‘അവിടെ ആദിവാസിക്കുട്ടികളല്ലേ... അവർക്ക് മോശം അധ്യാപകരായാലും മതി!’

കൽപറ്റ: ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞ കോട്ടയത്തെ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികമാർക്ക് വയനാട്ടിലെ ഗോത്രവർഗമേഖലകളിലെ സ്കൂളുകളിലേക്ക് കൂട്ടസ്ഥലംമാറ്റം നടത്തിയത് വിവാദമാവുന്നു. ചങ്ങനാശേരി ഗവ.എച്ച്.എസ്.എസിലെ അഞ്ചുപേരെയാണ് വയനാട്ടിലെ മൂന്നും കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഓരോ സ്കൂളുകളിലേക്കും സ്ഥലംമാറ്റിയിരിക്കുന്നത്. മതിയായ പ്ലസ് വൺ സീറ്റുകൾപോലും നൽകാതെ സർക്കാർ അവഗണിക്കുന്നുവെന്ന ഗുരുതരമായ ആരോപണം നിലനിൽക്കെ, കുറ്റക്കാരായ അധ്യാപകർക്കുള്ള ദുർഗുണപരിഹാരപാഠശാലയായാണ് സർക്കാർ മലബാർ ജില്ലകളെ കാണുന്നുവെന്ന ആരോപണവും ഇതോടെ ഉയർന്നു.

ചങ്ങനാശേരി സ്കൂളിലെ അഞ്ച് അധ്യാപകരെയാണ് വയനാട് കല്ലൂർ ഗവ. എച്ച്.എസ്.എസ്, വയനാട് നീർവാരം ഗവ. എച്ച്.എസ്.എസ്, വയനാട് പെരിക്കല്ലൂർ ഗവ. എച്ച്.എസ്.എസ്, കണ്ണൂർ വെല്ലൂർ ഗവ. എച്ച്.എസ്.എസ്, കോഴിക്കോട് ബേപ്പൂർ ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ എഡി.ബി 4/3218/2024/ഡി.ജി.ഇ നമ്പറിലുള്ള ഉത്തരവ് ജൂൺ 25നാണ് പുറത്തിറങ്ങിയത്.

ഇവരെ സ്ഥലംമാറ്റിയിരിക്കുന്ന വയനാട്ടിലെ കല്ലൂർ, നീർവാരം, പെരിക്കല്ലൂർ സ്കൂളുകൾ വിജയശതമാനത്തിൽ ജില്ലയിൽ തന്നെ ഏറ്റവും പുറകിലുള്ളവയാണ്. ആദിവാസികളും തോട്ടംതൊഴിലാളികളുമടക്കമുള്ള സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നവരിൽ ഏറെയും. ഇതിനാൽ ഇവിടെയുള്ള രക്ഷിതാക്കളിൽ നിന്ന് ഈ വിഷയത്തിൽ പ്രതിഷേധമുണ്ടാകില്ലെന്ന് കണ്ടാണ് അധ്യാപികമാരെ ഇങ്ങോട്ട് സ്ഥലംമാറ്റാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതെന്ന് വയനാട്ടിലെ വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ‘വയനാട്ടിലെ ആദിവാസിക്കുട്ടികൾക്ക് മോശം അധ്യാപകരായാലും മതി എന്നായിരിക്കും അധികൃതർ ചിന്തിക്കുന്നത്. ആ മനോഭാവമാണ് പ്രശ്നം. ഗോത്രവർഗ കുടുംബത്തിലെ വിദ്യാർഥികൾ പഠനകാര്യങ്ങളിൽ സ്കൂളിലെ അധ്യാപകരെ പൂർണമായും ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. പഠിച്ചു മുന്നേറാനാവശ്യമായ അന്തരീക്ഷം അവരുടെ വീട്ടകത്ത് ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ, കാര്യക്ഷമതയും ആത്മാർഥതയും ഇല്ലാത്തവരെന്നു കണ്ടുള്ള ശിക്ഷാവിധിയിൽ സ്ഥലം മാറിയെത്തുന്ന അധ്യാപകർ ഈ വിദ്യാർഥികളുടെ പഠനത്തിൽ വിപരീത ഫലമാണ് ഉളവാക്കാൻ ഇടയുള്ളത്’ -വിദ്യാഭ്യാസ പ്രവർത്തകരിലൊരാൾ വിശദീകരിക്കുന്നു.

വിദ്യാഭ്യാസ വകുപ്പ് കോട്ടയം റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി) നേരിട്ട് നടത്തിയ അന്വേഷണത്തിൽ അധ്യാപികമാർക്കെതിരെ കണ്ടെത്തിയ ഗുരുതര കുറ്റങ്ങൾ സ്ഥലംമാറ്റ ഉത്തരവിൽ വിശദമായി പറയുന്നുണ്ട്. ചങ്ങനാശേരി സ്കൂളിലെ പ്രിൻസിപ്പൽ ക്രമവിരുദ്ധമായി ജോലിഭാരം ഉയർത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന് ഇംഗ്ലീഷ് അധ്യാപിക അധികൃതർക്ക് പരാതി നൽകിയതാണ് തുടക്കം. ഇതിൽ അന്വേഷണം നടത്തിയ ആർ.ഡി.ഡി പരാതിയിൽ പറയുന്ന കാര്യങ്ങൾ പൂർണമായും തെറ്റാണെന്നും ജോലി ചെയ്യാനുള്ള മടി കാരണമാണ് പരാതിയെന്നും കണ്ടെത്തി. സ്കൂളിന്റെ പഠനനിലവാരം ഉയർത്തുന്നതിനായി സ്ഥലം എം.എൽ.എ അഡ്വ. ജോബ് മൈക്കിളും സ്കൂൾ പി.ടി.എയും മാനേജ്മെന്റ് കമ്മിറ്റിയും മുൻകൈയിൽ തുടങ്ങിയ വിവിധ പഠനപ്രവർത്തനങ്ങളുമായി ഈ അധ്യാപികമാർ സഹകരിച്ചില്ല.

സർക്കാർ നിർദേശിച്ചതുപ്രകാരം ഹയർസെക്കൻഡറി അധ്യാപകർക്ക് ആഴ്ചയിൽ 25 പീരിയഡ് വരെ നൽകാം. എന്നാൽ, 20 പീരിയഡ് മാത്രം നൽകപ്പെട്ടിട്ടും അധ്യാപിക പരാതി നൽകി. ഞായറാഴ്ച ഒഴികെ സ്​പെഷ്യൽ ക്ലാസ് നൽകാൻ തീരുമാനമായെങ്കിലും അധ്യാപികമാർ സമ്മതിച്ചില്ല. ക്ലാസ് സമയത്തുപോലും സ്റ്റാഫ് റൂമിലെ ടേബിളിൽ കിടന്നുറങ്ങി. ഇവർ പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്നും മാനസികമായി പ്രയാസപ്പെടുത്തുന്നുവെന്നും വിദ്യാർഥികളും മൊഴി നൽകിയിട്ടുണ്ട്. മുൻകാല ഫലങ്ങൾ പരിശോധിച്ചപ്പോൾ ഇംഗ്ലീഷിനാണ് ഏറ്റവും കുറഞ്ഞ മാർക്ക് കുട്ടികൾക്ക് ലഭിക്കുന്നതെന്നും കണ്ടെത്തി.

ബോട്ടണി പ്രാക്ടിക്കൽ റെക്കോർഡിൽ സിലബസ് പ്രകാരം 31 ചിത്രങ്ങളേ വരക്കേണ്ടതുള്ളൂവെങ്കിലും 81 ചിത്രങ്ങൾ കുട്ടികളെ കൊണ്ടു വരപ്പിച്ചു. വരച്ച് തീർക്കാൻ കൂടുതൽ സമയം കുട്ടികൾ ആവശ്യ​പ്പെട്ടപ്പോൾ വൈവയുടേയും പ്രാക്ടിക്കലിന്റെയും മാർക്ക് വേണ്ടേയെന്നും റെക്കോർഡ് സീൽ ചെയ്ത് നൽകില്ലെന്നും പറഞ്ഞ് കുട്ടികളെ മാനസികമായി പീഡിപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ടതിനെതുടർന്നാണ് സ്ഥലംമാറ്റം. അധ്യാപക പദവിക്ക് ചേരാത്ത വിലകുറഞ്ഞതും ധാർഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റമാണ് ഇവരുടേത്. പ്രിൻസിപ്പൽ, പി.ടി.എ അംഗങ്ങൾ, എം.എൽ.എ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എന്നിവരുടെ നിർദേശങ്ങൾ കൂട്ടമായി അവഗണിച്ചു. ഇവരുടെ കൃത്യവിലോപവും കാര്യക്ഷമതയില്ലായ്മയും ചങ്ങനാശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് വിഘാതമായി തുടരുന്നതിനാലാണ് സ്ഥലംമാറ്റുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Tags:    
News Summary - Transfers of Kottayam teachers to Wayanad in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.