കൊണ്ടോട്ടി: സംസ്ഥാനത്തുനിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെട്ടവരില്‍ കൂടുതല്‍ പേരും വനിതകൾ. യാത്ര പുറപ്പെടലിന്റെ അവസാന ദിവസമായ വ്യാഴാഴ്ചയിലേതുള്പ്പെടെ യാത്രയായ 11,252 പേരില്‍ 6,899 പേര് സ്ത്രീകളും 4,353 പേര് പുരുഷന്മാരുമാണ്. കൂടാതെ മൂന്ന് പുറപ്പെടല്‍ കേന്ദ്രത്തില്നിന്നായി വിവിധ സംസ്ഥാനങ്ങളിെലയും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 304 തീർഥാടകരും യാത്രയായി.
ഏറ്റവും കൂടുതല്‍ തീർഥാടകര്‍ പുറപ്പെട്ടത് കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയന്റില്‍നിന്നാണ്-7,045. കരിപ്പൂരില്‍നിന്ന് 49 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയത്. കണ്ണൂരില്‍നിന്ന് 14 വിമാനങ്ങളിലായി 2,030ഉം കൊച്ചിയില്‍നിന്ന് ആറ് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി 2,481 തീര്‍ഥാടകര്‍ക്കുമാണ് യാത്രസൗകര്യം ഒരുക്കിയത്. സംസ്ഥാനത്തുനിന്ന് ഹജ്ജിന് പുറപ്പെടുന്നവരില്‍ സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ്.
കരിപ്പൂരില്‍ വനിത തീർഥാടകര്‍ക്ക് മാത്രമായി നിർമാണം ആരംഭിച്ച വനിത ബ്ലോക്ക് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് യാത്രക്ക് മുന്നേ പൂര്‍ണസജ്ജമായത് ഉപകാരമായി. ശീതീകരിച്ച താമസമുറികള്‍, വെയ്റ്റിങ് ലോഞ്ച്, ഫുഡ് കോര്‍ട്ട്, വിശാലമായ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള പുതിയ കെട്ടിടത്തിലുണ്ട്. മൂന്ന് എംബാര്‍ക്കേഷന്‍ പോയന്റിലും ഹജ്ജ് ക്യാമ്പുകള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
കൊണ്ടോട്ടി: ഇത്തവണത്തെ ഹജ്ജ് യാത്രവേളയില്‍ മക്കയിലെത്തി നിര്യാതരായത് മൂന്നുപേര്‍. കോഴിക്കോട് കുന്ദമംഗലം സ്വദേശി അതൃമാന്‍, എറണാകുളം കാരുകളം സ്വദേശിനി ആയിശ ബീവി, കണ്ണൂര്‍ കല്യാശ്ശേരി സ്വദേശി ബി.സി. അബ്ദുല്ല എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും ഭൗതികശരീരങ്ങള്‍ മക്കയില്‍തന്നെ ഖബറടക്കി.
കരിപ്പൂര്‍: കണ്ണൂര്‍ ആസ്ഥാനമായി പുതിയ ഹജ്ജ് ക്യാമ്പ് അടുത്ത വര്‍ഷത്തോടെ സ്ഥാപിക്കുമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ക്യാമ്പിന്റെ സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ ഹജ്ജ് ഹൗസ് സ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത്തവണ സംസ്ഥാനത്ത് മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനായത് തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമായെന്നും മന്ത്രി പറഞ്ഞു. ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, മലപ്പുറം ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീന് കുട്ടി, ഡോ. ഐ.പി. അബ്ദുല്‍ സലാം, കെ.എം. മുഹമ്മദ് ഖാസിം കോയ, കെ. ഉമര്‍ ഫൈസി മുക്കം, കെ.പി. സുലൈമാന്‍ ഹാജി, എ.ഡി.എം എന്‍.എം. മെഹറലി, എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസര്‍ പി.എം. ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകളുടെ പ്രവര്‍ത്തനം വ്യാഴാഴ്ച സമാപിക്കും.
കരിപ്പൂരില്‍നിന്ന് മൂന്ന് വിമാനങ്ങളും കണ്ണൂരില്‍നിന്ന് ഒന്നുമാണ് വ്യാഴാഴ്ച പുറപ്പെടുക. കൊച്ചിയില്‍ നിന്നുള്ള ഹജ്ജ് സർവിസുകള്‍ പൂര്‍ത്തിയായി. ബുധനാഴ്ച 991 പേരാണ് മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് തീര്‍ഥാടനത്തിനായി പുറപ്പെട്ടത്. കരിപ്പൂരില്‍നിന്ന് മൂന്ന് വിമാനങ്ങളിലായി 433 പേരും കണ്ണൂരില്‍നിന്ന് ഒരു വിമാനത്തില്‍ 145 പേരും കൊച്ചിയില്‍ നിന്നുള്ള അവസാന വിമാനത്തില്‍ 413 പേരും യാത്രയായി.
കൊച്ചി: കാത്തിരിപ്പ് പട്ടികയിൽനിന്ന് അവസാന നിമിഷം അവസരം ലഭിച്ച 19 പേർകൂടി യാത്ര തിരിക്കുന്നതോടെ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിന് വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.