പൊടിക്കാറ്റ് വീശുന്ന തെരുവുകളിൽ യുദ്ധഭീതി പരത്തി വെടിയൊച്ചകൾ.. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഇടക്കിടെ മാറിത്താമസം... ഇറാഖിലെ യുദ്ധകാലം അത്രമേൽ ഓർമകൾ നിറഞ്ഞതാണ് പി. ശിവശങ്കരൻ നായർക്ക്. ജീവിതം കരുപ്പിടിപ്പിക്കാനാഗ്രഹിച്ച് എത്തിപ്പെട്ട സാഹചര്യം അത്രമേൽ വെല്ലുവിളികൾ നിറഞ്ഞതായിട്ടും മരുപ്പച്ചകൾ തീർത്ത് നന്മയുടെ കഥകളുമായി മടങ്ങിയ മലയാളികളുടെ കാക്കത്തൊള്ളായിരം കഥകളിൽ ശിവശങ്കരന്‍റെ കഥ വേറിട്ടതാണ്. നന്മകളുടെ നനുത്ത ഓർമകൾക്കൊപ്പം ചരിത്രത്തിലെ മറവിയുടെ പൊടിക്കാറ്റിനോട് സ്നേഹം കൊണ്ട് ചെറുത്തുനിൽക്കുന്ന കഥ.
'ഇറാഖിലെത്തിയ കാലം പ്രശ്നമുഖരിതമായിരുന്നു. യുദ്ധം പരത്തിയ ആശങ്കകൾക്കിടയിലും ഇന്ത്യക്കാരായ ഞാനടക്കമുള്ള നൂറുകണക്കിന് പേർ ആ മണ്ണിൽ ഭാഗ്യം തേടി ഇറങ്ങി. നാട്ടിലെ സാമ്പത്തിക അരക്ഷിതാവസ്ഥക്ക് ഏക പരിഹാരമായി ഉയർത്തിക്കാട്ടപ്പെട്ടത് പ്രവാസമായിരുന്നു. ഗൾഫിലും പേർഷ്യയിലുമെല്ലാം തൊഴിലെടുത്ത് പത്രാസുകാരനായി നാട്ടിൽ തിരിച്ചെത്തി ജീവിക്കുന്നതിന്‍റെ തിളക്കമുള്ള ചിത്രങ്ങൾ മനസ്സിൽെവച്ചാണ് ഓരോരുത്തരും ഇവിടെ നിന്ന് വണ്ടികയറിയത്.ഉള്ള ചെറിയ തൊഴിൽ ഉപേക്ഷിച്ച് ഞാനും അക്കൂട്ടത്തിൽ ചേർന്നു, ഇറാഖിലെത്തി.' കൽപാത്തിപ്പുഴക്കരികെയുള്ള വീട്ടിൽ ശിവശങ്കരൻ നായരുടെ ഓർമകൾ ഈറനണിയുകയായിരുന്നു.
ആശകൾക്കൊപ്പം ആശങ്കകളും കോപ്പുകൂട്ടിയ പ്രഭാതങ്ങളൊന്നിലാണ് ശിവശങ്കരൻ സദ്ദാമെന്ന ഭരണാധികാരിയെക്കുറിച്ച് കേൾക്കുന്നത്. ഈ നാട്ടിൽ ജീവിക്കാൻ എത്തിയവരെ നാം ജീവൻ ത്യജിച്ചാലും കാക്കണമെന്ന സദ്ദാമിന്‍റെ നിർദേശം പട്ടാളക്കാരിൽ നിന്ന് കേട്ടത് മുതൽ ശിവശങ്കരന് ആ മനുഷ്യൻ കൗതുകമായി. പിന്നീടങ്ങോട്ട് സദ്ദാം എന്ന ഭരണാധികാരി ഇറാഖിനെന്നപോലെ ശിവശങ്കരൻ നായർക്കും പ്രിയപ്പെട്ടയാളായി മാറി. പതിറ്റാണ്ടുകൾക്കിപ്പുറം 'സദ്ദാം പ്രിയപ്പെട്ട സദ്ദാം' എന്ന് ഓർമകളെ കൂട്ടുപിടിച്ച് ഉരുവിടുമ്പോൾ നരവീണുതുടങ്ങിയ കൺപീലികളുടെ ഓരത്തു നിന്ന് മുഖത്തെ ചുളിവുകളിലൂടെ ഒരുകണ്ണുനീർത്തുള്ളി ഒഴുകിയിറങ്ങി. ലോകമെന്തും പറയെട്ട ശിവശങ്കരൻ നായർക്ക് സദ്ദാം ഹുസൈൻ അത്രമേൽ പ്രിയപ്പെട്ടവനാണ്. വീടിന് മുന്നിൽ ചുവരോട് ചേർത്ത് സദ്ദാമിന്‍റെ ഫോട്ടോ ഫ്രെയിം ചെയ്ത് സിമൻറ് ചേർത്ത് ഒട്ടിക്കുമ്പോൾ ഹൃദയത്തിൽ ആ ബിംബം പതിഞ്ഞത്രയും ഉറപ്പുവേണമെന്ന് നിർബന്ധമായിരുന്നുവെന്ന് പറയും ശിവശങ്കരൻ നായർ.
ബറോഡ റയോൺസിൽ സ്പിന്നിങ് ഓപറേറ്ററായിരുന്നു ശിവശങ്കരൻ നായർ. ഇതിനിടെയാണ് വിദേശജോലിയെന്ന സ്വപ്നമുയരുന്നത്. ഇറാഖ് -ഇറാൻ യുദ്ധം തുടരുന്ന കാലം. റയോൺസിലെ ജോലി രാജിവെച്ച് നാലുമാസത്തോളം കാത്തിരിക്കേണ്ടി വന്നിരുന്നു ശിവശങ്കരൻ നായർക്ക് കടൽ കടക്കാൻ. ഇറാഖിലെ സ്റ്റാർബക് കമ്പനിയിലേക്കായിരുന്നു ശിവശങ്കരനും മറ്റുനാലുപേർക്കും ജോലി ലഭിച്ചത്. 1982ൽ ഇറാഖിൽ ചെന്നിറങ്ങുന്ന കാലത്തെ യുദ്ധസമാനമായ സാഹചര്യം വിവരിക്കുമ്പോൾ ശിവശങ്കരൻെറ ശബ്ദത്തിൽ കണ്ണെത്തുന്ന ദൂരത്ത് പൊട്ടിച്ചിതറുന്ന ബോംബുകളുടെ പ്രകമ്പനം മിന്നിമറഞ്ഞ പോലെ. മലയാളികളും തമിഴൻമാരുമടക്കം അമ്പതോളം പേരുണ്ടായിരുന്നു ശിവശങ്കരനൊപ്പം ഇറാഖിലേക്ക് അത്തവണ.
സ്പിന്നിങ് ഓപറേറ്റർ ജോലി ആഗ്രഹിച്ച് ഇറാഖിലെത്തിയ ശിവശങ്കരന് ഏതാനും ദിവസങ്ങൾക്കകം അത്തരം ജോലിയൊന്നും എത്തിയ നാട്ടിൽ ഇല്ലെന്ന് മനസ്സിലായി. സാമ്പത്തിക നഷ്ടം സഹിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് പകരം ഇറാഖിൽ അക്കാലത്ത് സജീവമായ ബസ്രാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി സംഘടിപ്പിച്ച് തരട്ടേയെന്ന മലയാളി ഏജന്‍റിന്‍റെ വാഗ്ദാനത്തിന് മൂളാൻ ശിവശങ്കരന് അധികനേരം വേണ്ടിവന്നില്ല. സ്പിന്നിങ് മിൽ ഓപറേറ്ററായ ശിവശങ്കരൻ അങ്ങനെ ഇന്ത്യൻ കുക്കായി. 2500 ആളുകൾക്കുള്ള ഭക്ഷണം തയാറാക്കുന്ന കാന്‍റീനിൽ പരിമിതമായ പാചക അറിവുകൾ കൊണ്ട് പിടിച്ചുനിൽക്കാനുള്ള യുദ്ധം.
ഏതാനും ആഴ്ചകൾ പാചകരീതികൾക്കിടയിൽ കാര്യമായ പിടിയില്ലാതെ ശിവശങ്കരൻ വിയർത്തു. ചുരുങ്ങിയ കാലത്തിൽ ഇറാഖിൻെറ രുചിവൈവിധ്യങ്ങൾക്കൊപ്പം പാശ്ചാത്യഭക്ഷണങ്ങളിൽ കൂടി വൈദഗ്ധ്യം നേടിയതോടെ ശിവശങ്കരൻ എണ്ണം പറഞ്ഞ വെപ്പുകാരനായി. എന്തിനധികം പാലക്കാടിൻെറ അസ്സൽ ഉഴുന്നുവടയടക്കം ശിവശങ്കൻെറ കൈപ്പുണ്യത്തിന് വിദൂര ദേശത്ത് കൈയടി നേടിക്കൊടുത്തു. ഇറാഖെന്നാൽ നന്മയുടെ ഭൂമിയാണെന്ന് പറയും ശിവശങ്കരൻ നായർ. തന്‍റെ ജീവിതം കെട്ടിപ്പടുക്കാൻ ഇന്ധനമായത് ആ ഭൂമിയുടെ സ്നേഹവും ഊഷ്മളതയുമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സദ്ദാം ഒരുഭരണാധികാരിയെന്ന നിലയിൽ ശിവശങ്കരന് അത്രമേൽ ആരാധ്യനായ വ്യക്തിത്വമാണ്. ഒരുപക്ഷേ പതിറ്റാണ്ടുകൾക്കിപ്പുറം ഇറാഖും സദ്ദാമും ചരിത്രത്തിലേക്ക് മടങ്ങിയിട്ടും സദ്ദാമിന്‍റെ പിറന്നാൾ മുതൽ മരണദിവസം വരെ നെഞ്ചോട് ചേർക്കുന്ന സ്നേഹമെന്ന് പറയുകയാവും കുറച്ചുകൂടെ ശരി.
നാട്ടിൽ നിന്ന് കളരി വിദ്യയിൽ പ്രാഗല്ഭ്യം നേടിയിരുന്ന ശിവശങ്കരൻ ഇറാഖിലെത്തിയ ശേഷം കാന്‍റീന്‍ ജോലികൾക്കിടയിൽ സഹപ്രവർത്തകരിൽ പലർക്കും ഉഴിച്ചിലടക്കമുള്ള ചെറുസഹായങ്ങളും ചെയ്തിരുന്നു. ഇതിനിടെയാണ് സുഹൃത്തും മലയാളിയുമായ കുട്ടി ശിവശങ്കരനെ തേടിയെത്തിയത്. എയർപോർട്ടിൽ ഉന്നതോദ്യോഗസ്ഥനായ പഞ്ചാബിയുടെ മകൻ നടുവുളുക്കി കിടപ്പായതിൽ നായരുടെ സഹായം തേടി എത്തിയതായിരുന്നു കുട്ടി. യുവാവിന്‍റെ ഉളുക്ക് മാറിയതോടെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ശിവശങ്കരൻ നായരുടെ പ്രശസ്തി പതിയെ വ്യാപിച്ചു. പതിയെ പതിയെ ശിവശങ്കരൻ 'ഇന്ത്യൻ ഡോക്' ആയി. കാന്‍റീനും ഉഴിച്ചിലും സമാന്തരമായി നടന്ന കാലം വീട്ടിൽ ഇറാഖിൽ നിന്നുള്ള യുദ്ധവാർത്തകൾ നാട്ടിലും ആധി പരത്തി. ഇതോടെ തിരിച്ചുവരാനുള്ള സമ്മർദവുമേറി. 1982 മുതൽ 1985 വരെ ബസ്രാ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന പാചകക്കാരനായിരുന്നു ശിവശങ്കരൻ നായർ. തുടർന്ന് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് പിന്നിൽ വീട്ടിൽ നിന്നുള്ള സമ്മർദം തന്നെയായിരുന്നു.
നാട്ടിലെത്തിയ ശിവശങ്കരൻ ഉപജീവനത്തിനായി ഒരു പലചരക്ക് കട തുടങ്ങി. കടക്ക് പേരിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അറിയുന്ന ഒരുപെയിന്‍ററെ വിളിച്ച് ഭംഗിയായി 'സദ്ദാം സ്റ്റോർ' എന്ന് എഴുതി കടക്ക് മുകളിൽ സ്ഥാപിച്ചു. പ്രിയനായകന്‍റെ ഓർമകൾ അങ്ങനെ വിസ്മരിക്കാവതല്ലല്ലോ. സദ്ദാം സ്റ്റോർ എന്ന പേരിൽ പ്രവർത്തിക്കുന്ന തന്‍റെ കടയുടെ ഒരു ചിത്രവും ലഘുകുറിപ്പും ഇറാഖ് എംബസിയിലേക്ക് ഉപകാരസ്മരണകൾ ചേർത്ത് അയച്ചിരുന്നു. പിന്നീട് നടന്നതെല്ലാം ഇപ്പോഴും ശിവശങ്കരന് വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ്. ആദ്യം വന്നത് നന്ദിയറിയിച്ചുകൊണ്ടുള്ള മറുപടി. പിന്നീട് ഇത് സദ്ദാമിന്‍റെ ശ്രദ്ധയിൽ വരെയെത്തിയതോടെ ഇറാഖിലെ പത്രങ്ങളിൽ കേരളത്തിന്‍റെ ഇങ്ങേ മൂലക്ക് കൽപാത്തിപ്പുഴയോരത്തെ സദ്ദാം സ്റ്റോർ വാർത്തയായി. പ്രവാസികളായ സുഹൃത്തുക്കൾ അയച്ചുനൽകിയ പത്രക്കട്ടിങ്ങുകൾ ഇപ്പോഴും ശിവശങ്കരൻ നായരുടെ ശേഖരത്തിലുണ്ട്. കുറച്ചുനാളുകൾക്ക് ശേഷം സദ്ദാമിന്‍റെ നിർദേശപ്രകാരം ഇറാഖ് എംബസിയിൽ നിന്നും ഇറാഖിനോടും സദ്ദാമിനോടുമുള്ള സ്നേഹത്തിന് നന്ദി അറിയിച്ച് ശിവശങ്കരനെ തേടി കമ്പിയെത്തി. തുടർന്ന് എംബസിയിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഡൽഹിയിലെ അനുമോദന ചടങ്ങിലേക്ക് ക്ഷണിച്ചു. ചടങ്ങിൽ സദ്ദാമിന്‍റെ ചിത്രം ഡയലിൽ ആലേഖനം ചെയ്ത സ്വസ് നിർമിത സ്വർണ വാച്ചും 18,000 രൂപയും ഇറാഖ് എംബസി ശിവശങ്കരന് സമ്മാനിച്ചു. സമ്മാനങ്ങൾക്കൊപ്പം ഇറാഖിലേക്ക് തിരികെ ക്ഷണിക്കാനും എംബസി അധികൃതർ മറന്നില്ല, മക്കളുണ്ടെങ്കിൽ അവർക്ക് ജോലിയും ഇറാഖ് ഗവൺമെന്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ശിവശങ്കരൻെറ മക്കൾ അന്ന് സ്കൂൾ വിദ്യാർഥികളായിരുന്നു. പിന്നീട് ഇറാഖിൽ നടന്ന സംഭവവികാസങ്ങൾ നിറകണ്ണുകളോടുകൂടിയേ ശിവശങ്കരന് ഓർക്കാനാവൂ.
നാട്ടിലെത്തിയ ശേഷം സദ്ദാമിന്‍റെ പിറന്നാൾ ദിനം ആഘോഷിക്കാറുണ്ടായിരുന്നു ശിവശങ്കരൻ. അനാഥാലയങ്ങളിൽ ഭക്ഷണവിതരണം മുതൽ സാമൂഹിക സേവന പ്രവർത്തനങ്ങൾ വരെ അത് നീണ്ടു. പിന്നീട് കാലത്തിനൊപ്പം നടത്തം കിതപ്പേറ്റിയപ്പോൾ വീട് തന്നെയായി കൂട്ടുകാരൻ. രണ്ടുപതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. പാലക്കാട് പുതിയപാലത്തെ പുഷ്പ നിവാസിൽ എത്തുന്ന ആളുകൾ ആദ്യം കാണുക കൊച്ചുവരാന്തയിലെ ചുവരിന്‍റെ ഭാഗമായി യൂനിഫോമിൽ സദ്ദാം ചിരിക്കുന്ന ചിത്രമാണ്. അവിടന്നങ്ങോട്ട് ചിത്രങ്ങളും വാർത്തകളും ചരിത്രരേഖകളുമെന്നിങ്ങനെ ശിവശങ്കരൻ നായരുടെ ഓർമകളിൽ പ്രിയ നായകന്‍റെ വേറിട്ട മുഖങ്ങൾ പരിചയപ്പെടുത്തും. ഇറാഖിലേക്ക് ഓഫിസ് ജോലി തേടിയെത്തി, രുചിവിളമ്പി, കളരിയെ കൂട്ടിന് വിളിച്ച് ഹൃദയം കവർന്ന ചെറിയ വലിയ കഥ. പ്രിയപ്പെട്ട സദ്ദാം നിങ്ങളിവിടെ ജീവിച്ചിരിക്കുന്നു, ശിവശങ്കരൻ നായർക്കൊപ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.