ചിത്രങ്ങളിലൂടെ പ്രചോദനത്തിെൻറ സാധ്യതകളെ അന്വേഷിക്കുകയാണ് മുഹ്സിന മിൻഹാസ് എന്ന ചിത്രകാരി. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന ചിത്രപ്രദർശനം ‘അലുസിനോർ’ ശ്രദ്ധേയമാവുന്നത് പ്രത്യാശയുടെ വർണവിന്യാസം കൊണ്ടാണ്. ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത മുഹ്സിന തന്നിൽ നിറഞ്ഞു കിടക്കുന്ന സർഗാത്മകതയെ നിറങ്ങളിലൂടെ പ്രകടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
കാഴ്ചക്കാരനെ പ്രചോദിപ്പിക്കുകയും പ്രത്യാശയുടെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യാനുള്ള ശ്രമമാണ് ഇവിടെ ചിത്രങ്ങളായി മാറുന്നത്. ഒരു മോട്ടിവേഷൻ സ്പീക്കറാവാൻ ആഗ്രഹിച്ച മനസ്സിൽ നിന്നാണ് ചിത്രങ്ങളിലൂടെ പ്രചോദനത്തിന്റെ സാധ്യതകളെ അന്വേഷിക്കാനുള്ള നിറങ്ങൾ ചിത്രകാരി കണ്ടെടുക്കുന്നത്. ചങ്ങരംകുളം സ്വദേശിയും ഖത്തറിൽ ദന്തഡോക്ടറുമാണ് മുഹ്സിന മിൻഹാസ്. രണ്ടു വർഷത്തിനുള്ളിൽ വരച്ച 35 ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.
പെൺജീവിതത്തിന്റെ ആഹ്ലാദം പൂമ്പാറ്റകളായി ചിത്രങ്ങളിൽ നിറയുന്നുണ്ട്. വർണസൗന്ദര്യത്തെ പെൺജീവിതത്തിലേക്ക് പകർന്ന് നിറമില്ലാതെ പറക്കുകയാണ് പൂമ്പാറ്റകൾ. ദുരിതത്തിന്റെയും ആശങ്കകളുടെയും നിറങ്ങളെ മായ്ച്ചുകളഞ്ഞ് പ്രതീക്ഷകളുടെ വെളിച്ചമാണ് കാൻവാസുകളിലേക്ക് ഈ ചിത്രകാരി പകരുന്നത്. മുഹ്സിന മിൻഹാസിന്റെ ചിത്രങ്ങളിൽ നിറയുന്നത് പ്രത്യാശയുടെ നിറങ്ങളാണ്. അതിരുകളില്ലാത്ത സ്വപ്നങ്ങളും പ്രതീക്ഷകളും ഗുണാത്മക പ്രചോദനത്തിന്റെ ഉണർവും ഉന്മേഷവുമായി മാറുന്നു.
മറ്റൊരർഥത്തിൽ സ്വന്തം ജീവിതത്തെയാണ് മുഹ്സിന വരക്കാൻ ശ്രമിക്കുന്നത്. ശൈശവത്തിലും കൗമാരത്തിലും യുവത്വത്തിലും സ്ത്രീയുടെ ജൈവവികാരങ്ങളിൽ പ്രകടമാവുന്ന വ്യതിയാനങ്ങളെക്കൂടി ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവും. ‘ശൈശവത്തിെൻറ സ്വപ്നങ്ങൾ’ മുതൽ കൗമാരത്തിന്റെ ഉന്മാദത്തിലൂടെ യുവത്വത്തിന്റെ പൂമ്പാറ്റക്കാലം വരെ മുഹ്സിന വരച്ചുവെക്കുന്നു. ‘എപ്പോഴാണോ നിങ്ങളുടെ പാത തടസ്സപ്പെടുന്നത്, അപ്പോൾ പിന്നിലേക്ക് നോക്കൂ. നിങ്ങളെ അവസാനംവരെ നയിക്കുന്ന, ഹൃദയത്തിന് സന്തോഷം പകരുന്ന വെളിച്ചം കാണാം...’’ -ജീവിതവഴിയിലെ വെളിച്ചങ്ങളെക്കുറിച്ചു തന്നെയാണ് ചിത്രങ്ങൾക്കൊപ്പമുള്ള വാചകങ്ങളും സംസാരിക്കുന്നത്.
തെൻറ ചിത്രങ്ങളുടെ സന്ദേശത്തെ അന്വർഥമാക്കുംവിധം പ്രചോദനത്തിെൻറ കലാകാരി സി.എച്ച്. മാരിയത്താണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഖത്തറിൽ മെക്കാനിക്കൽ എൻജിനീയറായ ഭർത്താവ് ഉമർ ശരീഫിെൻറയും ഭർതൃമാതാവ് സുഹ്റയുടെയും പിന്തുണയും േപ്രാത്സാഹനവും പ്രചോദനമാവുന്നുണ്ടെന്ന് ചിത്രകാരി പറയുന്നു. മലപ്പുറം ഒതളൂർ ഏഴുവപ്പിണ്ടിയിൽ മുഹമ്മദ് ഹാരിസിന്റെയും റസിയയുടെയും മകളാണ്. മുഹ്സിനയുടെ ആദ്യ പ്രദർശനമാണിത്. ഒരു തുടക്കക്കാരിയുടെ പ്രശ്നങ്ങൾ ചില ചിത്രങ്ങളിൽ കാണാമെങ്കിലും നിറങ്ങളുടെ തിരഞ്ഞെടുപ്പിലും പ്രയോഗത്തിലും മുഹ്സിന കാണിക്കുന്ന സൂക്ഷ്മതയും ചിത്രങ്ങൾ പകരുന്ന പോസിറ്റിവ് എനർജിയും ഈ ചിത്രകാരിയിൽ പ്രതീക്ഷ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.