മഹാദുരന്തത്തിന്റെ നൊമ്പരമഴയിൽ കുതിർന്ന് ഞങ്ങളുടെ പ്രിയപ്പെട്ട നാട്...

യനാട്ടുകാരൻ എന്ന അഭിമാനവും സ്വത്വബോധവും ഓർമവെച്ച നാൾ മുതൽ കൂടെയുണ്ട്. എന്തുമാത്രം സ്നേഹവും ഇഴയടുപ്പവുമുള്ളവരാണ് എന്റെ നാട്ടുകാരെന്ന തിരിച്ചറിവ് എല്ലായ്പോഴും മനസ്സിൽ കൊണ്ടുനടക്കാറുമുണ്ട്. മതമോ ജാതിയോ വർഗമോ ഒന്നും വയനാട്ടുകാരുടെ അടുപ്പങ്ങൾക്ക് ഒരിക്കലും അതിർവരമ്പുകൾ സൃഷ്ടിച്ചിട്ടില്ല. വള്ളിയൂർക്കാവ് ഉത്സവവും വാരാമ്പറ്റ നേർച്ചയും പള്ളിക്കുന്ന് പെരുന്നാളും ഒരുമനസ്സോടെ ​ചേർത്തുനിർത്തുന്നവരുടേതാണീ മണ്ണ്. വയനാട് മുഴുവൻ കുത്തിയൊലിച്ചു പോയാലും ആരോടും ആവലാതികളും പരിഭവങ്ങളും പറയാതെ, എല്ലാം സഹിച്ച് ശിഷ്‍ടഭൂമിയിൽ വീണ്ടും വേച്ചുവേച്ച് മുന്നോട്ടുപോകാൻ കഴിയുമോ എന്ന് ചിന്തിക്കുന്ന ജനതയാണതെന്ന് കളിയായി പറയാറുമുണ്ട്.

കേവലം കച്ചവടതാൽപര്യവുമായി അടുത്തുകൂടി മുച്ചൂടും പറ്റിക്കുന്നവരെപ്പോലും സ്വന്തമായിക്കരുതി സ്നേഹിക്കുന്ന നാട്. എന്തുമാത്രം തിരിച്ചുകിട്ടിയെന്നൊന്നും ഇഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ അവരൊരിക്കലും എഴുതിച്ചേർത്തിട്ടില്ല. അവഗണനകളുടെ നടുക്കയത്തിൽപോലും അധികാരികൾക്കെതിരെവരെ ആവശ്യത്തിലധികം ഒച്ചവെക്കാൻ ​മിനക്കെടാത്ത സഹൃദയരുടെയും സമാധാന പ്രേമികളുടെയും നാടാണിത്.

ജീവന്റെ നൂൽപാലത്തിൽ നിലവിളികളുമായി നിരന്തരം ചുരമിറങ്ങുമ്പോഴും ആയുസ്സിലുടനീളം ആതുരശു​ശ്രൂഷക്ക് സൗകര്യങ്ങളില്ലാത്തതിനെ കുറിച്ചുള്ള അമർഷങ്ങൾ അവർ ഉള്ളിലൊതുക്കി കണ്ണീർവാർക്കും. ചുരമിടിഞ്ഞും ഇടിയാതെയും ഹെയർപിൻ വളവുകൾക്കിടയിലെ വാഹനങ്ങളുടെ നീണ്ട നിരയിൽ ശ്വാസംമുട്ടി കിടക്കുമ്പോഴും ബദൽറോഡിനെക്കുറിച്ചുള്ള ചിന്തകൾ നെഞ്ചിനുള്ളിലെ വീർപ്പുമുട്ടലുകളായൊതുക്കും. ഗോത്രവർഗക്കാരും തോട്ടംതൊഴിലാളികളും ചെറുകിട കർഷകരുമൊക്കെയായി ഗതിയില്ലാത്ത പാവങ്ങളുടെ സ്വർഗഭൂമിയാണിവിടം.

എന്നിട്ടും ഈ സഹൃദയ ഭൂവിലേക്ക് ദുരന്തങ്ങളിങ്ങനെ ഇടിത്തീയായി പെയ്തിറങ്ങുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിനു മാത്രം ഉത്തരമൊന്നും കിട്ടാറില്ല. മുണ്ടക്കൈയിലും ചൂരൽമലയിലും പുത്തുമലയിലും കുറിച്യർമലയിലുമൊക്കെയുള്ള മനുഷ്യർ അത്രയേറെ സ്നേഹധനരാണ്. ഇല്ലായ്മയിലും ജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു കൂട്ടം പാവങ്ങൾ...എസ്റ്റേറ്റ് പാടികളിൽ തുച്ഛവേതനത്തിന് ജോലിക്കാരായി വന്നവരും അവരുടെ പിൻതലമുറക്കാരുമടങ്ങിയ സാധാരണക്കാർ.


പരിഭവങ്ങളേതുമില്ലാതെ സാഹോദര്യത്തിലും സമാധാനത്തിലും കഴിയുന്നവരാണീ നാടി​ന്റെ ആത്മാവ്. അവരാണ് ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്ക് മണ്ണിനടിയിലേക്ക് ആഴ്ന്നുപോയിരിക്കുന്നത്. ചിന്തിക്കു​ന്തോറും വല്ലാത്ത ശൂന്യതകളിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് മനസ്സിൽ തെളിയുന്നത്. ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തിലാണ് മുണ്ടക്കൈ. ഇടക്കൊക്കെ കടന്നുചെല്ലുന്ന നാട്. ആദ്യകാഴ്ചയിൽതന്നെ നമ്മുടെ ഹൃദയത്തിലേക്ക് കുളിരൂറുന്ന ഫ്രെയിമായി പതിയുന്ന വർണമനോഹര ഗ്രാമം. അതാണ് ഒറ്റ രാത്രി കൊണ്ട് തുടച്ചുനീക്കപ്പെട്ടിരിക്കുന്നത്.

ചൊവ്വാഴ്ച പുലർച്ചെ 2.09നാണ് ചൂരൽമലയിൽനിന്ന് സലാം വിളിച്ചത്. ഫോൺ എടുത്തത് ഉറക്കച്ചടവിനിടയിൽ. ‘ഇവിടെ മണ്ണിടിഞ്ഞിട്ടുണ്ട്..പ്രശ്നമാണ്’ എന്ന് അവൻ പറഞ്ഞപ്പോൾ വരാനിരിക്കുന്ന മഹാദുരന്തം വിദൂര ചിന്തകളിൽപോലുമുണ്ടായിരുന്നില്ല. ഒന്നു കണ്ണുചിമ്മിയുണർന്നപ്പോഴേക്ക് ആപത് സന്ദേശങ്ങളുടെ പെരുക്കം. ദുരന്തഭൂമിയിൽ കുടുങ്ങിയ പ്രദീപിനെ വിളിച്ചപ്പോൾ നിർത്താത്ത കരച്ചിലോടെയാണ് അവനതു പറഞ്ഞത്. ‘ഒരുപാടു പേർ പോയിട്ടുണ്ട് സാറേ..’. പ്രദീപ് അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. ചോദ്യങ്ങൾക്കെല്ലാം അതു മാത്രമായിരുന്നു അവന്റെ ഉത്തരം. അവന്റെ തേങ്ങലിൽ വരാനിരിക്കുന്നതിന്റെ വ്യക്തമായ സൂചനകളുണ്ടായിരുന്നു.


ആശങ്കിച്ചതുപോലെ മരണനിരക്ക് ഉയർന്നുകൊണ്ടേയിരുന്നു. ഒരു നാടൊന്നാകെ മരണപ്പുഴയിൽ ഒലിച്ചുപോയ മഹാദുരന്തമായി അത് രാക്ഷസരൂപം പ്രാപിച്ചു.​ ഒരുപാടുപേർ ആ മണ്ണിനടിയിൽ. അറിയുന്നവരിൽ ചിലരും. ജുബൈരിയയും ഭർത്താവും രണ്ടു മക്കളും. അതുപോലെ ഒരുപാടു കുടുംബങ്ങൾ. വാത്സല്യനിധികളായ പൊന്നുമക്കൾ. കാണാനില്ലെന്ന സന്ദേശങ്ങൾക്കൊപ്പം വാട്സാപ്പിൽ കുഞ്ഞുമക്കളുടെ ചിത്രങ്ങൾ കാണുമ്പോൾ കണ്ണുനിറഞ്ഞു കൊണ്ടേയിരുന്നു. ഒരു നാടിന്റെ നിറവാർന്ന സ്വപ്നങ്ങൾ മുഴുവനുമാണ് മണ്ണെടുത്തുപോയത്. എത്രകാലം ഈ പച്ചപ്പിൽ പൂത്തുലയേണ്ട ജീവിതങ്ങളാണ് നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് ലോകം വിട്ടകന്നത്.

ഞങ്ങൾ വയനാട്ടുകാരുടെ മനസ്സിലിപ്പോൾ വല്ലാത്തൊരു ശൂന്യത കൂടുകൂട്ടിയിട്ടുണ്ട്. തമ്മിലുള്ള സംസാരങ്ങളിൽ അവർ വന്ന് നിറയുകയാണ് - മുണ്ടക്കൈയിലെ മരണക്കയത്തിൽ വീണുപോയ സഹോദരങ്ങൾ. കൂട്ടമരണത്തിന്റെ നൊമ്പരമഴയിൽ കുതിർന്ന ഒരുതരം നിർവികാരത കോടമഞ്ഞുപോലെ ഈ നാടിനെ പൊതിഞ്ഞുനിൽക്കുന്നുണ്ട്. ഇങ്ങനെയൊരു മഹാദുരന്തം താങ്ങാനുള്ള കരളുറപ്പ് ഈ മണ്ണിലെ പച്ചമനുഷ്യർക്കില്ലാത്തതുപോലെ. ഇവിടെ കളിചിരികളകന്നുപോയിരിക്കുന്നു. അർജന്റീനയും ബ്രസീലുമൊക്കെയായി വാശിയോടെ പോരടിച്ച് പ്രതിദിനം മുന്നൂറും നാനൂറും സന്ദേശങ്ങളാൽ നിറഞ്ഞുതുളുമ്പുന്ന ഞങ്ങളുടെ സ്​പോർട്സ് ​ഗ്രൂപ്പിൽ കഴിഞ്ഞദിവസം പുലർച്ചെ മുതൽ ആരും വഴക്കടിച്ചിട്ടില്ല.

കളിയെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല. ആദ്യകളി തോറ്റ അർജന്റീന തുടർച്ചയായ രണ്ടാം ജയവുമായി ഒളിമ്പിക്സ് ക്വാർട്ടറിൽ എത്തിയതാഘോഷിക്കാൻ മുന്നിൽനിൽക്കേണ്ടത് ജാബിയായിരുന്നു. അതുപക്ഷേ അവൻ അറിഞ്ഞുകാണുമോ എന്നുപോലും അറിയില്ല. അവൻ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരന്തഭൂമിയിൽ ഉറ്റവരെ തിരയുകയാണ്. ജാബിയുടെ മൂത്തുമ്മാന്റെ കുടുംബം ഒന്നടങ്കമാണ് ദുരന്തത്തിൽപെട്ടത്. മൂത്തുമ്മാന്റെ മകന്റെ കുഞ്ഞുമകളുടെ മയ്യിത്ത് ചൊവ്വാഴ്ച കിട്ടിയിരുന്നു. മൂത്തുമ്മാന്റെ മയ്യിത്ത് ബു​ധനാഴ്ചയും. കുടുംബത്തിലെ ബാക്കി പേരെ തിരയുകയാണവൻ. അതുപോലെ എത്രയെത്രപേർ...


സഹായം എല്ലാ ദിക്കുകളിൽനിന്നും പ്രവഹിക്കുന്നുണ്ട്. ലോകം വയനാടിനെ ചേർത്തുപിടിക്കുന്നുണ്ട്. ആ സ്നേഹം ഈ നാട് വല്ലാതെ വിലമതിക്കുന്നുമുണ്ട്. അപ്പോഴും ഒരു കാര്യം ഉറപ്പാണ്. ഈ ദുരന്തത്തിൽനിന്ന് കരകയറാൻ ഞങ്ങളുടെ പ്രിയപ്പെട്ട നാട് ഒരുപാട് സമയമെടുക്കും. കാരണം, കണ്ടതിലും കേട്ടതിലും അനുഭവിച്ചതിലും വെച്ച് ഏറ്റവും ഭീകരമാണിത്. എന്തു പരിഹാരക്രിയകൾക്കും ആശ്വാസ വാക്കുകൾക്കുമപ്പുറമാണതിന്റെ വ്യാപ്തി.

ഒരു നാടും അവിടുത്തെ ജനങ്ങളുമാണ് ഇത്ര ഭയാനകമായി വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. പച്ചപ്പും കോടമഞ്ഞും കുളിർക്കാറ്റുമൊക്കെ തഴുകുന്ന ഞങ്ങളുടെ നാട്ടിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളിലൊന്നാണ് ഇവ്വിധം തകർത്തെറിയപ്പെട്ടത്. കാലത്തിനുപോലും ഈ മുറിവ് അത്രയെളുപ്പം ഉണക്കാൻ കഴിയി​​ല്ലെന്നുറപ്പാണ്. കാരണം, ഒരിക്കലും തിരിച്ചുവരാതെ ആ മണ്ണിലാഴ്ന്നുപോയ മനുഷ്യർ ഞങ്ങൾക്കേറെ പ്രിയങ്കരരായിരുന്നു.

Tags:    
News Summary - Even ​Time Cannot Heal This Wound Easily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.