പുഴാതി സോമേശ്വരി ക്ഷേത്രം ഭാഗവത സത്രത്തിൽ ഭാഗവത പണ്ഡിത അഡ്വ സിന്ധു ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തുന്നു

ഡാൽട്ടന് മുമ്പ് ഭാഗവതം ആറ്റമിക് തിയറി ചർച്ചചെയ്തു -അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ

ചിറക്കൽ: ജോൺഡാൽട്ടൺ കണ്ടുപിടിച്ച ആറ്റമിക് തിയറി 5000 വർഷം മുമ്പ് ഭാരതത്തിൽ മഹാഭാഗവതം ചർച്ച ചെയ്തിട്ടുണ്ടെന്ന് ഭാഗവത പണ്ഡിത അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ. പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ ദ്വാരകാപുരിയിൽ അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.

‘ഭാഗവതം മൂന്നാം സ്കന്ദം പതിനൊന്നാം അധ്യായത്തിലാണ് അണു, പരമാണു എന്ന ശാസ്ത്ര സത്യം പരാമർശിക്കപ്പെടുന്നത്. ഭ്രൂണം മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് ആവാഹിക്കുന്ന കാര്യം ഭാഗവതത്തിൽ കാണാം. ബലരാമന്റെ ജനനത്തിലുള്ളത് എംപ്രിയോ ട്രാൻസ്പ്ലാന്റേഷനാണ്. ലോകം കണ്ട മനഃശാസ്ത്രജ്ഞനാണ് കപിലൻ. സ്വന്തം മാതാവിന് കപിലൻ നല്കുന്ന ഉപദേശം അതിഭൗതിക ശാസ്ത്രമാണ്, മെറ്റാഫിസിക്സാണ്, പ്രപഞ്ച വിജ്ഞാനമാണ്.

ശബ്ദശാസ്ത്രത്തെക്കുറിച്ചും ഭാഗവതം ചർച്ച ചെയ്യുന്നുണ്ട്. മൂന്നാം സ്കന്ദം 12 അധ്യായത്തിലാണ് സപ്തസ്വരങ്ങളെക്കുറിച്ചു ഭാഗവതം പറയുന്നത്. മുഖത്ത് നിന്നു വരുന്ന വൈഖരിയും ഹൃദയത്തിൽ നിന്നും വരുന്ന പ്രണവവും എന്നിങ്ങനെ ഭാഗവതം ശബ്ദത്തെ രണ്ടാക്കി തിരിക്കുന്നു. ആത്മീയമായും സാങ്കേതിമായും ശബ്ദശാസ്ത്രത്തെ ഭാഗവതം പഠിപ്പിക്കുന്നു. പര, പശ്യന്തി, മധ്യമ, വൈഖരി എന്ന രീതിയിൽ ഭാഗവതം ശബ്ദത്തെ വേർതിരിക്കുന്നുമുണ്ട്.

ചിന്തയുടെ പ്രകടമല്ലാത്ത ആദ്യ അവസ്ഥയാണ് പര. ചിന്തയെ തിരിച്ചറിയുന്ന അവസ്ഥയാണ് പശ്യന്തി. മനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തെളിയുന്ന ഭാഷയുടെ അവസ്ഥയാണ് മധ്യമ. ചിന്ത വാക്കായി, ഭാഷയായി പുറത്തു വരുന്ന അവസ്ഥയാണ് വൈഖരി. ശബ്ദശാസ്ത്രത്തെ വിശദമായി പ്രതിപാദിക്കുന്ന ശ്രീമദ് ഭാഗവതം ശബ്ദ ശാസ്ത്ര പഠനം നടത്തുന്നവർ പഠിക്കണം -അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കൈതപ്രം നാരായണൻ നമ്പൂതിരി, കൊട്ടിയൂർ പി.എസ്. മോഹനൻ, അമ്പലപ്പുഴ ബാലചന്ദ്രൻ, കോട്ടയം എൻ.സോമശേഖരൻ, കൊട്ടാരക്കര ശ്രീജിത്ത് കെ.നായർ, ശാസ്താംകോട്ട പാർത്ഥസാരഥീ പുരം വിശ്വനാഥൻ, ആലുവ തിരുവൈരാണിക്കുളം കേശവദാസ് എന്നിവർ പ്രഭാഷണം നടത്തി.

പരിസ്ഥിതി സൗന്ദര്യശാസ്ത്രവും ഫെമിനിസവും ശ്രീമദ് ഭാഗവതത്തിലുണ്ടെന്ന് സാംസ്കാരിക സഭയിൽ മുഖ്യപ്രഭാഷണത്തിൽ പ്രഫ. ഇന്ദുലേഖ നായർ പറഞ്ഞു.പയ്യന്നൂർ കൃഷ്ണമണി മാരാരുടെ സോപാന സംഗീതവും കലാമണ്ഡലം നയന നമ്പ്യാരുടെ ഓട്ടൻ തുള്ളലും തിരുവാതിരക്കളിയുമുണ്ടായി.


Tags:    
News Summary - Bhagavatam discussed atomic theory before John Dalton- Adv. Sindhu Gopalakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.