മസ്കത്ത്: ഒമാനിൽനിന്ന് ആദ്യകാലത്ത് ഹജ്ജിന് നടന്നുപോയ വഴിയിലൂടെ വീണ്ടും നടന്ന് സ്വദേശിയായ ബഖീത് അൽ ഉമൈറി. സലാലയിൽനിന്ന് മക്കയിലേക്ക് നടക്കാനാരംഭിച്ച ഇദ്ദേഹം 52 നാളുകൾക്ക് ശേഷമാണ് സൗദിയിൽ എത്തിയത്. മക്ക ലക്ഷ്യമാക്കി ഇപ്പോഴും ഇദ്ദേഹം യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.
പണ്ട് കാലത്ത് ഒമാനിൽനിന്ന് നടന്നായിരുന്നു ഹജ്ജിന് പോയിരുന്നത്. 70 വർഷം മുമ്പുവരെ ഈ വഴിയിലൂടെ പലരും ഹജ്ജിന് പോയിരുന്നു. വ്യത്യസ്തമായ ഭൂപ്രകൃതിയും പർവ്വത നിരകളും താഴ്വരകളും മരുഭൂമികളും താണ്ടിയാണ് മക്കയിലെത്തിയത്. സലാലയിൽനിന്ന് യമൻ വഴിയായിരുന്നു കാൽനട യാത്ര.
58 കാരനായ അൽ ഉമൈറിക്ക് ആരോഗ്യകരമായ വെല്ലുവിളിയായിരുന്നില്ല ഈ നടത്തം, പൂർവികരുടെ വഴികളിലൂടെ നടന്ന് പോയി ഹജ്ജും ഉംറയും നിർവ്വഹിക്കുകയെന്നത് തീവ്രമായ ആവേശം കൂടിയായിരുന്നു. ഒമാൻ ആർമിയിലായിരുന്നു അൽ ഉമൈരി സേവനമനുഷ്ഠിച്ചിരുന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഉമൈരി ദോഫാർ മേഖലയിൽ ‘സാദാ ഫോർ വാക്കിങ് ആൻഡ് അഡ്വഞ്ചർ’ എന്ന ഗ്രൂപ്പിന് രൂപം നൽകി. കൾചറൽ സ്പോർട്സ് യൂത്ത് മന്ത്രാലയത്തിന്റെ അംഗീകാരം നേടിയാണ് ഉമൈറി യാത്ര ആരംഭിച്ചത്.
നടന്നുപോവുന്ന എല്ലാ ഇടങ്ങളിൽനിന്നും ജനങ്ങളുടെ സ്വീകരണവും ആതിഥ്യവും ഏറ്റുവാങ്ങിയാണ് ഉമൈർ വഴികൾ പിന്നിട്ടത്. 70 വർഷം മുമ്പുള്ള ഹജ്ജ് യാത്ര ഏറെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. സലാലയിൽനിന്ന് യമനിലെത്തി പിന്നീട് ഹദർമൗത്തിലൂടെ നജ്റാൻ വഴിയാണ് മക്കയിലെത്തിച്ചേർന്നിരുന്നത്. ഏറെ പ്രയാസം പിടിച്ച ഈ യാത്രക്ക് വലിയ ഒരുക്കങ്ങൾ ആവശ്യമാണ്. വെള്ളവും ഭക്ഷണവും കരുതിവെക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണ് തരണം ചെയ്യേണ്ടത്.
മരുഭൂമിയിലെ കടും ചൂടും വഴിതെറ്റാനുള്ള സാധ്യതകളും വലിയ വെല്ലുവിളിയാണ്. ചില യാത്രകളിൽ മരുഭൂമിയിൽ പരിചയമുള്ള വഴികാട്ടികളുടെ സേവനങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരം യാത്രക്ക് ഒട്ടകങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. യാത്രക്കിടയിൽ കാണുന്ന മരുപ്പച്ചകളിൽ വിശ്രമിച്ചും ഭക്ഷണം പാകം ചെയ്തും വെള്ളം ശേഖരിച്ചുമൊക്കെയാണ് യാത്ര തുടരുന്നത്. യാത്രക്കിടെ ഉണ്ടാകുന്ന മണൽക്കാറ്റുകളും മറ്റ് പ്രകൃതിക്ഷോഭങ്ങളും യാത്രക്കാരുടെ ജീവന് തന്നെ ചിലപ്പോൾ ഭീഷണിയാവും. കരുതി വെച്ചിരുന്ന വെള്ളവും മറ്റും തീർന്ന് പോകുന്ന വേളകളിൽ കടുത്ത ദാഹം സഹിച്ചും മരണം മുന്നിൽ കണ്ടുമായിരിക്കും യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.