അപാരമായ ആത്മത്യാഗത്തിന്റെയും വിശ്വമാനവികതയുടെയും മഹാ പാഠങ്ങൾ പകർന്നുനൽകി വീണ്ടുമൊരു ബലിപെരുന്നാൾ സമാഗതയായി. മഹാനായ പ്രവാചകൻ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും പ്രോജ്ജ്വലമായ ദൈവസ്നേഹവും സമർപ്പണവും ലോകത്തുള്ള ഓരോ വിശ്വാസിയുടെയും മനതാരിൽ അലയടിക്കുന്ന സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സന്ദർഭമാണിത്. ദൈവം അരൂപിയാണെങ്കിലും ദൈവസാമീപ്യം അനുഭവിച്ചറിയാൻ കഴിയുന്ന ധാരാളം ചിഹ്നങ്ങളും പ്രതീകങ്ങളും അടയാളപ്പെടുത്തുന്ന പെരുന്നാൾ കൂടിയാണ് ബലിപെരുന്നാൾ. ദൈവസാന്നിധ്യം തിരിച്ചറിയാനും അതിലൂടെ അനിർവചനീയമായ അനുഭൂതിയിൽ ആറാടാനും ഈ പ്രതീകങ്ങളിലൂടെ മനുഷ്യർക്ക് സാധിക്കും. ലോകത്തെമ്പാടുമുള്ള വിശ്വാസിലക്ഷങ്ങൾ മക്കയിൽ സംഗമിക്കുന്ന മഹാമാനവിക സംഗമം കൂടി ഈ പെരുന്നാളിന്റെ ഭാഗമാണല്ലോ.
ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധം കേവലം യാന്ത്രികമോ നിയമബന്ധിതമോ അല്ല, ദിവ്യാനുരാഗത്തിന്റെയും സ്നേഹത്തിന്റേതുമാണ്. തനിക്ക് പ്രിയപ്പെട്ടതെല്ലാം അവന്റെ സമക്ഷത്തിൽ തിരുമുൽക്കാഴ്ചയായി സമർപ്പിക്കുന്ന അപരിമേയമായ ബന്ധമാണത്. ഞാൻ എന്ന സ്വത്വം തന്റെ ഇഷ്ടഭാജനത്തിലേക്ക് അലിഞ്ഞില്ലാതാവുന്ന ഇലാഹീ പ്രണയത്തിന്റെ മാസ്മരിക ഭാവം. ഇച്ഛകളും മനുഷ്യ ബന്ധങ്ങളും താൽപര്യങ്ങളും ഭൗതികമായ മറ്റെല്ലാ സ്വന്തങ്ങളും ദൈവത്തിനുമുന്നിൽ ഒന്നുമല്ലാതായി മാറുന്ന അത്ഭുത കാഴ്ചയാണ് ദൈവസ്നേഹം എന്നത്. അതുകൊണ്ടാണല്ലോ ഇബ്രാഹീമിന് വാർധക്യത്തിൽ തന്റെ അരുമപൈതലിനെ ബലിക്കല്ലിൽ കിടത്താൻ സാധിച്ചത്. ജഗന്നിയന്താവിന്റെ കല്പനക്കുമുന്നിൽ നശ്വരമായ ഈ ലോകത്ത് തനിക്കുള്ളതെല്ലാം സമർപ്പിക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു ആ പരീക്ഷണത്തിലൂടെ.
ദൈവത്തിന്റെ ഏകത്വം ഉദ്ഘോഷിക്കുന്ന പെരുന്നാളാണ് ഈദുൽ അദ്ഹ. ബഹുദൈവത്വം എന്നത് ഭൗതികതാൽപര്യങ്ങളെ മാത്രം മുൻനിർത്തിയുള്ള ഒരു സംവിധാനമാണെന്ന് പ്രവാചകൻ ഇബ്രാഹീം ലോകത്തിനുമുന്നിൽ യുക്തിപൂർവമായ തെളിവുകൾ നിരത്തി അനാവരണം ചെയ്യുകയായിരുന്നു. പൗരോഹിത്യത്തിന്റെ കെട്ടുകാഴ്ചകൾക്കപ്പുറം ദൈവത്തിന്റെ സത്തയെ തിരിച്ചറിയുക എന്നതാണ് പെരുന്നാൾ മുന്നോട്ടുവെക്കുന്ന ആശയം. ഏകദൈവത്വം പ്രബോധനം ചെയ്ത എല്ലാ പ്രവാചകന്മാർക്കും പുണ്യപുരുഷന്മാർക്കും അതിശക്തമായ വെല്ലുവിളികൾ തങ്ങളുടെ സമൂഹത്തിൽ നിന്നും നേരിടേണ്ടിവന്നിട്ടുണ്ട്. ഇന്നും അതിന്റെ തുടർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഭരണാധികാരികളും പൗരോഹിത്യവും ഉദ്യോഗസ്ഥ വൃന്ദവും എന്നും ഒരുമിച്ചാണ് നന്മയുടെ വാഹകരെ നേരിട്ടത്. ലോകത്ത് ഇന്ന് നിലനിൽക്കുന്ന പല വ്യവസ്ഥകളും ബഹുദൈവാധിഷ്ഠിതമാണ്. പൗരോഹിത്യത്തെയും ഉദ്യോഗസ്ഥരെയും കൂട്ടുപിടിച്ചാണ് തങ്ങളുടെ പൗരന്മാർക്ക് മേൽ അധീശത്വം സ്ഥാപിക്കാൻ ഭരണാധികാരികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഫാഷിസത്തിന്റെ അട്ടഹാസങ്ങൾ നമ്മെ വല്ലാതെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സങ്കീർണ സാഹചര്യം കൂടിയാണ് നമുക്കു ചുറ്റും ഇന്ന് നിലനിൽക്കുന്നത്. അധികൃതരുടെ താൽപര്യങ്ങൾക്ക് ഓശാന പാടുന്നവർക്ക് മാത്രം ജീവിതം സന്തോഷപ്രദമാക്കാൻ സാധിക്കുന്ന കാലത്താണ് നാം പെരുന്നാൾ ആഘോഷിക്കുന്നത്. പൗരന്റെ ജീവിക്കാനുള്ള അവകാശം പോലും നിർണയിക്കുന്നത് ഭരണകൂടവും അതിന്റെ പിണിയാളുകളുമാണ്.
ഇബ്രാഹീം പ്രവാചകനോട് നംറൂദ് പറഞ്ഞതും ഈ ധിക്കാരം തന്നെയാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഇല്ലായ്മ ചെയ്യാനും കൽത്തുറുങ്കിലടക്കാനും അവർക്ക് ഒരു മടിയുമില്ല. ചെറുത്തുനിൽപിന്റെയോ പ്രതിഷേധത്തിന്റെയോ ചെറിയ ഒച്ചകളെ പോലും ഭയപ്പെടുകയും അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജുഡീഷ്യറിയെ പോലും തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു നിയന്ത്രിക്കാൻ ഭരണാധികാരികൾക്ക് സാധിക്കുന്നു. ജനാധിപത്യവും മതേതരത്വവും തകർക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് എങ്ങും നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള ഊർജം നൽകുന്നത് കൂടിയാവണം
ഈദുൽ അദ്ഹ. ഇബ്രാഹിമിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള ആഹ്വാനം കൂടിയാണ് ബലിപെരുന്നാൾ. സാർവലൗകിക സാഹോദര്യവും വിശ്വമാനവികതയുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ലോകത്തുള്ള സർവ മനുഷ്യരും ഒരു ചീർപ്പിന്റെ പല്ലുപോലെയാണെന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദരമായ പാഠം. എല്ലാ തരത്തിലുമുള്ള ഉന്മാദ ദേശീയതയെയും അത് നിരാകരിക്കുന്നു. ദേശത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്ക് വിലകൽപിക്കുന്ന മനോഹരമായ ആശയമാണത്. ഹജ്ജിൽ ഇതിന്റെ സുന്ദരമായ ചിത്രീകരണം നമുക്ക് കാണാൻ കഴിയുന്നു. തീവ്രദേശീയതയുടെ പേരിൽ ലോകത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് കൈയും കണക്കുമില്ല.
തന്റെ ദേശത്തെ അമിതമായി മഹത്വവത്കരിക്കുകയും അതിന്റെ അതിർത്തികൾക്കപ്പുറമുള്ളവരെയെല്ലാം ശത്രുവായി പ്രഖ്യാപിച്ച് അവരെ ഇല്ലായ്മ ചെയ്യണമെന്നുമുള്ള ഭ്രാന്തൻ ആശയത്തിന് പ്രചാരം വർധിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അനീതിയിലും അക്രമത്തിലും അധിഷ്ഠിതമായ നിരവധി നിയമങ്ങൾ ഈ ഭ്രാന്തൻ ദേശീയതയുടെ പേരിൽ ചുട്ടെടുക്കുന്ന സാഹചര്യമാണ് ലോകത്ത് ഇന്ന് നിലനിൽക്കുന്നത്. ഉന്മാദ ദേശീയതയോട് കലഹിച്ച മില്ലത്താണ് ഇബ്രാഹീമീ മില്ലത്ത്. നീതിയും ന്യായവും പുലരുന്ന സാമൂഹിക വ്യവസ്ഥിതിയായിരിക്കണം ഓരോ ദേശത്തും നിലനിൽക്കേണ്ടത്. ദേശത്തോടുള്ള കൂറും സ്നേഹവും ഉണ്ടാവണം.
എന്നാൽ, അതൊരിക്കലും അപരന്റെ നീതി നിഷേധിക്കുന്നതോ അവന്റെ സ്വത്വത്തെ ഇല്ലായ്മ ചെയ്യുന്നതോ ആവാൻ പാടില്ല. എല്ലാ മനുഷ്യരെയും സമന്മാരായി കാണാൻ കഴിയുന്ന ദേശരാഷ്ട്രങ്ങളാണ് നിലവിൽ വരേണ്ടത്.അതിനായി ശബ്ദമുയർത്താനും ബോധവത്കരണം നടത്താനും ഈദുൽ അദ്ഹ ഓരോ വിശ്വാസിയെയും പ്രചോദിപ്പിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.