????

ഒപ്പനയുണ്ട്... എന്നുമൊപ്പം

മാപ്പിളപ്പാട്ടിന്‍െറ ശീലുകളും ഒപ്പനയുടെ താളവും ഹൃദയത്തോട് ചേര്‍ത്ത കലാകാരനാണ് കണ്ണൂര്‍ പാപ്പിനിശ്ശേരി കാണിച്ചേരിയന്‍ ബിജു (37). അധ്യാപകന്‍ ആകണമെന്ന ചെറുപ്പം മുതലുള്ള ആഗ്രഹം സാധിക്കാനാവാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ബിജു ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒപ്പന അധ്യാപകനാണ്. കുട്ടിക്കാലത്തെ ജീവിതസാഹചര്യം അത്രമേല്‍ ക്ളേശങ്ങള്‍ നിറഞ്ഞതായിരുന്നു. പഠനം നിര്‍ത്തി കണ്ണൂരില്‍ ഗാനമേള ട്രൂപ്പിലും മുസ്ലിം സമുദായത്തിലെ കല്ല്യാണ വീടുകളിലും ഒപ്പനപാടി ഉപജീവനം നടത്തുകയായിരുന്നു ആദ്യമൊക്കെ. പിന്നീട് സ്കൂളുകളില്‍ ഒപ്പന പഠിപ്പിക്കാനെ ത്തി. ഇന്ന് കേരളത്തിലെ തലയെടുപ്പുള്ള 36 സ്കൂളുകളിലാണ് ബിജു ഒപ്പന പഠിപ്പിക്കുന്നത്. 

ബിജു ഒപ്പന വിദ്യാര്‍ഥികള്‍ക്കൊപ്പം
 

ഹൈസ്കൂള്‍ പഠനകാലത്ത് കലോത്സവ വേദികളില്‍ മാപ്പിളപാട്ടില്‍ എന്നും ഒന്നാം സ്ഥാനത്തായിരുന്നു. എന്തെങ്കിലും ജോലി തരപ്പെടുത്തി ഉപജീവനം കഴിക്കണമെന്ന ലക്ഷ്യത്തോടെയുള്ള യാത്രയില്‍ തന്‍െറ പഴയകാല അധ്യാപകനെ കാണാനിടയായത് ഉയരങ്ങളിലേക്കുള്ള ഏണിപ്പടിയായി. അഞ്ചാം ക്ലാസില്‍ മാപ്പിളപ്പാട്ടും അറബി പദ്യവും പരിശീലിപ്പിച്ച ഗുരു ഹനീഫ മുഹമ്മദുമായി കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ജോലിക്കാര്യവും പറഞ്ഞു. പഠനം നിര്‍ത്തിയതിന് ശകാരവും ഇടക്ക് ഉപദേശവും നല്‍കിയശേഷം ഭാരിച്ച തൊഴില്‍ ചെയ്യാന്‍ വളര്‍ന്നല്ലെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തി. ഒപ്പം ചെറിയ പാട്ടുകാരനായി തന്‍െറ ട്രൂപ്പില്‍ ചേരാന്‍ ഉപദേശവും നല്‍കി പിരിഞ്ഞു. പിന്നീട് അദ്ദേഹത്തിനൊപ്പം കൂടി. 

അഞ്ചുവര്‍ഷം ഒപ്പനയും മാപ്പിളപ്പാട്ടും പഠിച്ചും ചെറിയ കുട്ടികളെ പഠിപ്പിച്ചും കഴിഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പല സ്കൂളുകളിലും പ്രഫഷനല്‍ കോളജുകളിലും മത്സരങ്ങള്‍ക്കായി കുട്ടികളെ ഒപ്പന പരിശീലിപ്പിച്ച് സമ്മാനങ്ങളും ഗ്രേസ് മാര്‍ക്കുകളും വാങ്ങിനല്‍കി. സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി തവണ തന്‍െറ കുട്ടികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് ബിജു കണ്‍നിറയെ കണ്ടു. പുതിയ ഒപ്പനപ്പാട്ടുകള്‍ സ്കൂളിലേക്കുള്ള യാത്രയില്‍ പഠിക്കുകയും സ്കൂളിലെത്തി പഠിപ്പിക്കുകയുമാണ് പതിവ്. അധ്യാപനം മാത്രമല്ല ഒപ്പനക്ക് പുതിയ ഇശലുകളും ബിജു സൃഷ്ടിക്കുന്നുണ്ട്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.