തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീർഥാടകരുടെ യാത്രക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സർക്കാറിനെ ഔദ്യോഗികമായി അറിയിച്ചു. 1,65,000 ആക്കിയ വിമാന നിരക്കിൽ 42000 രൂപ കുറച്ച് 1,23,000 രൂപയാക്കി. ഹജ്ജ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്റെ കത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അയച്ച മറുപടിയിലാണ് നിരക്ക് കുറച്ച വിവരം അറിയിച്ചത്.
കേരളത്തിൽ നിന്നുള്ള കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയന്‍റുകളിൽ നിന്നുള്ള വിമാന നിരക്ക് യുക്തിസഹമായിരുന്നെങ്കിൽ കോഴിക്കോട്ടുനിന്നുള്ളത് ഉയർന്നതായിരുന്നെന്ന് ബോധ്യപ്പെട്ടതായി മറുപടിയിൽ പറയുന്നു. ടെക്നിക്കൽ, ഓപറേഷനൽ, കൊമേഴ്സ്യൽ ഘടകങ്ങൾ പരിഗണിച്ച് എയർലൈൻ കമ്പനികൾ സമർപ്പിച്ച ബിഡ് പരിഗണിച്ചാണ് ഹജ്ജ് വിമാന നിരക്ക് നിശ്ചയിച്ചത്.
നിരക്ക് കൂടുതലാണെന്ന് ബോധ്യപ്പെട്ടതിനാൽ പ്രശ്നത്തിൽ വ്യക്തിപരമായി ഇടപെടുകയും കോഴിക്കോട്ടുനിന്നുള്ള യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കണമെന്ന് എയർ ടെൻഡർ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തതായും കേന്ദ്രമന്ത്രി പറഞ്ഞു.
കൂടിയാലോചനകൾക്കു ശേഷം കോഴിക്കോട്ടു നിന്നുള്ള വിമാന നിരക്ക് 1977 ഡോളർ എന്നത് 507 ഡോളർ കുറച്ച് (ഏകദേശം 42,000 രൂപ) 1470 ആക്കാൻ തീരുമാനിച്ചതായും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.