട്ടാതെ മക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തി കുറ്റവും കുറവും ഇല്ലാെത കല്യാണം നടത്തിത്തരാൻ ഒരു ടീമുണ്ട് ഇപ്പോൾ കേരളത്തിൽ.
ആലപ്പുഴയിലെ കഞ്ഞിക്കുഴിയിൽ 50 കുടുംബശ്രീ പ്രവര്‍ത്തകർ ചേർന്ന് രൂപവത്കരിച്ച ‘വനിത സെല്‍ഫി’ എന്ന ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്. ഒരു വിവാഹമാണ് നിങ്ങള്‍ ഏല്പിക്കുന്നതെങ്കിൽ അനുയോജ്യരായ വധൂവരന്മാരെ കണ്ടുപിടിക്കുന്നതും ക്ഷണക്കത്ത് തെരഞ്ഞെടുത്ത് അച്ചടിക്കലും പന്തലിടുന്നതും പാചകക്കാരെ ഏര്‍പ്പാടാക്കലും പാചകസാധനങ്ങള്‍ വാങ്ങിക്കലും ഭക്ഷണം വിളമ്പലും തുടങ്ങി ആദ്യവസാനം കാര്യക്കാരായി നിന്ന് കല്യാണം മംഗളപരമായി നടത്തിത്തരും ഇൗ ടീം.
അധ്യാപികയായ സുദര്‍ശനയുടെ ആശയത്തിന് ആലപ്പുഴ കഞ്ഞിക്കുഴി സര്‍വിസ് സഹകരണ ബാങ്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാന സഹകരണ മേഖലയിലെ വനിതകളുടെ ആദ്യ ഇവൻറ് മാനേജ്മെൻറ് ഗ്രൂപ് പിറന്നത്. 2016 ഡിസംബർ 17ന് ഡോ. ബി. സന്ധ്യ ഐ.പി.എസ് ആണ് ‘ആഘോഷങ്ങളെ അണിയിച്ചൊരുക്കാന്‍ വനിത സെല്‍ഫി’ എന്ന സംരംഭം ഉദ്ഘാടനം ചെയ്തത്. ആഴ്ചകൾക്ക് മുമ്പ് ആലപ്പുഴയിലെ റെയ്ബാൻ ഓഡിറ്റോറിയത്തില്‍ നടന്ന 2000 പേര് പെങ്കടുത്ത കല്യാണത്തിെൻറ സദ്യ വിളമ്പിയത് ഇൗ ടീമാണ്.
വിവാഹം മാത്രമല്ല, ഏത് ആഘോഷ പരിപാടികളും സന്തോഷത്തോടെ ഗ്രൂപ് ഏറ്റെടുക്കും. ഓരോ അംഗത്തിനും 400 രൂപയും യാത്രച്ചെലവുമാണ് ഒരുദിവസത്തെ വേതനമെന്ന് വനിത സെല്‍ഫിയുടെ കോഓഡിനേറ്ററായ സുദര്‍ശന ടീച്ചര്‍ പറഞ്ഞു. വനിത സെല്‍ഫിയുടെ അധ്യക്ഷ കഞ്ഞിക്കുഴി പഞ്ചായത്തിെൻറ മുന്‍പ്രസിഡൻറ് ഗീത കാര്‍ത്തികേയനും സെക്രട്ടറി സി.ഡി.എസ് മുന്‍ കണ്‍വീനര്‍ അനില ബോസുമാണ്. കെ. സുദര്ശനാബായിയുടെയും വി. പ്രസന്നെൻറയും നേതൃത്വത്തിലുള്ള ഉപദേശകസമിതിയും ഇവരുടെ മേല്‍നോട്ടത്തിനായി പ്രവര്‍ത്തിക്കുന്നു.
തയാറാക്കിയത്: തൗഫീഖ് അസ് ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.