അര നൂറ്റാണ്ടു മുമ്പ് പുറക്കാട് കടപ്പുറത്ത് മണൽത്തരികളെപ്പോലും വികാരമണിയിച്ച, ‘‘കറുത്തമ്മാ....’ എന്ന ആ വിളി കേട്ട് അതിന് ഉത്തരമായി പ്രണയവിറയലോടെ ‘‘കൊച്ചുമുതലാളീ...’’ എന്നു തിരിച്ചു വിളിക്കേണ്ടിയിരുന്നത്, നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞ കറുത്തമ്മ ഷീല ആയിരുന്നില്ല! പരീക്കുട്ടിക്കും പളനിക്കുമിടയിൽ നഷ്ടപ്രണയത്തിന്റെ തീരാവേദന മലയാളമനസ്സുകളിലേക്ക് പകർന്ന ഷീലയെ കണ്ടെത്തുന്നതിനുമുമ്പ് കറുത്തമ്മയായി അഭിനയിക്കാൻ സംവിധായകൻ രാമു കാര്യാട്ട് മനസ്സിൽ കണ്ടത് ഒരു കോഴിക്കോട്ടുകാരി ബീഗത്തെ ആയിരുന്നു.
അവർ അഭിനയിച്ച നാടകം കാണാനിടയായ രാമു കാര്യാട്ട് നേരിട്ടു ചെന്ന് ചോദിച്ചു, തന്റെ ചെമ്മീനിലെ നായിക ആയിക്കൂടേ എന്ന്. എന്നാൽ, നാടകത്തിൽ അഭിനയിച്ചതിന് വീട്ടിൽനിന്ന് എതിർപ്പുകൾ നേരിട്ടു നിൽക്കുകയായിരുന്ന ആ കലാകാരി ഒറ്റ മറുപടിയിൽ കറുത്തമ്മയെ വേണ്ടെന്നുവെച്ചു. അങ്ങനെ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ട പ്രണയ കഥകളിലൊന്നിലെ നായികയാകാൻ അവർക്ക് കഴിയാതെ പോയി. അറിഞ്ഞുകൊണ്ട് വേണ്ടെന്നുവെച്ച ആ അവസരത്തെപറ്റി, വിഷമമുണ്ടെങ്കിലും വെളുക്കെ ചിരിച്ചുകൊണ്ട് പറയുകയാണ് 80 വയസ്സിലെത്തി നിൽക്കുന്ന കോഴിക്കോട്ടുകാരി ബീഗം റാബിയ.
എന്നാൽ, വാർധക്യത്തിന്റെ വഴികളിലും കലയോടുള്ള പ്രണയം കെടാതെ സൂക്ഷിക്കുന്ന അവർക്ക് ഇന്ന് പറയാൻ മറ്റൊരു വലിയ വിശേഷം കൂടിയുണ്ട്. വേണ്ടെന്നുവെച്ച വെള്ളിത്തിരയിലേക്ക് ജീവിതസായന്തനത്തിൽ കയറിവരുന്നു എന്ന വിശേഷം. മലബാറിലെ ഫുട്ബാൾ പ്രണയത്തിന്റെ കഥ പറയുന്ന ‘പന്ത്’ എന്ന ചിത്രത്തിൽ കാൽപന്തിനെ ഏറെ ഇഷ്ടപ്പെടുന്ന വല്യുമ്മയായി അഭിനയിക്കുന്നുണ്ട് ഇവർ. അനുഗൃഹീത ഗായികകൂടിയായ ബീഗം റാബിയ വർഷങ്ങളോളം ആകാശവാണിയിൽ ആർട്ടിസ്റ്റായിരുന്നു. എതിർപ്പുകളും പ്രതിസന്ധികളും നിറഞ്ഞ തന്റെ കലാജീവിതം ‘കുടുംബ’വുമായി പങ്കുവെക്കുകയാണ് ബീഗം റാബിയ.
വീട്ടുകാരറിയാതെ
‘‘രാജ്യത്തെ ഏതാണ്ടെല്ലാ കലാകാരന്മാരും വന്ന ഒരു സംഗമം കോഴിക്കോട്ടെ ഗവ. മോഡൽ ഹൈസ്കൂളിൽ നടക്കുകയായിരുന്നു അന്ന്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്!’ കെ.ടി. മുഹമ്മദിന്റെ നേതൃത്വത്തിൽ നാടകമാക്കി അവതരിപ്പിക്കുന്നുണ്ട്. കെ.പി. ഉമ്മറും നിലമ്പൂർ ആയിഷയുമൊക്കെ അഭിനയിക്കുന്നുണ്ട്. തന്റേടിയായ ഉമ്മയുടെ വേഷമിട്ട ആയിഷയുടെ മകളായ കുഞ്ഞുപാത്തുമ്മയായി ഞാനാ അഭിനയിക്കുന്നേ. പൊരക്കാര് അറിഞ്ഞാ ബിടൂല, അതോണ്ട് നോട്ടീസിലൊന്നും പേര് വെക്കാതെ രമണിയെന്ന പേരിലാ ഞാൻ അറിയപ്പെടുന്നതു തന്നെ. നാടകം തൊടങ്ങി, കാഴ്ചക്കാരായി തിങ്ങിനിറഞ്ഞ ജനക്കൂട്ടം. കാണാൻ മുൻനിരയിൽതന്നെ നടൻ സത്യനും രാമു കാര്യാട്ടും ഉണ്ടായിരുന്നുവത്രെ. നാടകം കഴിഞ്ഞതോടെ വേദിയുടെ പിന്നിലേക്ക് രണ്ടാളുമെത്തി. ചെമ്മീനിലെ കറുത്തമ്മയായി നടിക്കാൻ ക്ഷണിക്കാനായിരുന്നു ആ വരവ്’’ -ആ നിമിഷത്തെക്കുറിച്ച് ബീഗം റാബിയ പറഞ്ഞു. നാടക കുലപതി കെ.ടി. മുഹമ്മദും തിക്കോടിയനും ഉറൂബും പി. ഭാസ്കരൻ മാഷും കെ. രാഘവൻ മാഷും ഒപ്പം സാക്ഷാൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറും വരെ നിർബന്ധിച്ചിട്ടും സിനിമയുടെ വഴിയിലേക്ക് നടക്കാൻ ബീഗം തയാറായില്ല.
കാരണമെന്ത്?
കാമറക്കു മുന്നിൽ നിൽക്കാൻ അന്ന് പോകാതിരുന്നത് എന്തേയെന്ന് ചോദിച്ചാൽ നിറഞ്ഞ പുഞ്ചിരിയായിരിക്കും റാബിയയുടെ ആദ്യ മറുപടി. പിന്നാലെ പല്ലില്ലാത്ത മോണ കാട്ടി വെളുക്കെ ചിരിച്ച് ബീഗം പറയും, കാലമതായിരുന്നു, അതുതന്നെ കാരണം. ‘‘അങ്ങനെയൊരു കാലവും ചുറ്റുപാടുമായിരുന്നു അന്ന്. ഒാർക്കുേമ്പാൾ വല്ലാത്ത വിഷമവും നഷ്ടബോധവും ഉണ്ട്’’ -റാബിയ പറയുന്നു. ഗസൽ വരികൾ മൂളുന്ന, ഉർദു ഭാഷ മധുരമായി സംസാരിക്കുന്ന പട്ടാണി കുടുംബത്തിലെ അംഗമായിരുന്ന റാബിയക്ക് കലാപ്രകടനത്തിന് താൽപര്യം ഉണ്ടായിരുന്നുവെങ്കിലും കുടുംബക്കാർക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ആകാശവാണിയിൽ ജോലി ചെയ്യുന്നതിലും ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു. ഭർത്താവ് ശൈഖ് മുഹമ്മദിന്റെ പിന്തുണകൊണ്ടായിരുന്നു കുറച്ചു കാലമെങ്കിലും പിടിച്ചുനിൽക്കാനായത്. ചില ബന്ധുക്കളുടെ എതിർപ്പിനു മുന്നിൽ ഭർത്താവും നിസ്സഹായനായതോടെ മനസ്സില്ലാമനസ്സോടെ ആകാശവാണിയിൽനിന്ന് ഇറേങ്ങണ്ടി വന്നതായും ഇവർ പറയുന്നു.
‘ബാലലോക’ത്തിലൂടെ
ആകാശവാണി കോഴിക്കോട് വന്ന കാലം. ‘ബാലലോകം’ അവതരിപ്പിക്കാൻ നഗരത്തിലെ സ്കൂളുകളിൽ കുട്ടികളെ തേടിയിറങ്ങിയവരാണ് ബീഗം റാബിയയിലെ ഗായികയെ ആദ്യമായി കണ്ടെത്തുന്നത്. തേടിയിറങ്ങിയവരാകട്ടെ തിക്കോടിയനും സാക്ഷാൽ പി. ഭാസ്കരനും. കോഴിക്കോട് ബി.ഇ.എം സ്കൂളിലെ ആറാം ക്ലാസുകാരി റാബിയ അങ്ങനെ ആദ്യമായി കടപ്പുറത്തെ ആകാശവാണിയിലെത്തി. ‘‘ശനിയാഴ്ചകളിലായിരുന്നു ബാലലോകം റിഹേഴ്സൽ. പിറ്റേന്ന് ഞായറാഴ്ച പാടുമ്പോൾ അപ്പോൾ തന്നെയായിരുന്നു പ്രക്ഷേപണവും. അന്ന് റെക്കോഡിങ് സംവിധാനമൊന്നും വന്നിട്ടില്ല. ബാലലോകത്തിൽ സ്ഥിരമായതോടെ മാപ്പിളപ്പാട്ടും നാടൻപാട്ടും പിന്നാലെ പാടിത്തുടങ്ങി. അക്കാലങ്ങളിൽ നഗരത്തിലെ പാർക്കുകളിൽ റേഡിയോ ശ്രോതാക്കൾ തടിച്ചുകൂടി പാട്ടുകേൾക്കുന്ന പതിവുണ്ടായിരുന്നു കോഴിക്കോട്ട്. മാനാഞ്ചിറ അൻസാരി പാർക്കിൽ ഇങ്ങനെ ഒത്തുകൂടുന്നവരുടെ ഇഷ്ടപരിപാടി റാബിയ അവതരിപ്പിക്കുന്ന ‘നാട്ടിൻപുറം’ ആയിരുന്നു. നാട്ടുവിശേഷവും നാടൻ വർത്തമാനങ്ങളുമായി നാട്ടുശീലുകളാൽ റാബിയ പാടുന്ന നാടൻപാട്ടുകൾക്ക് ആരാധകരേറെയാണ്. അതുവഴി നാടകം, മഹിളാലയം, പഴയ ഹിന്ദി ഗാനങ്ങൾ കോർത്തിണക്കിയ ദിൽ സേ ദിൽ തക്ക്... തുടങ്ങിയ പരിപാടികളിലൊക്കെ ബീഗം റാബിയ ഒഴിച്ചുനിർത്താനാവാത്ത സാന്നിധ്യമായി മാറി. അങ്ങനെ 17ാം വയസ്സിൽ ബീഗം റാബിയക്ക് ആകാശവാണിയിൽ റേഡിയോ ആർട്ടിസ്റ്റായി സ്ഥിരംജോലി ലഭിച്ചു. 10 രൂപയായിരുന്നു അന്നത്തെ പ്രതിഫലം. മഹിളാലയത്തിൽ പരിപാടി അവതരിപ്പിച്ചു കൊണ്ടായിരുന്നു ഔദ്യോഗിക തുടക്കം.
കേട്ടു പഠിച്ചു പാടുന്ന ‘ലത മങ്കേഷ്കർ’
കൊച്ചു റേഡിയോ പോലുമില്ലാത്ത ബാല്യകാലത്ത് അയൽവീട്ടിലെ ഗ്രാമഫോണിൽ നിന്നുയരുന്ന ശബ്ദവീചികളായിരുന്നു കുഞ്ഞുറാബിയ കേട്ട ആദ്യ സംഗീതം. അങ്ങനെ സൈഗാളും ലത മങ്കേഷ്കറുമെല്ലാം ബീഗത്തിനരികിലേക്ക് വന്നുതുടങ്ങി. ഗ്രാമഫോൺ പെട്ടിയിൽ ആരോ കയറിയിരുന്ന് പാടുന്നതാണെന്നായിരുന്നു അന്നു കരുതിയത്. അതുപോലെ തനിക്കും പാടണമെന്ന മോഹവും കുഞ്ഞുഗായികയിൽ നിറഞ്ഞു. ഒരു ദിവസം രണ്ടുംകൽപിച്ച് അയൽവീട്ടിലെത്തി എന്നെയും പെട്ടിക്കകത്ത് കയറ്റി പാട്ടുപാടിക്കുമോ എന്ന് ധൈര്യപൂർവം ചോദിച്ചു. ചോദ്യം കേട്ട അയൽക്കാരൻ ആദ്യമൊന്നു ഞെട്ടിയെങ്കിലും പാട്ട് പാടിക്കേൾപ്പിക്കൂ നന്നായെങ്കിൽ പെട്ടിയിൽ കയറ്റാമെന്ന് കളിയായി സമ്മതിച്ചു.
പാടാൻ തുടങ്ങിയതോടെ അയൽക്കാരന്റെ ആകാംക്ഷ ആശ്ചര്യമായി മാറിയെന്ന് റാബിയ. പിന്നീട് ഇതേ ആശ്ചര്യം കോഴിക്കോട് ആകാശവാണി പ്രക്ഷേപണകേന്ദ്രം മേധാവിയായിരുന്ന പി.വി. കൃഷ്ണമൂർത്തിയും പ്രകടിപ്പിച്ചു. വീട്ടിലെ സംസാരഭാഷ ഉർദുവായതിനാൽ ഹിന്ദി പാട്ടുകൾ വരികളിലെ അർഥമറിഞ്ഞ് തനിമ ചോരാതെ ആലപിക്കാനുള്ള റാബിയയുടെ കഴിവ് കണ്ട് ‘കോഴിക്കോടിന്റെ ലത മങ്കേഷ്കർ’ എന്ന് വിശേഷിപ്പിച്ചാണ് പി.വി. കൃഷ്ണമൂർത്തി ബീഗത്തിെന പ്രശംസിച്ചത്. ക്രൗൺ തിയറ്ററിൽനിന്ന് ഹിന്ദി സിനിമ കണ്ടുവരുന്ന സഹോദരൻ അതിലെ പാട്ടുകൾ വീട്ടിൽ ഉച്ചത്തിൽ പാടുന്നത് കേട്ട് പഠിച്ചതോടെയാണ് തന്നോടൊപ്പം സൈഗാളും ലത മങ്കേഷ്കറുമൊക്കെ കൂട്ടുകൂടിയതെന്നും റാബിയ ഓർക്കുന്നു.
അവസാനിപ്പിക്കേണ്ടിവന്ന ആകാശവാണിക്കാലം
ആർട്ടിസ്റ്റായി ജോലിക്ക് കയറിയ ബീഗം ആകാശവാണിയുടെ ചരിത്രത്തോടൊപ്പം തന്നെ ചേർത്തുവെക്കാവുന്ന വ്യക്തിത്വമാണ്. സുഭാഷിതം മുതൽ കൃഷിപാഠം വരെ ബീഗത്തിന്റെ ഗാനങ്ങളില്ലാത്ത പരിപാടികൾ കുറവായിരുന്നു അന്നത്തെ ആകാശവാണി പ്രക്ഷേപണത്തിൽ. ശബ്ദസൗകുമാര്യം കൊണ്ട് ആസ്വാദകമനസ്സിൽ നിറഞ്ഞുനിൽക്കുന്നതിനൊപ്പം റേഡിയോ നാടകങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾക്കും ബീഗം ജന്മം നൽകി. കുതിരവട്ടം പപ്പുവും ബാലൻ കെ. നായരും നിലമ്പൂർ ആയിഷയും ശാന്താദേവിയുമെല്ലാം റേഡിയോ നാടകങ്ങളിൽ സജീവമായ കാലത്ത് ഇവരോടൊപ്പം റാബിയ ചെയ്ത നാടകങ്ങൾ അനേകമാണ്. എം.ടി, എസ്.കെ. പൊെറ്റക്കാട്ട്, കെ.ടി. വാസു പ്രദീപ്, പി.എൻ.എം. ആലിക്കോയ, ബി. മുഹമ്മദ്, കെ. തായാട്ട് തുടങ്ങി നിരവധി എഴുത്തുകാരുടെ നാടകങ്ങളിലും ബീഗം റാബിയ തന്റെ ശബ്ദത്താൽ നിരവധി കഥാപാത്രങ്ങളെയാണ് നാടകപ്രേമികൾക്ക് സമ്മാനിച്ചത്. പാട്ടും നാടകവും സൗഹൃദങ്ങളുമായി കോഴിക്കോട് ആകാശവാണിക്കാലം സന്തോഷത്തോടെ കഴിഞ്ഞുപോകുന്നതിനിടെയാണ് ചില ബന്ധുക്കളുടെ രംഗപ്രവേശം വിനയാകുന്നത്. എതിർപ്പ് ശക്തമായതോടെ മനസ്സുനൊന്ത് ആകാശവാണിയിലെ ജോലി രാജിവെച്ച് ഇറങ്ങിപ്പോരുകയായിരുന്നു ബീഗം.
‘‘ചിലതൊക്കെ ഓർക്കുമ്പോൾ ഇപ്പളും അറ്റം കിട്ടൂല, ജോലിയും അംഗീകാരവും വരുമാനവുമെല്ലാം ഇല്ലാതാകാൻ നിമിഷനേരമേ വേണ്ടിവന്നുള്ളൂ. പക്ഷേ, അതിനെയെല്ലാം മറികടക്കുകയെന്നത് അത്ര എളുപ്പമൊന്നുമല്ല’’ - പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ ഉറച്ച വാക്കുകളിൽ റാബിയ പറഞ്ഞു. പക്ഷേ, ആരോടും പരാതിയോ പരിഭവങ്ങളോ ഒന്നുമില്ല ഇൗ പാട്ടുകാരി ദീദിക്ക്. സന്തോഷത്തിലും സങ്കടത്തിലും അന്നും ഇന്നും പാട്ട് തന്നെയാണ് കൂട്ട്. പാട്ടുകേൾക്കാൻ ഒരു ടേപ് െറക്കോഡർ പോലുമില്ലെങ്കിലും പരാതിയില്ല, സ്വന്തമായി പാടുന്നത് തന്നെയാണ് ഇൗ വയസ്സിലും ഏറെ പ്രിയം. സംസാരത്തിനൊപ്പം മോണ കാട്ടി ചിരിച്ച് ഹിന്ദിയിലും ഉർദുവിലും പല്ലവികൾ മൂളി കണ്ണൂർ റോഡിലെ മാളികപ്പുറത്ത് പറമ്പിലെ വീട്ടിൽ സന്തോഷത്തിലാണ് പാട്ടിന്റെ നിലാമഴ തീർത്ത ഇൗ ഗായിക. ഏഴ് വർഷം മുമ്പ് ഭർത്താവ് ശൈഖ് മുഹമ്മദ് മരിച്ചതോടെ മകൻ നജ്മലും കുടുംബവുമാണ് റാബിയക്ക് ഇവിടെ കൂട്ട്. മറ്റു മക്കളായ വഹിദ കോയമ്പത്തൂരിലും ഷഹനാദ് ബേപ്പൂരിലും പർവീൺ താജ് എറണാകുളത്തുമാണ് കുടുംബമായി കഴിയുന്നത്.
സ്വപ്നത്തിലേക്ക് ഒരു പന്തുരുളുന്നു
കറുത്തമ്മയെന്ന കഥാപാത്രത്തെ കൈവിട്ടുപോയെങ്കിലും തന്റെ സ്വപ്നത്തിലേക്ക് ‘പന്തി’നൊപ്പം കുതിച്ചുപായാൻ ജീവിതസായാഹ്നത്തിൽ അവസരം ലഭിച്ച സന്തോഷത്തിലാണ് ഇന്ന് ബീഗം റാബിയ. പൊന്നാനിയുടെ പശ്ചാത്തലത്തിൽ ഫുട്ബാൾ കളിയിലൂടെ ഗ്രാമത്തിന്റെ കഥപറയുന്ന ‘പന്ത്’ എന്ന ചിത്രത്തിലെ ഉമ്മൂമ്മയുടെ റോളിലാണ് രാമു കാര്യാട്ടിന് അന്ന് കിട്ടാതെപോയ നായിക ആദ്യമായി തിരശ്ശീലയിലെത്തുന്നത്. കലയും പാട്ടും നാടകങ്ങളുമായി ജീവിതകാലം മുഴുവൻ കഴിഞ്ഞ ബീഗത്തിന് സിനിമയിലെ അഭിനയം അത്ര വലിയ പ്രശ്നമായി ഇതുവരെ തോന്നിയിട്ടില്ല.
റാബിയയുടെ അഭിനയമികവ് സംവിധായകൻ ആദി ബാലകൃഷ്ണനെ അമ്പരപ്പിക്കുമ്പോൾ ‘‘ഇങ്ങള് പറയുന്ന പോലെ ഞാൻ അങ്ങ് ചെയ്യുന്നു അത്രേയുള്ളൂ’’ എന്ന മട്ടിൽ നിസ്സാരമാണ് ‘പന്തി’ലെ ഉമ്മൂമ്മക്ക് അഭിനയം. ഷൂട്ടിങ് നടന്ന ചങ്ങരംകുളത്ത് എത്തിയാൽ അഭിനേതാക്കൾക്കൊപ്പം നാട്ടുകാർക്കും ബീഗം റാബിയ ഉമ്മൂമ്മയാണ്. ആരെയും ആകർഷിക്കുന്ന ചിരി തന്നെയാണ് ആളുകളെ റാബിയയിലേക്ക് അടുപ്പിക്കുന്നത്. സിനിമ നടി മഞ്ജു വാര്യരുടെ കവിളിൽ നൽകിയ ഉമ്മയാണ് ഇപ്പോൾ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ അവസരമായതെന്ന് ബീഗം റാബിയ തന്നെ സമ്മതിക്കുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ചടങ്ങിനെത്തിയ നടിയെ വേദിക്കരികിലെത്തി കെട്ടിപ്പിടിച്ചു കവിളത്ത് ചുംബനം നൽകിയ റാബിയയുടെ ദൃശ്യങ്ങളും വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യങ്ങൾ കണ്ട സംവിധായകൻ പന്തിലെ പ്രധാന കഥാപാത്രമായ ഉമ്മൂമ്മയെ റാബിയയിലൂടെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.