വിശ്വാസ വൈവിധ്യങ്ങൾ

വാല്മീകി രാമായണത്തിലെ രാമ- ജാബാലി സംവാദം തെളിയിക്കുന്നത് വിശ്വാസങ്ങളിലും ആശയങ്ങളിലുമുള്ള വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയുമാണ്. ശക്തമായൊരു ശ്രമണ ധാര നിലനിന്നിരുന്നു എന്ന് ശബരിയുടെ കഥയിൽനിന്ന് അറിയാം. വാല്മീകി രാമായണത്തിൽ ശബരിയെ ശ്രമണി എന്നാണ് വിശേഷിപ്പിക്കുന്നത്. ഇങ്ങനെ നാസ്തികന്മാരും മറ്റും അടങ്ങുന്ന വിപുലമായ ആശയ - ദർശന പാരമ്പര്യങ്ങൾ നിലനിന്നിരുന്നു. കാട്ടിൽ തപസ്സ് ചെയ്തിരുന്നവരിൽ വർണാശ്രമ വ്യവസ്ഥ അനുസരിച്ച് സന്യസിക്കുന്നവരും വാനപ്രസ്ഥികളും ഋഷിമാരും മാത്രമല്ല ഉണ്ടായിരുന്നതെന്ന് വാല്മീകി രാമായണത്തിലെ ആരണ്യകാണ്ഡം തെളിയിക്കുന്നു. ശരഭങ്ഗാശ്രമത്തിൽ എത്തിച്ചേരുന്ന ശ്രീരാമനെ ദർശിക്കാൻ വന്നവരിൽ വൈഖാനസന്മാർ, ബാലഖില്യർ, സംപ്രക്ഷാളർ, അശ്മകുട്ടന്മാർ, പത്രാഹാരന്മാർ, ദന്തോലൂഖ ഖലീനന്മാർ, ഉമ്മജ്ജകന്മാർ, ഗാത്രശയ്യർ, അശയ്യർ, സലിലാഹാരികൾ, വായുഭക്ഷകർ, ആകാശനിലയർ, സ്ഥണ്ഡില ശായികൾ, ഊർധ്വവാസികൾ, ദാന്തന്മാർ, ആർദ്ര പട വാസസുകൾ, സജപന്മാർ, പഞ്ചതപന്മാർ തുടങ്ങിയ വ്യത്യസ്ത വിശ്വാസധാരകൾ പുലർത്തുന്നവരുണ്ടായിരുന്നു.

ഇതിൽ വൈഖാനസന്മാർ പിൽക്കാലത്ത് വൈഷ്ണവ പ്രസ്ഥാനത്തിലെ അവിഭാജ്യ ഭാഗമായിത്തീർന്നവരാണ്. ഇല മാത്രം കഴിക്കുക, ഉമിയുള്ള ധാന്യം മാത്രം കഴിക്കുക, വിശ്രമിക്കാതെ അനുഷ്ഠാനങ്ങൾ ചെയ്യുക, വെള്ളം മാത്രം കുടിക്കുക, വെറും നിലത്ത് ശയിക്കുക, പഞ്ചാഗ്നി മധ്യേ തപസ്സ് ചെയ്യുക തുടങ്ങിയ വ്യത്യസ്ത അനുഷ്ഠാന പദ്ധതികൾ പിന്തുടർന്നവരായിരുന്നു ഇവർ (ആരണ്യ കാണ്ഡം 6:2-6). അക്കാലത്ത് നിലനിന്നിരുന്ന വിശ്വാസ വൈവിധ്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഏകശിലാത്മകമായ ആരാധന വ്യവഹാരങ്ങൾ കാനനവാസികളായ ശ്രമണന്മാർ ഉൾപ്പെടെ പിന്തുടർന്നിരുന്നില്ല എന്നതിന്‍റെ ദൃഷ്ടാന്തമാണിത്.

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.