പത്രത്തിന്റെ കാലം കഴിഞ്ഞു എന്ന ചൊല്ല് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും ദിവസവും രാവിലെ പത്രത്തിനായി കാത്തിരിക്കുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. എന്നാൽ പത്രത്തിനായി ഒരു നാട് മുഴുവൻ നാല് വർഷമാണ് കാത്തിരിക്കുന്നതെന്ന് അറിഞ്ഞാലോ? അങ്ങനെ ഒരു പത്രവുമുണ്ട് ഈ ലോകത്ത്. ഇന്ത്യയിൽ അല്ല, ഫ്രാൻസിലാണെന്ന് മാത്രം. പാരീസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന "ലാ ബ്യൂഷി ഡ്യു സപെർ" (La Bougie du Sapeur) എന്ന ഫ്രഞ്ച് പത്രമാണ് നിരവധി പ്രത്യേകതകളുമായി വായനക്കാരെ വിസ്മയിപ്പിക്കുന്നത്.
നാല് വർഷത്തിലൊരിക്കൽ പുറത്തിറങ്ങുന്ന ഈ പത്രത്തിനായി കാത്തിരിക്കുന്നത് ലക്ഷങ്ങളാണ്. അധിവർഷത്തിൽ (leap year) മാത്രം പ്രസിദ്ധീകരിക്കുന്ന പത്രം ഫെബ്രുവരി 29നാണ് ഫ്രാൻസിലെമ്പാടുമുള്ള ന്യൂസ് സ്റ്റാൻഡുകളിൽ പ്രത്യക്ഷപ്പെടുന്നത്. 1980ൽ ആരംഭിച്ച പത്രത്തിൻറെ 12 പതിപ്പുകൾ മാത്രമാണ് ഇതിനോടകം പ്രസിദ്ധീകരിച്ചത്. ആക്ഷേപ ഹാസ്യ പത്രമായ (Satire Newspaper) "ലാ ബ്യൂഷി ഡ്യു സപെർ" കുറഞ്ഞ സമയത്തിനുള്ളിലാണ് വിറ്റ് തീരുന്നത്. നാല് യൂറോയാണ് പത്രത്തിന്റെ വിലയെങ്കിലും 100 യൂറോ മുടക്കിയാൽ 100 വർഷത്തേക്ക് വരി ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
1980ൽ സുഹൃത്തുക്കളായ പോളിടെക്‌നീഷ്യൻ ജാക്വസ് ഡി ബയ്‌സൺ, പത്രപ്രവർത്തകനും പഴയ പത്രങ്ങൾ ശേഖരിക്കുന്നത് ഹോബിയാക്കുകയും ചെയ്തിരുന്ന ക്രിസ്റ്റ്യൻ ബെയ്‌ലി എന്നീ സുഹൃത്തുക്കൾ ചേർന്ന് വെറുമൊരു തമാശക്കായാണ് "ലാ ബ്യൂഷി ഡ്യു സപെർ" തുടങ്ങിയത്. "സാപ്പറിന്റെ മെഴുകുതിരി" എന്നാണ് ഈ പേരിന്റെ അർത്ഥം.
1896ൽ ജോർജസ് കൊളോം എന്ന ഫ്രഞ്ച് സാഹിത്യകാരൻ രചിച്ച "സാപ്പർ കാമെംബർ" എന്ന കോമിക്ക് സീരീസിൽ നിന്നാണ് പത്രത്തിന് ഈ പേര് ലഭിച്ചത്. പട്ടാളക്കാരനായ കാമെംബർ ഫെബ്രുവരി 29നായിരുന്നു ജനിച്ചത്. തന്റെ നാലാം ജന്മദിനം ആഘോഷിച്ച ശേഷമായിരുന്നു അദ്ദേഹം പട്ടാളത്തിൽ ചേർന്നത്. കാമെംബറുടെ പിറന്നാൾ ആഘോഷം കൂടിയാണ് ലാ ബ്യൂഷി ഡ്യു സപെറിന്റെ ഓരോ പതിപ്പുമെന്ന് പറയാം.
നർമ്മത്തിൽ പൊതിഞ്ഞ് തയ്യാറാക്കിയ ആദ്യ പതിപ്പിന് തന്നെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. 1980ൽ പ്രസിദ്ധീകരിച്ച 30,000-ഓളം കോപ്പികളും വിറ്റഴിയുകയുണ്ടായി. തുടർന്നും പ്രസിദ്ധീകരിക്കാൻ ആവശ്യമുയർന്നെങ്കിലും ഇരുവരും വേണ്ടെന്ന് വക്കുകയായിരുന്നു. പിന്നീട് 1984ലായിരുന്നു അടുത്ത പതിപ്പ് പുറത്തിറക്കിയത്. വിസ്‌കൗണ്ട് ജീൻ ഡി ഇൻഡിയാണ് ഏറ്റവും കുറവ് പതിപ്പുകളുള്ള പത്രം എന്ന റെക്കോഡിന് അർഹരായ "ലാ ബ്യൂഷി ഡ്യു സപെറിന്റെ" നിലവിലെ മുഖ്യ പത്രാധിപർ.
വായനക്കാരെ ആകർഷിക്കാനുള്ള നിരവധി കാര്യങ്ങൾ കൂടി ഒളിപ്പിച്ചാണ് ഇൻഡിയും സംഘവും പത്രം അവതരിപ്പിക്കുന്നത്. 2024-ലെ പതിപ്പിൽ എല്ലാവരും കാത്തിരിക്കുന്നത് ഒരു ക്രോസ്‌വേഡ് പസിലിന്റെ ഉത്തരമാണ്. 2016 ഫെബ്രുവരി 29ന് പുറത്തിറങ്ങിയ പതിപ്പിൽ ഉണ്ടായിരുന്ന പസിലിന്റെ ഉത്തരം ഇന്നത്തെ പതിപ്പിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതായത് എട്ട് വർഷത്തെ കാത്തിരിപ്പിനാണ് ഇന്ന് പരിസമാപ്തിയാകുന്നത്.
സാധാരണ ടാബ്ലോയ്ഡ് ദിനപത്രത്തിന്റെ മാതൃകയിലാണ് ഈ പത്രം. കഴിഞ്ഞ നാല് വർഷത്തെ പ്രധാനപ്പെട്ട വാർത്തകൾ തമാശ പൊതിഞ്ഞ് പറയുകയാണ് ചെയ്യുന്നത്. മറ്റു പത്രങ്ങളെ പോലെ ഞായറാഴ്ച പതിപ്പും ലാ "ബ്യൂഷി ഡ്യു സപെറിന്" ഉണ്ട്. 2004 ഫെബ്രുവരി 29 ഞായറാഴ്ചത്തെ പത്രത്തോടൊപ്പമായിരുന്നു പ്രത്യേക പതിപ്പും അച്ചടിച്ചത്. 2032-ലാണ് അടുത്ത ഞായറാഴ്ച പതിപ്പ് പ്രസിദ്ധീകരിക്കുക.
ഫ്രഞ്ച് ഭാഷയിലുള്ള പത്രം 2016 മുതൽ ഫ്രാൻസിന് പുറമേ ബെൽജിയം, സ്വിറ്റ്സർലൻഡ്, ലക്സംബർഗ്, കാനഡ എന്നിവിടങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. രണ്ട് ലക്ഷത്തോളം കോപ്പികളാണ് 2020ൽ അച്ചടിച്ചത്. തമാശ പത്രമാണെങ്കിലും തമാശയല്ലാത്ത ഒരു കാര്യം കൂടി ചെയ്താണ് "ലാ ബ്യൂഷി ഡ്യു സപെർ" ജനങ്ങളുടെ ഹൃദയം കീഴടക്കുന്നത്. പത്രത്തിനെറ ലാഭത്തിന്റെ ഒരു ഭാഗം ഓട്ടിസം, അപസ്മാര ബാധിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനക്കാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.