കേരളത്തിന്‍റെ നട്ടെല്ല് കർഷകരാണെന്നാണ് സങ്കൽപം. മൂന്നരക്കോടിക്ക് മുകളിൽവരുന്ന ജനസംഖ്യയെ രണ്ടായി തിരിച്ചാൽ ഒരു വശത്ത് കഞ്ഞികുടിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർ, കർഷക തൊഴിലാളികൾ, പിന്നെ ദിവസവേതനക്കാരും സ്വയംതൊഴിൽ സംരംഭകരും. മറുവശത്ത് ഏതാനും ലക്ഷം വിദേശമലയാളികൾ, വിരലിലെണ്ണാവുന്ന വൻകിട മുതലാളിമാർ, പിന്നെ ഇത്രയും പേർക്ക് ജീവിത സൗകര്യങ്ങൾ ഒരുക്കാനും മികച്ച ഭാവി ഉറപ്പാക്കാനും സർക്കാർ നിയോഗിച്ചിരിക്കുന്ന ജീവനക്കാരും അധ്യാപകരും. ഇതിൽ ഏറ്റവും സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്നത് ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് സർക്കാർ ശമ്പളം പറ്റുന്നവർ.
ശമ്പളം എങ്ങനെ നിശ്ചയിക്കുന്നു എന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഓഫിസുകളിൽ മാത്രം കണ്ടുമുട്ടാറുള്ള ജീവനക്കാരെ ഏകദേശം അഞ്ചുവർഷം കൂടുമ്പോൾ തെരുവുകളിൽ കാണാം. ശമ്പളപരിഷ്ക്കരണം നടപ്പാക്കാത്തതിനെതിരെയുള്ള പ്രേക്ഷാഭത്തിലായിരിക്കും അവർ. വരുമാനക്കുറവ് മൂലം തങ്ങൾ അനുഭവിക്കുന്ന ദുരിതം അവർ കോളാമ്പി കെട്ടി പൊതുജനത്തോടു വിളിച്ചുപറയും. നമ്മളൊന്ന് എന്ന മുദ്രാവാക്യം നാട്ടുകാരുടെ തലക്ക് ചുറ്റും കിടന്നു കറങ്ങും. കേട്ടുനിൽക്കുന്നവർക്ക് അവർ അനുഭവിക്കുന്ന വിഷമം തിരിച്ചുപറയാൻ സംവിധാനമില്ല. അവർ സംഘടിതരല്ല. മുന്നിൽ മൈക്കില്ല.
ഈ ഘട്ടത്തിൽ സ്റ്റേജിലും മൈതാനത്തും നിൽക്കുന്നവരുടെ അവസ്ഥ എന്തെന്ന് വെറുതെ ഒന്ന് പരിശോധിക്കാം. ജീവനക്കാരുടെ ശമ്പളത്തിന്‍റെ ഒരു ഭാഗം പിടിച്ചെടുത്ത് സർക്കാർ ഇപ്പോൾ നടപ്പാക്കുന്ന ‘ജീവാനന്ദം’ പദ്ധതിയിൽ ആരുടെ കണ്ണീരാണ് വീഴുന്നതെന്ന് ഏകദേശ ധാരണ കിട്ടും. കേരളത്തിന്‍റെ ചങ്കായ നെൽകർഷകരെ നോക്കൂ. 1968ൽ നെൽ വില കിലോഗ്രാമിന് 1.40 രൂപയാണ് അവർക്ക് കിട്ടിയിരുന്നത്. 2023ൽ കിട്ടുന്നത് 28.2 രൂപയായി 19 ഇരട്ടി വർധന. കേരളത്തിന്‍റെ നട്ടെല്ലായ റബർ കർഷകർക്ക് ഒരു കിലോ റബറിന് 1968ൽ കിട്ടിയത് 4.66 രൂപയാണ്. 2023 ൽ അത് ശരാശരി 157 രൂപയായി. വർധന 33 ഇരട്ടി. ഈ കാലഘട്ടത്തിൽ ഓട്ടോകൂലിയിലും ബസുകൂലിയിലുമുണ്ടായ വർധന ഏകദേശം 30 ഇരട്ടിയാണ്. ഇനി സർക്കാർ ശമ്പളം നോക്കാം. 1968 സർക്കാർ സർവീസിലെ ഏറ്റവും താഴ്ന്ന വിഭാഗമായ പ്യൂണിന്റെ ശമ്പളം 70 രൂപയായിരുന്നു. 2023ൽ അദ്ദേഹത്തിനു കിട്ടുന്നത് 23000 രൂപ. വർധന 328 ഇരട്ടി. 1968ൽ സർക്കാരിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്‍റെ അടിസ്ഥാന ശമ്പളം 1300 രൂപയായിരുന്നു. 2023 ൽ അത് 1,29,300 ആയി. വർധന 98 ഇരട്ടി.
ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഇത്രയേറെ അന്തരമുണ്ടാവാൻ എന്താണ് കാരണം എന്നതിന് ഉത്തരങ്ങൾ ഒരുപാടുണ്ടായേക്കാം. പക്ഷേ, സാധാരണക്കാർക്ക് മനസ്സിലാകുന്ന പ്രധാന കാരണം തുടർഭരണം ലക്ഷ്യമിട്ട് കഴിഞ്ഞ തവണത്തെ ശമ്പള പരിഷ്ക്കരണത്തിൽ നൽകിയ ഭീമമായ വർധനയാണ്. സംസ്ഥാനത്തിന്‍റെ കടവും നികുതി വരുമാനവും സംബന്ധിച്ച് ഒന്നാം പിണറായി സർക്കാറിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്‍റെ നിഗമനങ്ങൾ അടിമുടി തെറ്റിയതാണ് ഇതിനു കാരണം. 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തിന്‍റെ കടം 3,27,655 കോടിയായിരിക്കുമെന്നാണ് മുൻധനമന്ത്രി തോമസ് ഐസക് കണക്കുകൂട്ടിയിരുന്നത്. എന്നാൽ 2022 മാർച്ചിൽ കടം 3,33,592 കോടിയായി ഉയർന്നു. സംസ്ഥാന നികുതിയായി 70,961.2 കോടി രൂപ ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രതീക്ഷ. എന്നാൽ കിട്ടിയതാകട്ടെ 47,314.07 കോടി മാത്രം. ഇല്ലാതായത് 23,647 കോടി രൂപയാണെന്ന് രണ്ടാം പിണറായി സർക്കാരിലെ ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ആദ്യ ബജറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, ഉയർന്ന നികുതി വരുമാനം പ്രതീക്ഷിച്ച് ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ ശമ്പളവർധനയും പെൻഷൻ വർധനയും പുതിയ സർക്കാറിന് വലിയ ബാധ്യത സൃഷ്ടിച്ചു. 15,430 കോടി രൂപയാണ് ശമ്പളത്തിനും പെൻഷനുമായി രണ്ടാം പിണറായി സർക്കാറിന് അധികമായി ചെലവഴിക്കേണ്ടിവരുന്നത്.
ഒന്നാം പിണറായി നർക്കാറിന്‍റെ അവസാന ബജറ്റിൽ സംസ്ഥാന നികുതി വരുമാനം കുറയും എന്നു വ്യക്തമായി അറിയാമായിട്ടും വിൽപന നികുതിയിലും ജി.എസ്.ടിയിലും വൻവർധനവുണ്ടാകുമെന്നും ഐസക്ക് പ്രവചിച്ചിരുന്നു. 2020–21ൽ 16,998 കോടിയായിരുന്ന വില്പന നികുതി 2021–22 ൽ 24,039 കോടിയായി ഉയരുമെന്നും ബജറ്റിൽ എഴുതി. ഒറ്റ വർഷം കൊണ്ട് ജി.എസ്.ടി നികുതി വരുമാനം 94 ശതമാനം കൂടുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. 18,999 കോടി രൂപയിൽ നിന്നും 36,922 കോടിയായി ജി.എസ്.ടി വർധിക്കും എന്നായിരുന്നു പ്രതീക്ഷ. ആസൂത്രണ ബോർഡും ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയും നികുതി വരുമാനത്തെപ്പറ്റിയും വിദഗ്ധപഠനം നടത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷമെങ്കിലും സംസ്ഥാന നികുതി വരുമാനത്തിൽ കാതലായ കുറവുണ്ടാകുമെന്നായിരുന്നു വിദഗ്ധ പഠനങ്ങൾ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യങ്ങൾ അവഗണിച്ചാണ് മുൻധനമന്ത്രി സംസ്ഥാനത്തിന്‍റെ വരവും ചെലവും കണക്കാക്കിയത്. ശമ്പളവും പെൻഷനും നൽകാൻ മറ്റുവഴികൾ കാണാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പെരുകുന്നത്. കടം കിട്ടാനുള്ള വഴികളെല്ലാം അടയുകയും വരുമാനവർധനക്ക് പദ്ധതികൾ ഇല്ലാതാവുകയും ചെയ്തതാടെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ പിടിത്തമിടാതെ മറ്റുവഴിയില്ലെന്ന സ്ഥിതിയിലായി സർക്കാർ.
2023 മാർച്ച് മാസത്തിൽ സംസ്ഥാന ബജറ്റ് രേഖയോടൊപ്പം സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നിയമ സഭയിൽ സമർപ്പിച്ച സ്റ്റാഫിന്‍റെ വിശദാംശങ്ങൾ എന്ന (അനുബന്ധം ഒന്ന്) രേഖപ്രകാരം കേരളത്തിൽ 5,15,024 സ്ഥിരം സർക്കാർ ജീവനക്കാരും 11,145 താൽക്കാലിക ജീവനക്കാരും അടക്കം 5,26,169 സർക്കാർ ജീവനക്കാരുണ്ട്. ഇതിൽ 1,40,000 പേർ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അധ്യാപകേതര ജീവനക്കാരാണ്. കോളേജിയറ്റ് വിദ്യാഭ്യാസം അടക്കം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ആകെ 2,49,000 സർക്കാർ ജീവനക്കാരാണ് പണിയെടുക്കുന്നത്. ഇതിൽ എയ്‌ഡഡ് മേഖലയിൽ പണിയെടുക്കുന്ന 1,40,000 പേരെ ഒഴിവാക്കിയാൽ ബാക്കി 1,09,000 ജീവനക്കാരാണ് സർക്കാർ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ. അങ്ങനെ കണക്കാക്കിയാൽ വിദ്യാഭ്യാസ ഇതര വകുപ്പുകളിലെ സർക്കാർ ജീവനക്കാർ 2,77,169 പേരാണ്.
വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്ക് സ്വതന്ത്ര അധ്യാപക സംഘടനകളാണുള്ളത്. സർവിസ് സംഘടനകളിൽ അംഗങ്ങളാകാൻ പറ്റാത്ത 60,515 പേർ പൊലീസ് വകുപ്പിലുണ്ട്. അവരെയും ഒഴിവാക്കിയാൽ വിവിധ സർക്കാർ വകുപ്പുകളിൽ സംസ്ഥാനത്തൊട്ടാകെ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം 2,16,654 ആണ്. ഇതിൽ 25,000 പേർ സർവിസ് സംഘടനകളിൽ അംഗങ്ങളാകാൻ നിയമപരമായി വിലക്കുള്ള ഓഫിസർ സൂപ്പർവൈസറി തസ്‌തികകളിൽ ജോലിചെയ്യുന്നവരാണ്.
അങ്ങനെ നോക്കിയാൽ എൻ.ജി.ഒമാർ എന്നറിയപ്പെടുന്ന സർക്കാർ ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം 1,91,654. 2022 ഏപ്രിൽ രണ്ടിനു തിരുവനന്തപുരത്ത് നടന്ന സി.പി.എം അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ യൂനിയന്റെ 58-ാം സംസ്ഥാന സമ്മേളനം സംബന്ധിച്ച പത്രക്കുറിപ്പുകളിൽ എൻ.ജി.ഒ. യൂനിയനിൽ 1,55,873 ജീവനക്കാർ അംഗങ്ങളാണെന്നും അവരെ പ്രതിനിധീകരിച്ച് 896 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വിശ്വസിക്കാമെങ്കിൽ 1,91,654 സർക്കാർ എൻ.ജി.ഒമാരിൽ ഏതാണ്ട് 1,55,873 പേരും ഭരണകക്ഷിക്ക് അനുകൂലമാണ്. ‘ജീവാനന്ദം’ ഭരിക്കുന്നവർക്ക് പരമാനന്ദം നൽകുമെങ്കിലും അണികൾക്ക് കണ്ണീരാകും നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.