കരിപ്പൂർ: ഈ വർഷം ഇന്ത്യയിൽനിന്ന് ഹജ്ജ് സർവിസിന് കൂടുതൽ വിമാന കമ്പനികൾക്ക് അവസരം. സാധാരണ സൗദി എയർലൈൻസ് (സൗദിയ), ഫ്ലൈ നാസ്, എയർഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയാണ് സർവിസ് നടത്താറുള്ളത്. ഇക്കുറി ഇവക്കുപുറമെ കൂടുതൽ ഇന്ത്യൻ കമ്പനികൾക്ക് അവസരം കിട്ടി.
ഫ്ലൈ നാസിന് പകരം സൗദിയിൽനിന്ന് ഫ്ലൈ അദീൽ എന്ന പുതിയ കമ്പനിക്കാണ് കരാർ ലഭിച്ചത്. ഫ്ലൈനാസും സ്പൈസ്ജെറ്റും ഇക്കുറിയില്ല. എയർഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, വിസ്താര, ഫ്ലൈ അദീൽ എന്നിവക്ക് ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഹജ്ജ് സർവിസിന് അവസരം ലഭിക്കുന്നത്. ഇവക്ക് പുറമെ, എയർഇന്ത്യയും സൗദിയയും വിവിധ കേന്ദ്രങ്ങളിൽനിന്ന് സർവിസ് നടത്തും. ഇതിൽ എയർഇന്ത്യ, സൗദിയ, വിസ്താര എന്നിവക്ക് മാത്രമാണ് വലിയ വിമാനങ്ങളുള്ളത്.
കൂടുതൽ തീർഥാടകരെ കൊണ്ടുപോകുന്നത് സൗദിയയാണ്. മുംബൈ, ഡൽഹി, കൊച്ചി, ലഖ്നോ എന്നിവിടങ്ങളിൽനിന്നായി 46,900 തീർഥാടകരെയാണ് സൗദിയ കൊണ്ടുപോകുന്നത്. നാഗ്പൂർ, ഇൻഡോർ, ഭോപാൽ, അഹമ്മദാബാദ്, ശ്രീനഗർ, റാഞ്ചി, ഗുവാഹത്തി, വിജയവാഡ, ഔറംഗബാദ്, ഗയ എന്നിവിടങ്ങളിൽനിന്നായി 43,400 തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെനിന്ന് ഗോ ഫസ്റ്റാണ് സർവിസ് നടത്തുക. വിസ്താര ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നായി 13,690 പേരെയും എയർഇന്ത്യ ചെന്നൈ, ജയ്പൂർ എന്നിവിടങ്ങളിൽനിന്നായി 10,318 പേരെയും കൊണ്ടുപോകും. ഫ്ലൈ അദീലിന് കൊൽക്കത്തയിൽനിന്നുള്ള കരാറാണ് ലഭിച്ചത്. ഇവിടെ 14,880 തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്: കോവിഡ് വാക്സിൻ ക്ഷാമം ഹജ്ജ് അപേക്ഷകരെ ആശങ്കയിലാഴ്ത്തി. നേരത്തെ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കാണ് ആശങ്ക. ഹജ്ജ് വിസക്ക് അപേക്ഷിക്കുമ്പോൾ രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഏപ്രിൽ അവസാനം ഹജ്ജ് വിസ അടിക്കും. അതിന് മുമ്പ് വാക്സിൻ കിട്ടുമോയെന്ന കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ ഒരു ഉറപ്പുമില്ല. സംസ്ഥാനത്ത് കൊല്ലം, തൃശൂർ എന്നീ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഒഴികെ എവിടെയും വാക്സിൻ ഇല്ല എന്നാണ് റിപ്പോർട്ട്. അതും കോവോ വാക്സ് ആണുള്ളത്.
നിരവധി ഹാജിമാർ നേരത്തെ വാക്സിൻ എടുക്കാത്തവരായുണ്ട്. ചിലർ ഒരു ഡോസ് കഴിഞ്ഞ ജനുവരിയിൽ എടുത്തതാണ്. രണ്ടാം ഡോസ് എടുക്കാൻ ചെല്ലുമ്പോഴാണ് വാക്സിൻ ഇല്ലെന്ന മറുപടി. കേന്ദ്രത്തിൽനിന്ന് വാക്സിൻ ലഭിക്കാത്തതാണ് പ്രശ്നം. രണ്ടാഴ്ച മുമ്പ് 3000 ഡോസ് വാക്സിന് കേരളം ആവശ്യപ്പെട്ടിരുന്നു. വീണ്ടും കോവിഡ് കൂടിവരുന്ന സാഹചര്യത്തിൽ വാക്സിൻ ആവശ്യം കൂടിവരുകയാണ്. സർക്കാർ, സ്വകാര്യ ആശുപത്രികളിലുൾപ്പെടെ നേരത്തെ സംഭരിച്ച വാക്സിനുകൾ ഉപയോഗശൂന്യമായിപ്പോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.