ജിദ്ദ: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കം കുറിച്ച് സൗദി പണ്ഡിത സഭാംഗം ഡോ. യൂസുഫ് ബിൻ സഈദ് അറഫാ പ്രഭാഷണം നിർവഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ തീർഥാടക ലക്ഷങ്ങളെ അഭിസംബോധന ചെയ്ത് അറഫയിലെ നമിറ പള്ളിയിൽ ഇന്ന് ഉച്ചക്ക് പ്രഭാഷണം നടത്തവേ, നന്മകളിൽ പരസ്പരം സഹകരിച്ച് ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ധർമത്തിലും ഭക്തിയിലും സഹകരിക്കുക. അപ്പോൾ സത്യം ജയിക്കുകയും അസത്യം പരാജയപ്പെടുകയും ചെയ്യും.
ശത്രുക്കൾക്ക് ദേഷ്യം വരും. വിദ്വേഷികളുടെ പ്രയത്നങ്ങൾ തടസ്സപ്പെടും. ഭാഷകളുടെയും നിറങ്ങളുടെയും വംശങ്ങളുടെയും വ്യത്യാസം അഭിപ്രായ വ്യത്യാസത്തിനും സംഘർഷത്തിനും ന്യായീകരണമല്ല. മറിച്ച്, അത് പ്രപഞ്ചത്തിലെ ദൈവത്തിന്റെ അടയാളങ്ങളാണ്. ഒരുമയും സ്നേഹവും കൊണ്ട് ഐക്യപ്പെടാനും സംഘർഷം, അനൈക്യം, വിയോജിപ്പ് എന്നിവയിൽനിന്ന് അകലാനുമാണ് ദൈവിക വചനങ്ങൾ ആവശ്യപ്പെടുന്നത്.
വാക്കുകൾ ഭിന്നമാകുമ്പോഴും പകയും വിദ്വേഷവും കടന്നുവരുമ്പോഴും ഇച്ഛകൾ ഏറ്റുമുട്ടുന്നു. നിയമവിരുദ്ധമായ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുന്നു. നിഷിദ്ധമായവ അനുവദനീയമാകുന്നു. പവിത്രമായവ ലംഘിക്കുന്നു. ഇങ്ങനെയുള്ള സമൂഹത്തിന് ജീവിതത്തിൽ മുന്നേറാൻ പ്രയാസമാണ്. ആരാധനാകർമങ്ങൾ പാലിക്കുക ബുദ്ധിമുട്ടാണ്. വാക്കുകൾ ഏകീകരിച്ച് സാമൂഹികവും കുടുംബപരവും വിശ്വാസപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് ശരീഅത്ത് വന്നത്. ബന്ധങ്ങൾ ഉയർത്തിപ്പിടിക്കാൻ അത് കൽപ്പിച്ചു. ഭാര്യാഭർത്താക്കന്മാർ, പിതാവ്, പുത്രന്മാർ, പുത്രിമാർ എന്നിവരുടെ അവകാശങ്ങൾ അത് വ്യക്തമാക്കി. എല്ലാ ബന്ധുക്കളോടും അയൽക്കാരോടും ദരിദ്രരോടും നന്മകൾ ചെയ്യാൻ കൽപ്പിച്ചു. അണികളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കിംവദന്തികളും മറ്റും പിന്തുടരുന്നത് ശരീഅത്ത് വിലക്കി. വാക്കുകൾ ഏകീകരിക്കാനും ഐക്യം കാത്തുസൂക്ഷിക്കാനും അധികാരമുള്ളവരെ കേൾക്കേണ്ടതിന്റെയും അനുസരിക്കുന്നതിന്റെ ആവശ്യകതയും ഡോ. യൂസുഫ് ബിൻ സഈദ് പ്രസംഗത്തിനിടെ സൂചിപ്പിച്ചു.
ദൈവത്തെ അനുസരിച്ചും അവന്റെ നിയമങ്ങൾ പാലിച്ചും പരിധികൾ കാത്തുസൂക്ഷിച്ചും അവനെ ഭയപ്പെട്ടും ജീവിക്കുക. അങ്ങനെയുള്ളവർ ഇഹപര വിജയികളുടെ കൂട്ടത്തിലായിരിക്കുമെന്നും ഇമാം ഉദ്ബോധിപ്പിച്ചു. ദൈവ സ്മരണക്കും പ്രാർഥനകൾക്കും വേണ്ടി സ്വയം സമർപ്പിക്കാനും നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്കുവേണ്ടി പ്രാർഥിക്കാനും ഇമാം ഹജ്ജ് തീർഥാടകരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.