മോദിയുടെ പ്രസംഗത്തിൽനിന്ന് പൊടുന്നനെ അപ്രത്യക്ഷമായി ‘അദാനിയും അംബാനി’യും

റഞ്ഞുകുടുങ്ങിയതു പോലെയായി കാര്യങ്ങൾ. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ അദാനി-അംബാനിമാരെക്കുറിച്ച് പറയുമ്പോൾ വരാനിരിക്കുന്നത് വലിയ വയ്യാവേലിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർത്തുകാണില്ല. താനുമായി വളരെ രമ്യതയിലും സ്നേഹത്തിലും കഴിഞ്ഞുപോകുന്നവരെ, മറുപക്ഷത്തുള്ളവരുടെ പേരിനോട് ചേർത്തുകെട്ടുമ്പോൾ ഉണ്ടാകാവുന്ന പുകിൽ മനസ്സിന്റെ പ്രോംപ്റ്ററിൽ പെട്ടെന്ന് തെളിയാത്തതുകൊണ്ടാവണം.

അതും ചില്ലറ ആരോപണമല്ല മോദി ഉയർത്തിയത്. അദാനി-അംബാനിമാർ നട്ടപ്പാതിരക്ക് ടെമ്പോയിൽ കയറ്റി ലോഡുകണക്കിന് പണം കോൺഗ്രസിന് നൽകിയെന്നൊക്കെ പറയുന്നത് കേട്ട് ഞെട്ടിയത് കോൺഗ്രസുകാരേക്കാൾ ബി.ജെ.പിക്കാരാണെന്നു മാത്രം. കൈയിലുള്ള കാൽക്കാശുവരെ ആദായ നികുതിക്കാർ മരവിപ്പിച്ച് നിർത്തിയതിനാൽ നോട്ടീസടിക്കാനുള്ള പണം പോലുമില്ലാതെ വലയുന്നതിനിടയിലാണ് കോൺഗ്രസിന് ഇതു കേൾക്കേണ്ടി വരുന്നതെന്നത് മ​റ്റൊരു വിരോധാഭാസം.

വിദ്വേഷ പരാമർശങ്ങളുടെ ഭീകരമായ പല അവസ്ഥാന്തരങ്ങളും പരീക്ഷിക്കുന്നതിനിടയിലായിരുന്നു തെലങ്കാനയിലെ റാലിയിൽ അദാനിയെയും അംബാനിയെയും അപ്രതീക്ഷിതമായി വലിച്ചിഴച്ചത്. സ്ഥാനത്തും അസ്ഥാനത്തുമൊക്കെ കോൺഗ്രസിനെ വിമർശിക്കാനുള്ള വ്യഗ്രതയിൽ സംഗതി പിഴച്ചുപോയെന്നത് നൂറുതരം.

കോൺഗ്രസിനാകട്ടെ, ആ ആരോപണമങ്ങ് വല്ലാതെ സുഖിച്ചു. അവരത് സമൂഹ മാധ്യമങ്ങളിലും മറ്റും നന്നായി ആഘോഷിക്കുകയും ചെയ്തു. ഉരുളക്കുപ്പേരി പോലെ മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. അർധരാത്രിയിൽ ലോഡുകണക്കിന് കള്ളപ്പണം കോൺഗ്രസിന് നൽകിയിട്ടുണ്ടെങ്കിൽ വൈകാതെ അന്വേഷണം വേണമെന്നായി രാഹുൽ. 10 വർഷം അദാനി-അംബാനി എന്ന് മിണ്ടാത്ത മോദി ഇപ്പോൾ പേടിച്ചരണ്ടിട്ട് അവരെ വിളിച്ച് ‘എന്നെ രക്ഷിക്കണേ’ എന്ന് നിലവിളിക്കുകയാണെന്നും രാഹുൽ തിരിച്ചടിച്ചു.

മോദിയെ പിന്തുണക്കാനോ അദാനി-അംബാനിമാർക്കെതിരെ ആരോപണം ആവർത്തിക്കാനോ ബി.ജെ.പി പാളയത്തിൽനിന്ന് അമിത് ഷാ ഉൾപ്പെടെ ആരും തയാറായതുമില്ല. തങ്ങളെ അകമഴിഞ്ഞ് തുണക്കുന്ന നരേന്ദ്ര മോദി ശത്രുപാളയത്തിലുള്ള കോൺഗ്രസുമായി കൂട്ടിക്കെട്ടി തങ്ങളെ പ്രതിക്കൂട്ടിലാക്കിയതിൽ അദാനി-അംബാനിമാർ അമ്പരന്നുപോയിരിക്കണം. കള്ളപ്പണവുമായി ബന്ധ​പ്പെട്ട ആ അവാസ്തവ പ്രചാരണത്തിനെതിരെ, പക്ഷേ ഒരു പ്രസ്താവന പോലും ഇറക്കാൻ കഴിയാതെ ത്രിശങ്കുവിലായി നിൽപാണ് പാവം അദാനിയും അംബാനിയും.

എന്നാൽ, ആ ​ഒരൊറ്റ റാലിയിൽ മാത്രമേ മോദിയുടെ നാവിൽനിന്ന് അദാനി-അംബാനി എന്നത് പുറത്തുവന്നുള്ളൂ. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്നായപ്പോൾ ‘മുതലാളിമാരെ’ തൊട്ടുള്ള കളി സ്വിച്ചിട്ടതുപോലെ നിന്നു. മോദിയുടെ പൊതുറാലികളിൽനിന്ന് വെള്ളിയാഴ്ച മുതൽ അദാനിയും അംബാനിയും എന്ന് കേട്ടതേയില്ല. പിന്നീ​ടിതുവരെ മറ്റൊരു സ്ഥലത്തും അവരെ പേരെടുത്ത് പരാമർശിച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ നന്ദർബറിൽ വെള്ളിയാഴ്ച നടന്ന ആദ്യ റാലിയിൽ പഴയ അടവുകളിലേക്ക് തന്നെ തിരിച്ചെത്തി. കോൺ​​ഗ്രസ് വിരുദ്ധതയും വിദ്വേഷ പരാമർശങ്ങളും വീണ്ടും അരങ്ങുനിറഞ്ഞു. കോൺഗ്രസ് കടുത്ത ഹിന്ദു വിരുദ്ധരാണെന്നത് പ്രസംഗങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. രാമന്റെ രാജ്യത്തിൽ രാമക്ഷേത്രം ദേശവിരുദ്ധമാണെന്ന് കോൺഗ്രസ് പറയുന്നുവെന്ന് വ്യാകുലപ്പെട്ടു. ഇൻഡ്യ സഖ്യം എന്നെയല്ല, നിങ്ങളുടെ വിശ്വാസത്തെയാണ് ആക്രമിക്കുന്നത്...അവർ ഹിന്ദു വിശ്വാസത്തെ രാജ്യത്തുനിന്ന് ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്....ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പതിവു പല്ലവികളിലൂന്നിയാണിപ്പോൾ പ്രസംഗങ്ങൾ.


Tags:    
News Summary - ‘Adani-Ambani’ Go Missing From Modi’s Speeches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.