ജടായുവിന് ബലി

ശ്രീരാമൻ സീതയെ അന്വേഷിച്ച് ആകുലചിന്തയോടെ വനത്തിലെമ്പാടും നടക്കുമ്പോഴാണ് രാവണന്റെ വാളേറ്റ് ചോര വമിച്ചു കിടക്കുന്ന പക്ഷിരാജനായ ജടായുവിനെ കാണുന്നത്. ജടായുവാണോ സീതയെ ഭക്ഷിച്ചത് എന്ന് ആദ്യം രാമൻ സംശയിക്കുന്നുമുണ്ട് (ആരണ്യകാണ്ഡം 67:11-12). എന്നാൽ സീതയെ രാവണൻ അപഹരിച്ചു കൊണ്ടു പോയ വാർത്ത ജടായു പറഞ്ഞതോടെ രാമന് നിജസ്ഥിതി ബോധ്യപ്പെട്ടു.

മരണത്തോട് മല്ലടിച്ചു കൊണ്ടിരുന്ന ജടായുവിനെ സ്വന്തം അച്ഛനെ പോലെ സ്നേഹാതിരേകത്താൽ രാമൻ കെട്ടിപ്പുണർന്നുകൊണ്ട് കഠിന ദുഃഖത്താൽ ഭൂമിയിൽ വീണു(ആരണ്യകാണ്ഡം 67:29). സീതയെ സംബന്ധിച്ച കാര്യങ്ങൾ അന്ത്യവേളയിലും രാമനോട് ജടായു പറഞ്ഞു കൊണ്ടേയിരുന്നു.

പിതൃപിതാമഹന്മാരിൽ നിന്നു ലഭിച്ച രാജ്യം ഉപേക്ഷിച്ചാണ് തനിക്കായി ജടായു ജീവൻ വെടിഞ്ഞതെന്നും രാമൻ ലക്ഷ്മണനോട് പറയുന്നുണ്ട്. സീതാഹരണത്തേക്കാൾ വലുതായ ദുഃഖമാണ് ജടായുവിന്റെ മരണം തനിക്ക് നൽകിയതെന്നും രാമൻ പ്രസ്താവിക്കുന്നു. തുടർന്ന് രാമൻ ജടായുവിന്റെ ശരീരം സംസ്കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുന്നുണ്ട്.

കാട്ടിൽ ചെന്ന് വലിയ മാനുകളെ കൊന്ന് മാംസം ശേഖരിച്ച് അത് അരിഞ്ഞെടുത്ത് ഉരുട്ടിയ പിണ്ഡം കൊണ്ടാണ് രാമൻ ജടായുവിന് ബലി അർപ്പിക്കുന്നതെന്ന് വാല്മീകി രാമായണം പറയുന്നു (ആരണ്യകാണ്ഡം 67:32). പരേതരായ മനുഷ്യർക്ക് വേണ്ടി ചൊല്ലേണ്ടതായ മന്ത്രങ്ങൾ ഉച്ചരിച്ചാണ് രാമൻ ജടായുവിന് ബലി അർപ്പിച്ചത് (ആരണ്യകാണ്ഡം 67:34).

ഇത് തെളിയിക്കുന്നത് ജടായു എന്നത് കേവലം ഒരു പക്ഷിയല്ലെന്നും പക്ഷി കുലചിഹ്നമായിട്ടുള്ള ഗോത്രവർഗത്തിലെ ഗോത്ര രാജനാണ് എന്നുമാണ്. ഫാദർ കാമിൽ ബുൽക്കെ രാമകഥയിൽ വാനരർ തുടങ്ങിയവ കുലചിഹ്നമാണെന്നും അവർ വ്യത്യസ്ത ഗോത്ര മനുഷ്യരാണെന്നും നിരീക്ഷിക്കുന്നുണ്ട്.

Tags:    
News Summary - ramayanaswarangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.