മക്ക: ഹജ്ജിനായി മക്കയിലെത്തുന്ന തീർഥാടകരും അവരെ സേവിക്കുന്ന സന്നദ്ധ പ്രവർത്തകരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില ആരോഗ്യ മുൻകരുതലുകളുണ്ട്. മക്കയിലെത്തിയതു മുതൽ ഹജ്ജ് സമാപിച്ച് നാട്ടിൽ തിരിച്ചെത്തുന്നതുവരെ ഇത്തരം മുൻകരുതലുകൾ തീർഥാടകർ എല്ലാവരും പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രമേഹം, പ്രഷർ, അലർജി തുടങ്ങിയ സ്ഥിരം രോഗമുള്ളവർ തങ്ങൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകളെല്ലാം ആവശ്യത്തിന് കൂടെ കരുതണം. ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ യഥാസമയത്ത് തന്നെ കഴിക്കുന്നതിലും ഇൻസുലിൻ എടുക്കുന്നതിലുമെല്ലാം ഒരിക്കലും വീഴ്ചവരുത്തരുത്.
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മറയ്ക്കുന്ന തരത്തിൽ ടിഷുവോ തൂവാലയോ ഉപയോഗിക്കുക. ഇതു രണ്ടുമില്ലെങ്കിൽ കൈമുട്ടു വെച്ച് ചുമയ്ക്കുന്ന സമയത്ത് മുഖം മറയ്ക്കണം. മുഴുവൻ സമയങ്ങളിലും മാസ്ക് ധരിക്കുന്നത് നല്ലതാണ്. ചുമയോ ജലദോഷമോ ഉള്ള ആളുകളുമായി അടുത്ത് ഇടപഴകാതിരിക്കുക. താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക.
ചുമച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ തുമ്മിക്കഴിഞ്ഞാൽ, ഭക്ഷണത്തിനു മുമ്പും ശേഷവും, താമസിക്കുന്ന റൂമിൽ വന്നുകഴിഞ്ഞാൽ, ടോയ്ലറ്റിൽ പോയിക്കഴിഞ്ഞാൽ, ഏതെങ്കിലും ചവറ്റുകൊട്ടയിൽ തൊട്ടതിനു ശേഷം. നിസ്സാരം എന്നു തോന്നാമെങ്കിലും മുകളിൽ പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
1. സൂര്യാഘാതം: ഇങ്ങനെ സംഭവിച്ചാൽ രോഗിയുടെ ശരീരം ഉടനടി തണുപ്പിക്കണം. അതിനായി രോഗിയെ തണുത്ത സ്ഥലത്തേക്ക് മാറ്റണം. ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക. എയർ കണ്ടീഷണർ അല്ലെങ്കിൽ ഫാനിന്റെ അടുക്കലേക്ക് മാറ്റിയിരുത്തുക. ഉടനടി വൈദ്യസഹായം തേടണം. സൂര്യാഘാതം തടയുന്നതിനുവേണ്ടി തിരക്ക് ഒഴിവാക്കുക. ഇടയ്ക്കിടെ വിശ്രമിക്കുക. വെള്ളവും ജ്യൂസും ആവശ്യത്തിന് കുടിക്കുക. ഇളം നിറത്തിലുള്ള കുട ഉപയോഗിക്കുക. സ്ത്രീകൾക്ക് വെള്ള വസ്ത്രമാണ് അഭികാമ്യം.
2. പേശി വേദന: ഇത് തടയാനായി വീൽചെയറിന്റെ സേവനം ഉപയോഗപ്പെടുത്തുക, വേദനസംഹാരികൾ ഉപയോഗിക്കുക, വേദനയുള്ള ഭാഗം ഐസ് വെച്ച് തണുപ്പിക്കുക.
3. തൊലിപ്പുറത്തെ ബുദ്ധിമുട്ടുകൾ: ഇത് ഒഴിവാക്കാനായി പലതരം ക്രീമുകൾ ഉപയോഗിക്കാവുന്നതാണ്, കോട്ടൺ വസ്ത്രങ്ങൾ എപ്പോഴും നല്ലതാണ്, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ബേബി പൗഡർ ഉപയോഗിക്കുക.
4. നിർജലീകരണം: ഇത് ഒഴിവാക്കാനായി ധാരാളം വെള്ളവും ജ്യൂസും കുടിക്കുക. പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
5. വീഴ്ച: വീഴ്ച ഒഴിവാക്കാനായി നല്ല പാദരക്ഷകൾ ധരിക്കുക. നഖം കൃത്യസമയത്ത് മുറിക്കുക. കാലിൽ എന്തെങ്കിലും മുറിവുകൾ ഉണ്ടെങ്കിൽ നേരത്തേ ചികിത്സിക്കണം. തട്ടലും മുട്ടലും ഒഴിവാക്കുക. സോക്സ് മാത്രം ഉപയോഗിച്ച് നടക്കാതിരിക്കുക.
6. ഡെങ്കിപ്പനി: ഇത് തടയുന്നതിനായി കൊതുകു കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതിനായി ശരീരത്തിന്റെ മറയ്ക്കാവുന്ന ഭാഗങ്ങൾ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് മറയ്ക്കുക. ബാക്കിഭാഗത്ത് കൊതുകിനെ അകറ്റാനുള്ള ക്രീമുകൾ ഉപയോഗിക്കാവുന്നതാണ്.
ഡോ. ഇന്ദു ചന്ദ്രശേഖരൻ
എം.ഡി (ഇന്റർനൽ മെഡിസിൻ) എച്ച്.ഒ.ഡി, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.