മലപ്പുറം: 2024ലെ ഹജ്ജിന് അപേക്ഷിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബർ 20. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വെബ്സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. ‘Hajsuvidha’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് 31-01-2025 വരെ കാലാവധിയുള്ള മെഷീൻ റീഡബ്ൾ പാസ്പോർട്ട് ഉണ്ടായിരിക്കണം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്.
നിർദേശങ്ങൾ
അപേക്ഷകരുടെ പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളതും), മുഖ്യ അപേക്ഷകന്റെ (കവർ ഹെഡ്) ക്യാൻസൽ ചെയ്ത ഐ.എഫ്.എസ് കോഡുള്ള ബാങ്ക് ചെക്കിന്റെ/ പാസ്ബുക്കിന്റെ കോപ്പി, അഡ്രസ് പ്രൂഫ്, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈൻ അപേക്ഷയിൽ അപ് ലോഡ് ചെയ്യണം.
തീർഥാടകർക്ക് രണ്ട് പുറപ്പെടൽ കേന്ദ്രങ്ങൾ മുൻഗണന ക്രമത്തിൽ രേഖപ്പെടുത്താം (കോഴിക്കോട്, കൊച്ചി, കണ്ണൂർ)
ജനറൽ കാറ്റഗറിയിൽ പരമാവധി അഞ്ച് മുതിർന്നവർക്കും രണ്ട് കുഞ്ഞുങ്ങൾക്കും ഒരേ കവറിൽ അപേക്ഷിക്കാം.
കാറ്റഗറി (70+):
2023 ഡിസംബർ മൂന്നിന് 70 വയസ്സ് പൂർത്തിയായ (03-12-1953നോ അതിന് മുമ്പോ ജനിച്ചവർ) ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ, അല്ലാതെയോ ഹജ്ജ് ചെയ്തിട്ടില്ലാത്ത അപേക്ഷകരെ നിബന്ധനകൾക്ക് വിധേയമായി 70+ കാറ്റഗറിയിൽ ഉൾപ്പെടുത്തും.
ലേഡീസ് വിത്തൗട്ട് മഹ്റം കാറ്റഗറി
2023 ഡിസംബർ മൂന്നിന് 45 വയസ്സ് പൂർത്തിയായ (03-12-1978നോ അതിന് മുമ്പോ ജനിച്ചവർ) ഹജ്ജിന് പോകാൻ പുരുഷ മഹ്റമായി ആരും ഇല്ലാത്ത അഞ്ച് സ്ത്രീകൾക്കു വരെ ഒരുമിച്ച് ഒരു കവറിൽ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.